- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശ്രിത നിയമനം നല്‍കുന്നത് പൊതുജനസേവകര്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിരിക്കെ മരിച്ചാല്‍; എം എല്‍ എ ആയിരിക്കെ ജനപ്രതിനിധി മരിച്ചാലും ആശ്രിതനിയമനം നല്‍കാന്‍ വ്യവസ്ഥയില്ലെന്ന് ചൂണ്ടിക്കാട്ടിയത് ഹൈക്കോടതി; ആര്‍ പ്രശാന്തിന്റെ നിയമനം ചട്ടപ്രകാരമെന്ന വാദം വിലപ്പോയില്ല; സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോല്ക്കാന് കാരണങ്ങള്‍ ഇങ്ങനെ
സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോല്ക്കാന് കാരണങ്ങള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: കേളത്തില്‍ ഏറെ വിവാദമായ നിയമനമായിരുന്നു ചെങ്ങന്നൂര്‍ മുന്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍ പ്രശാന്തിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കിയ വിഷയം. കേരള സര്‍ക്കാര്‍ പ്രത്യേകം തസ്തിക സൃഷ്ടിച്ചു നടത്തിയ ഈ നിയമനം കോടതി കയറി. വിഷയം സുപ്രീംകോടതിയില്‍ എത്തിയതോടെ സംസ്ഥാന സര്‍ക്കാറും ഇക്കാര്യത്തില്‍ മറുപടി പറയേണ്ട അവസ്ഥയിലെത്തി.
ഒരു മുന്‍ എം.എല്‍.എയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നല്‍കുന്നതെന്നാണ് സുപ്രീം കോടതി പ്രധാനമായി ഉന്നയിച്ച ചോദ്യം. എന്നാല്‍, മതിയായ യോഗ്യതകള്‍ പ്രശാന്തിനുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് നിയമനം നല്‍കിയതെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്.
കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവ് ഇറക്കാന്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് അധികാരമുണ്ടോയെന്ന കാര്യമാണ് സുപ്രീം കോടതി പരിശോധിച്ചത്. നിയമനം ചട്ടങ്ങള്‍ പ്രകാരം ആണെന്ന് കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരി സുപ്രീം കോടതിയില്‍ വാദിച്ചു. കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമുണ്ട്. പ്രശാന്തിന് ആവശ്യമായ യോഗ്യതകളുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ വാദിച്ചു. പ്രശാന്തിന്റെ നിയമനം കാരണം ആര്‍ക്കും അവസരം നഷ്ടപ്പെട്ടില്ലെന്നും പ്രശാന്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി. ഗിരിയും, അഭിഭാഷകന്‍ മുഹമ്മദ് സാദിഖും കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, പ്രശാന്തിന് ആശ്രിത നിയമനത്തിന് അര്‍ഹത ഉണ്ടോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. ആശ്രിത നിയമനമല്ല നല്‍കിയതെന്ന് പ്രശാന്തിന്റെ അഭിഭാഷകര്‍ മറുപടി നല്‍കി. എന്നാല്‍ പ്രശാന്ത് നിയമനത്തിനായി പരീക്ഷ എഴുതുകയോ, ഇന്റര്‍വ്യൂവിന് ഹാജരാകുകയോ ചെയ്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം കേരള സബോര്‍ഡിനേറ്റ് സര്‍വീസ് ചട്ടം 39 പ്രകാരം തസ്തിക സൃഷ്ടിച്ച് നിയമന ഉത്തരവിറക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടോ എന്നകാര്യമാണ് കോടതി പരിശോധിച്ചത്.
പ്രശാന്തിന്റെ നിയമനം ചട്ടങ്ങള്‍ പാലിച്ചാണെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയും, സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയും വാദിച്ചു. നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഇരുവരും കോടതിയില്‍ ആവശ്യപ്പെട്ടു. പ്രശാന്തിന് നിയമനം നല്‍കിയതിനാല്‍ തന്റെ അവസരം നഷ്ടമായെന്ന് ആരോപിച്ച് ഇടുക്കി സ്വദേശി അകസ് ജി കമല്‍ എന്ന വ്യക്തിയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ആശ്രിത നിയമനം സംബന്ധിച്ച് കൃത്യമായ സര്‍വീസ് ചട്ടങ്ങള്‍ സംസ്ഥാനത്തിനുണ്ട്. കേരള സബോഡിനേറ്റ് സര്‍വീസ് ചട്ടം പ്രകാരം തസ്തിക സൃഷ്ടിച്ച് ഇത്തരത്തിലൊരു നിയമനം നടത്താന്‍ മന്ത്രിസഭയ്ക്ക് കഴിയുമോയെന്ന കാര്യവും സുപ്രീം കോടതി പരിശോധിച്ചു. ഒരു എം.എല്‍.എയുടെ മകന് ഇത്തരത്തിലൊരു നിയമനം നല്‍കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.
പൊതുതാത്പര്യ ഹര്‍ജിയില്‍ നിയമനം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. നിയമനത്തിനായി പ്രത്യേക തസ്തിക രൂപീകരിക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരം ഉണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു.
അതേസമയം, പ്രശാന്ത് സര്‍വീസില്‍ ഇരുന്ന കാലത്ത് വാങ്ങിയിരുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും തിരിച്ച് പിടിക്കരുതെന്ന് ഹര്‍ജികാരന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്. 2018 ജനുവരിയിലായിരുന്നു കെ.കെ. രാമചന്ദ്രന്‍ നായരുടെ മകന്‍ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ആശ്രിത നിയമനം നല്‍കിയത്.
അന്തരിച്ച മുന്‍ എംഎല്‍എ കെ.കെ രാമചന്ദ്രന്‍ നായരുടെ മകന്‍ ആര്‍. പ്രശാന്തിന് 2018 ജനുവരിയിലാണ് പൊതുമരാമത്ത് വകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ പ്രത്യേക തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കുവാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചത്. എന്നാല്‍ നിയമനം ഭരണഘടനയുടെ 14, 16 അനുച്ഛേദങ്ങളുടെ ലംഘനം ആണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി റദ്ദാക്കി. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാരും, പ്രശാന്തും സുപ്രീം കോടതിയെ സമീപിച്ചത്.
2021 ഡിസംബര്‍ മൂന്നിനാണ് നിയമനം റദ്ദാക്കി ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. എത്രയുംവേഗം പ്രശാന്തിനെ ജോലിയില്‍നിന്ന് നീക്കാനും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതിനെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പീല്‍ തള്ളിയാണ് സുപ്രീം കോടതിയുടെ വിധി.
പൊതുമരാമത്ത് വകുപ്പില്‍ അസി. എന്‍ജിനീയറായി സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് രാമചന്ദ്രന്‍ നായരുടെ മകന് ജോലി നല്‍കിയത്. 2018ല്‍ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിന് പിന്നാലെയായിരുന്നു നിയമനം. പിതാവ് മരിച്ച ഒഴിവില്‍ നിയമസഭ സീറ്റ് ആവശ്യപ്പെടാതിരിക്കാന്‍ മകന് സര്‍ക്കാര്‍ ജോലി നല്‍കി ഒഴിവാക്കിയതാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാല്‍, നിര്‍ദിഷ്ട യോഗ്യതയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാറിനുള്ള പ്രത്യേക അധികാരം വിനിയോഗിച്ച് നിയമപരമായാണ് നിയമനം നല്‍കിയതെന്നായിരുന്നു സര്‍ക്കാര്‍ വാദം. മന്ത്രിസഭ തീരുമാന പ്രകാരമാണ് എന്‍ജിനീയറിങ് ബിരുദധാരിയായ പ്രശാന്തിനെ മതിയായ യോഗ്യതയുടെ അടിസ്ഥാനത്തില്‍ അസി. എന്‍ജിനീയറായി നിയമിച്ചത്. ഈ തസ്തികയില്‍ പ്രത്യേക നിയമനം നടത്തിയത് തന്നെ ബാധിച്ചതായി ഹര്‍ജിക്കാരന് പരാതിയില്ലെന്നും സര്‍ക്കാര്‍ വാദിച്ചിരുന്നു.
എന്നാല്‍, പൊതുജനസേവകന്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചാലാണ് ചില വ്യവസ്ഥകള്‍ക്ക് വിധേയമായി ആശ്രിതര്‍ക്ക് നിയമനം നല്‍കുന്നതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എം.എല്‍.എ ആയിരിക്കെത്തന്നെ ജനപ്രതിനിധി മരിച്ചാലും ആശ്രിതനിയമനം നല്‍കാന്‍ വ്യവസ്ഥയില്ല. അതിനാല്‍, ഈ നിയമനം നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് പ്രശാന്തിന് ആശ്രിതനിയമനം നല്‍കാനുള്ള 2018 ഏപ്രില്‍ ആറിലെ സര്‍ക്കാര്‍ ഉത്തരവും ഏപ്രില്‍ പത്തിലെ നിയമന ഉത്തരവും കോടതി റദ്ദാക്കിയത. ഈ വിധിയാണ് സുപ്രീംകോടതി ഇപ്പോള്‍ ശരിവെച്ചത്.