കൊച്ചി: വാറന്റി കാലാവധി നിലനില്‍ക്കെ, തകരാറിലായ എ.സി. കംപ്രസ്സര്‍ സൗജന്യമായി മാറ്റിസ്ഥാപിച്ചു നല്‍കുന്നതിനു പകരം, 15,000 അധികമായി നല്‍കി പുതിയ എയര്‍ കണ്ടീഷണര്‍ വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിച്ച നിര്‍മ്മാതാവിന്റെ നടപടി അധാര്‍മിക വ്യാപാര രീതിയും സേവനത്തിലെ ന്യൂനതയും ആണെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.

വല്ലാര്‍പ്പാടം സ്വദേശിയായ സുദര്‍ശനന്‍ സി.ആര്‍. 2018-ല്‍ വാങ്ങിയ ഗോദ്‌റേജ് കമ്പനിയുടെ സ്പ്ലിറ്റ് എയര്‍ കണ്ടീഷണറിന്റെ ഏഴ് വര്‍ഷത്തെ കംപ്രസ്സര്‍ വാറന്റി നിലനില്‍ക്കെ, 2024 മാര്‍ച്ചിലാണ് കൂളിംഗ് കുറഞ്ഞതിനെ തുടര്‍ന്ന് പരാതിയുമായി കമ്പനിയെ സമീപിച്ചത്. പരിശോധനയ്ക്ക് ശേഷം കംപ്രസ്സറിന് പൂര്‍ണ്ണമായും തകരാറുണ്ടെന്ന് ടെക്‌നീഷ്യന്‍ സ്ഥിരീകരിച്ചെങ്കിലും, ഈ മോഡലിനായുള്ള കംപ്രസ്സര്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മ്മാതാവ് വാറന്റി സേവനം നിഷേധിക്കുകയായിരുന്നു.

?വാറന്റി കാലയളവില്‍ ഉല്‍പ്പന്നത്തിലെ തകരാര്‍ പരിഹരിക്കാതെ, 15,000/ രൂപ അധികമായി നല്‍കിയാല്‍ മാത്രമേ പുതിയ എ.സി. നല്‍കാന്‍ സാധിക്കൂ എന്ന് കമ്പനി ഉപഭോക്താവിനെ അറിയിച്ചു. വാറന്റി പാലിക്കുന്നത് പുതിയ ഒരു ഉല്‍പ്പന്നം വാങ്ങുന്നതുമായി ബന്ധിപ്പിച്ച നിര്‍മ്മാതാവിന്റെ ഈ നടപടി നിയമപരമായി ന്യായീകരിക്കാന്‍ കഴിയില്ലെന്ന് ഡി.ബി ബിനു അധ്യക്ഷനും വി.രാമചന്ദ്രന്‍, ടി.എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.

നിര്‍മ്മാതാവിന്റെ ഇത്തരം നടപടികള്‍ ഉപഭോക്തൃ സംരക്ഷണ നിയമം 2019, സെക്ഷന്‍ 2(47) പ്രകാരമുള്ള 'അന്യായ വ്യാപാര രീതി'യാണ്. മാത്രമല്ല, വറന്റി കാലയളവില്‍ സേവനം നല്‍കുന്നതിന് പകരം, മറ്റൊരു ഉല്‍പ്പന്നം വാങ്ങാന്‍ നിര്‍ബന്ധിച്ചത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിരോധിച്ച 'നിയന്ത്രിത വ്യാപാര രീതിയാണ്( Restrictive Trade Practice ).

?വാറന്റി നിലനില്‍ക്കുമ്പോള്‍ സ്‌പെയര്‍ പാര്‍ട്സുകളുടെ ലഭ്യതയില്ലായ്മ ചൂണ്ടിക്കാട്ടി സേവനം നിഷേധിക്കുന്നത് ഉപഭോക്ത സംരക്ഷണ നിയമം പ്രകാരം 'സേവനത്തിലെ ന്യൂനത'യാണ്. വേനല്‍ക്കാലത്ത് എ.സി. പ്രവര്‍ത്തിക്കാതിരുന്നത് ഉപഭോക്താവിന് കനത്ത ബുദ്ധിമുട്ടുണ്ടാക്കിയതായും കോടതി വിലയിരുത്തി.

?ഒന്നാം എതിര്‍കക്ഷിയായ ഫ്രിഡ്ജ് നിര്‍മാണ കമ്പനി, ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം തകരാറിലായ കംപ്രസ്സര്‍ സൗജന്യമായി മാറ്റി സ്ഥാപിക്കുകയും മാറ്റി സ്ഥാപിച്ച കംപ്രസ്സറിന് 12 മാസത്തെ പുതിയ വാറന്റി നല്‍കുകയും വേണം. സമയപരിധിക്കുള്ളില്‍ റിപ്പയര്‍ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, അടുത്ത 15 ദിവസത്തിനകം ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം തുല്യമോ മികച്ചതോ ആയ പുതിയ എ.സി. നല്‍കുകയോ, അല്ലെങ്കില്‍ ഇന്‍വോയ്‌സ് പ്രകാരമുള്ള മുഴുവന്‍ വിലയും (പരാതി ഫയല്‍ ചെയ്ത തീയതിയായ 28.06.2024 മുതല്‍ 9% വാര്‍ഷിക പലിശ സഹിതം) തിരികെ നല്‍കുകയോ ചെയ്യണം.

?കൂടാതെ, സേവനത്തിലെ ന്യൂനതയും അന്യായ വ്യാപാര രീതികളും കാരണം ഉപഭോക്താവിന് നേരിട്ട മാനസിക ബുദ്ധിമുട്ടിനും സാമ്പത്തിക നഷ്ടത്തിനും നഷ്ടപരിഹാരമായി 20,000/ രൂപയും കോടതി ചെലവായി 5,000/ രൂപയും 45 ദിവസത്തിനകം പരാതിക്കാരന്‍ നല്‍കണമെന്ന് എതിര്‍കക്ഷികള്‍ക്ക് കോടതി ഉത്തരവ് നല്‍കി