തിരുവനന്തപുരം: സിറാജ് ദിന പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഐ. എ. എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ വിചാരണ മുടങ്ങി. പ്രതിഭാഗ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് രണ്ടാം നിലയിലെ കോടതിയില്‍ കയറാന്‍ കഴിയില്ലെന്ന കാരണത്താല്‍ വിചാരണ മറ്റൊരു കോടതിയിലേക്കു മാറ്റണം എന്ന ആവശ്യം കോടതി അനുവദിച്ചു.

ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണികഴിപ്പിച്ച 'എച്ച് 'മോഡല്‍ ഓടിട്ട രണ്ടു നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വിചാരണ കോടതിയിലേക്ക് ഗോവണി പടികള്‍ കയറാന്‍ സാധിക്കാത്ത അവശതയുള്ളതിനാല്‍ കോടതി മാറ്റം വേണമെന്നാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കും വരെ സാക്ഷിവിസ്താരം മാറ്റി വച്ചു. സാക്ഷി സമന്‍സ് റദ്ദാക്കിയ കോടതി നേരത്തേ അയച്ച സമന്‍സുകള്‍ തിരികെ വിളിപ്പിച്ചു. കേസ് 19 ന് മാറ്റി. ഡിസംബര്‍ 2 ന് വിചാരണ തുടങ്ങാന്‍ കോടതി നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഡിസംബര്‍ 2 മുതല്‍ 18 വരെയായി 95 സാക്ഷികളെ വിസ്തരിക്കാനാണ് കോടതി ഉത്തരവിട്ടത്. വിവിധ തീയതികളിലായി 95 സാക്ഷികള്‍ ഹാജരാകാനും കോടതി ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് പ്രതിയെ വിചാരണ ചെയ്യാന്‍ ഉത്തരവിട്ടത്.