- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പൊലീസ്; അനാവശ്യ ഇടപെടല്‍ മൂലം മഠത്തില്‍ വരവ് പേരിന് മാത്രമുള്ള ചടങ്ങാക്കി; വെടിക്കെട്ടിന് ഒരുക്കങ്ങള്‍ നടത്താന്‍ പോലും സമ്മതിച്ചില്ല; ഹൈക്കോടതിയില്‍ എതിര്‍സത്യവാങ്മൂലം നല്‍കി തിരുവമ്പാടി ദേവസ്വം
തൃശൂര്‍ പൂരം അലങ്കോലമാക്കിയത് പൊലീസ്: തിരുവമ്പാടി ദേവസ്വം
കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനെ ചൊല്ലിയുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ തുടരുന്നു. പൂരം അലങ്കോലമാക്കിയതു പൊലീസെന്നാണ് തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയില്‍ അറിയിച്ചത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഉള്‍പ്പെടെ ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജികളിലാണു തിരുവമ്പാടി ദേവസ്വത്തിനായി സെക്രട്ടറി ഗിരീഷ് കുമാര്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയത്. പൊലീസ് ഇടപെടലിനു കാരണമായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
പൂരവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും പൊലീസ് നടപടി അനാവശ്യവും അകാരണവും അടിസ്ഥാന രഹിതവുമായിരുന്നെന്നു എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. വെടിക്കെട്ടിനുവേണ്ട സാമഗ്രികള്‍ തയാറാക്കാന്‍ പോലും പൊലീസ് തിരുവമ്പാടിയുടെ അംഗീകൃത തൊഴിലാളികളെയും വെടിക്കെട്ട് നടത്തുന്ന ലൈസന്‍സുള്ളവരെയും അനുവദിച്ചില്ല.
പൊതുജനങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ബല പ്രയോഗം നടത്തിയ പൊലീസിന്റെ അനാവശ്യ ഇടപെടല്‍മൂലം മഠത്തില്‍വരവ് പേരിനു മാത്രമുള്ള ചടങ്ങായി ചുരുക്കേണ്ടിവന്നു. പൊലീസ് നടപടികള്‍ ഏകപക്ഷീയമായിരുന്നു. പൊലീസ് അപക്വമായാണു പെരുമാറിയത്. പൂരത്തെക്കുറിച്ചും ആചാരങ്ങളെക്കുറിച്ചും അറിവില്ലായ്മ മൂലമാകാം ഇത്തരത്തില്‍ പെരുമാറിയത്. എഴുന്നള്ളിപ്പ് പൊലീസ് തടസ്സപ്പെടുത്തിയെന്നും എതിര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതിനു പിന്നില്‍ തിരുവമ്പാടി ദേവസ്വത്തിന്റെയും ബിജെപിയുടെയും ഗൂഢാലോചനയാണെന്നു കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് സഹിതം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ നേരത്തെ സത്യവാങ്മൂലം നല്‍കിയിരുന്നു. പൊലീസിനെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു. ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍ അടക്കം നല്‍കിയ ഹര്‍ജിയിലാണു മേയ് 21ലെ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എതിര്‍സത്യവാങ്മൂലം നല്‍കിയത്.
പൂരം അലങ്കോലമാക്കി ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വാധീനമുണ്ടാക്കാനുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ശ്രമങ്ങളെ സഹായിക്കുന്ന പ്രവൃത്തി തിരുവമ്പാടി ദേവസ്വം പ്രതിനിധികളുടെ ഭാഗത്ത് നിന്നുണ്ടായി എന്ന സംശയം ഉയര്‍ന്നിട്ടുണ്ടെന്നാണ് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ആരോപിച്ചത്. ആംബുലന്‍സില്‍ നിയമം ലംഘിച്ച് വന്നിറങ്ങുകയും പൂരം നിര്‍ത്തിവയ്ക്കുന്നതിന് പ്രകോപിപ്പിക്കുന്ന തരത്തിലും തെരഞ്ഞെടുപ്പ് താത്പര്യങ്ങള്‍ക്ക് സഹായകരമാകുന്ന വിധത്തിലും സുരേഷ് ഗോപി ഇടപെടാന്‍ ശ്രമിച്ചു.
താനിടപ്പെട്ട് പൂരം പ്രതിസന്ധി പരിഹരിച്ചെന്ന അസത്യവാര്‍ത്തകളും സുരേഷ് ഗോപി നല്‍കി. സുരേഷ് ഗോപിയും തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി വിഷയത്തില്‍ പരസ്യമായി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ത്തിയത് സമൂഹത്തില്‍ അവമതിപ്പ് സൃഷ്ടിച്ചു. തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ഗൂഢാലോചന നടന്നുവെന്ന സംശയം ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് ഇവയെല്ലാം.
തൃശൂര്‍ പൂരത്തിന്റെ ചരിത്രത്തിലാദ്യമായി പങ്കാളി ക്ഷേത്രത്തിന്റെ പിടിവാശിമൂലം പൂരം ഏകപക്ഷീയമായി ചടങ്ങ് മാത്രമായി ചുരുക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന എഴുന്നള്ളിപ്പിന് ദൂരപരിധി പാലിക്കുന്നതിനും, വെടിക്കെട്ടിന്റെ നടത്തിപ്പില്‍ അനാവശ്യമായി ഇടപെടുന്നതിലും പൊലീസിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ക്ഷേത്രത്തിനകത്ത് ചെരിപ്പിട്ട് പ്രവേശിച്ചതും ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും പൊലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് റിപ്പോര്‍ട്ട്.
പൂരത്തിന് മുന്നോടിയായി പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ സമ്മര്‍ദ തന്ത്രം ഉയര്‍ത്തി പ്രതിസന്ധി സൃഷ്ടിക്കാറുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. വരും വര്‍ഷങ്ങളിലും ഇത്തരം പ്രതിസന്ധികളും സമ്മര്‍ദ തന്ത്രങ്ങളും പ്രതീക്ഷിക്കാമെന്നും, അതിനാല്‍ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതിക്ക് രൂപം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.