ന്യൂഡല്‍ഹി: നടന്‍ മോഹന്‍ലാല്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി നടപടിയെടുത്തു. വ്യക്തിഗത അവകാശങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള ലിങ്കുകളും വീഡിയോകളും നീക്കം ചെയ്യാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ ശബ്ദം ക്ലോണ്‍ ചെയ്യുകയും ചിത്രങ്ങളും വീഡിയോകളും അനുമതിയില്ലാതെ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്.

മെറ്റയടക്കമുള്ള സോഷ്യല്‍ മീഡിയ ഭീമന്മാരെയും ഒരു ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് സ്ഥാപനത്തെയും എതിര്‍കക്ഷിയാക്കിയാണ് മോഹന്‍ലാല്‍ ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് ജ്യോതി സിംഗാണ് കേസ് പരിഗണിച്ചത്. തന്റെ അനുമതിയില്ലാതെ വ്യാജ ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ശബ്ദം ക്ലോണ്‍ ചെയ്യുന്നതും വ്യക്തിഗത അവകാശങ്ങളുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ സമര്‍പ്പിച്ച ലിങ്കുകള്‍ നീക്കം ചെയ്യാനും വ്യക്തിപരമായ അവകാശങ്ങളെ ലംഘിക്കുന്ന എല്ലാ വീഡിയോകളും നീക്കം ചെയ്യാനുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം.

നടന്റെ ചിത്രം അനുമതിയില്ലാതെ എന്തിനാണ് ഉപയോഗിച്ചതെന്ന് ഒരു ഓണ്‍ലൈന്‍ ഇ-കൊമേഴ്സ് സ്ഥാപനത്തോട് കോടതി ആരാഞ്ഞു. അനധികൃതമായി ഉപയോഗിച്ചവ നീക്കം ചെയ്യുമെന്ന് സ്ഥാപനം കോടതിയെ അറിയിച്ചു. വ്യക്തിഗത അവകാശങ്ങള്‍ ലംഘിച്ച ലിങ്കുകള്‍ നീക്കം ചെയ്തതിനെക്കുറിച്ച് ഇന്ന് വൈകുന്നേരം നാലരയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എതിര്‍കക്ഷികളോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മോഹന്‍ലാലിനുവേണ്ടി അഭിഭാഷകരായ എം.എഫ്. ഫിലിപ്പ്, ശ്രീഹരി ഇന്ദു കലാധരന്‍, സ്മിത ദാമോദരന്‍ നായര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. കേസ് ജൂലൈ നാലിന് ഡല്‍ഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും.