- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് കേസ്: വിചാരണ നടക്കുമ്പോള്‍ അതിജീവിതയെ സ്വാധീനിച്ച് ഒത്തു തീര്‍ക്കാന്‍ ശ്രമം; വിചാരണ കോടതി തടഞ്ഞപ്പോള്‍ ഹൈക്കോടതിയില്‍ അപ്പീലുമായി പ്രതികള്‍; മൂന്നു പ്രതികളെ മുപ്പതും നാല്‍പ്പതും വര്‍ഷം തടവിന് വിധിച്ച് വിചാരണക്കോടതി
പോക്സോ കേസില്‍ മൂന്നു പ്രതികള്‍ക്ക് മുപ്പതും നാല്‍പ്പതും വര്‍ഷം തടവ്
അടൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികളെ കഠിന തടവിനും പിഴയൊടുക്കാനും ശിക്ഷിച്ച് അടൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി. അതിജീവിതയുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാനുള്ള ശ്രമം കോടതി തടയുകയും ഹൈക്കോടതി അത് ശരി വയ്ക്കുകയും ചെയ്തതോടെയാണ് മൂന്ന് പ്രതികള്‍ക്കും കഠിനമായ ശിക്ഷ ലഭിച്ചത്.
താമരക്കുളം കോട്ടക്കാട്ടുശേരില്‍ ചിറമൂല വടക്കേതില്‍ അനൂപ് (24), നൂറനാട് പാലമേല്‍ കാവിലമ്മകാവ് ചിട്ടിശേരി ശക്തി നിവാസില്‍ ശക്തി (20), താമരക്കുളം കോട്ടക്കാട്ടുശേരില്‍ പയറ്റുംവിള മീനത്തേതില്‍ അഭിജിത്ത് (21) എന്നിവരെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്സോ ആക്ട് പ്രകാരവും കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. അനൂപിന് 30 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ശക്തിക്ക് 40 വര്‍ഷം കഠിന തടവും 1,30,000 രൂപ പിഴയും അഭിജിത്തിന് 30 വര്‍ഷം കഠിന തടവും 1,20,000 രൂപ പിഴയും ആണ് വിധിച്ചത്.
2022 ഡിസംബര്‍ 25 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിജീവിതയെ വീട്ടില്‍ നിന്നും കടത്തിക്കൊണ്ടുപോയി പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.എസ്.എച്ച്.ഓ ആയിരുന്ന എസ്. ശ്രീകുമാര്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ ഡിവൈ.എസ്.പി ആയിരുന്ന ആര്‍. ജയരാജ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി. സ്മിത ജോണ്‍ ഹാജരായി. പിഴത്തുക അടയ്ക്കുന്ന പക്ഷം ആയത് അതിജീവിതയ്ക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേസിന്റെ വിസ്താര വേളയില്‍ അതിജീവിതയെ സ്വാധീനിച്ച് കേസ് ഒത്തുതീര്‍പ്പ് ആക്കുവാന്‍ പ്രതികള്‍ നടത്തിയ ശ്രമം കോടതി അനുവദിച്ചില്ല. ഇതിനെതിരേ ഹൈക്കോടതിയില്‍ പ്രതികള്‍ ബോധിപ്പിച്ച ഹര്‍ജി തള്ളി ഉത്തരവായ ശേഷമാണ് കോടതി വാദം പൂര്‍ത്തിയാക്കി വിധി പ്രസ്താവിച്ചത്. കേസിലെ ഒന്നും മൂന്നും പ്രതികള്‍ക്കെതിരെ അടൂര്‍ ഫാസ്റ്റ് കോടതിയില്‍ പോക്സോ കേസുകള്‍ നിലവിലുണ്ട്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്