ന്യൂഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഏകാദശി ദിനമായ ഇന്ന് ഉദയാസ്തമയ പൂജ മാറ്റിയതില്‍ ദേവസ്വം ബോര്‍ഡിന് സുപ്രീംകോടതിയുടെ വിമര്‍ശനം. ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിക്ക് നോട്ടീസ് നല്‍കി. ആചാരങ്ങള്‍ അതേപടി തുടരണമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. ആചാരമല്ല വഴിപാടാണ് പൂജയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി.

വൃശ്ചിക മാസത്തിലെ പൂജ തുലാമാസത്തിലേക്ക് മാറ്റിയതിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. വെബ്സൈറ്റിലെ പൂജയുടെ പട്ടിക അത് പോലെ നിലനിറുത്തണമെന്നും ആചാരങ്ങള്‍ അതേപടി തുടരേണ്ടതായിരുന്നുവെന്നും കോടതി വ്യക്തമാക്കി. തിരക്കു നിയന്ത്രിക്കാനാണ് ഏകാദശി ദിനത്തില്‍, ഉദയാസ്തമന പൂജ വേണ്ടെന്നു വച്ചത്. തന്ത്രി കുടുംബം ഇതില്‍ വിയോജിപ്പ് പറഞ്ഞ് സുപ്രീംകോടതിയെ സമീപിച്ചു.

പൂജ ഒഴിവാക്കിയതിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഉദയാസ്തമന പൂജ വഴിപാടാണ് ആചാരമല്ലെന്ന ദേവസ്വം ബോര്‍ഡിന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചില്ല. തന്ത്രിയും ഭരണസമിതിയും ചേര്‍ന്ന് ഏങ്ങനെ പൂജ മാറ്റാന്‍ തീരുമാനിക്കുമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് ജെ.കെ.മഹേശ്വരിയാണ് വാദം കേട്ടത്. ദേവസ്വം അഭിഭാഷകനും ജഡ്ജിയും തമ്മില്‍ ഇതേചൊല്ലി തര്‍ക്കമുണ്ടായി.

പൂജ മാറ്റുന്നത് ആചാരത്തിന്റെയും ദേവഹിതത്തിന്റെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കുടുംബമായ ചേന്നാസ് ഇല്ലമാണ് ഹര്‍ജി നല്‍കിയത്. ഉദയാസ്തമയ പൂജ തുലാം മാസത്തിലെ ഏകാദശി ദിനത്തില്‍ നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

വന്‍തിരക്കുണ്ടാകുന്ന ഏകാദശി ദിവസം ഉദയാസ്തമയ പൂജ നടന്നാല്‍ ഭക്തര്‍ക്ക് അസൗകര്യമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പൂജ മാറ്റാന്‍ ഭരണസമിതി തീരുമാനിച്ചത്. പൂജ ആചാരമല്ല വഴിപാടാണെന്നാണ് ഭരണസമിതിയുടെ വാദം. എന്നാല്‍ ഉദയാസ്തമയ പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും ഇത് ആചാരലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. പൂജ മാറ്റണമെങ്കില്‍ അഷ്ടമംഗല്യ പ്രശ്നം വയ്ക്കണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപെട്ടത്.