- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് സുപ്രീം കോടതിയിലേക്ക് നിയമനം ലഭിച്ച അപൂര്‍വ്വം ജഡ്ജിമാരില്‍ ഒരാള്‍; അച്ഛന്റെ വഴിയേ നീതിപീഠത്തിലെത്തിയ മകന്; ചീഫ് ജസ്റ്റീസ് ചന്ദ്രചൂഡിന്റെ ശുപാര്‍ശ മോദി സര്‍ക്കാര്‍ അംഗീകരിച്ചു; സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുമ്പോള്‍
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേല്‍ക്കും. നവംബര്‍ പത്തിന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിരമിക്കുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ഖന്നയെ നിയമിക്കുന്നത്. കേന്ദ്ര നിയമ മന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് ഇക്കാര്യം അറിയിച്ചത്. നവംബര്‍ 11-ന് സുപ്രീം കോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഖന്ന ചുമതലയേല്‍ക്കും.
1983 ലാണ് ജസ്റ്റിസ് ഖന്ന ഡല്‍ഹി ബാര്‍കൗണ്‍സിലില്‍ നിന്ന് എന്റോള്‍ ചെയ്യുന്നത്. ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്ത അദ്ദേഹം പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറി. ഡല്‍ഹി ഹൈക്കോടതിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ അഡീഷ്ണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും ഹാജരാവുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരം അഭിഭാഷക മികവ് ജഡ്ജിയെന്ന നിലയില്‍ ശോഭിക്കാനും കാരണമായിട്ടുണ്ട്.
സ്ഥാനമൊഴിയുന്നതിനു മുന്നോടിയായി ചീഫ് ജസ്റ്റിസ് ഏറ്റവും സീനിയര്‍ ജഡ്ജിയെ തന്റെ പിന്‍ഗാമിയായി ശുപാര്‍ശ ചെയ്യുന്നതാണ് കീഴ് വഴക്കം. അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ശുപാര്‍ശ ചെയ്തിരുന്നു. നിയമമന്ത്രാലയത്തിനുള്ള ശുപാര്‍ശക്കത്ത് ജസ്റ്റിസ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് കൈമാറുകയും ചെയ്തു. ഇത് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. 2019 ജനുവരി 18-ന് സുപ്രീം കോടതി ജഡ്ജിയായ ജസ്റ്റിസ് ഖന്ന 2025 മേയ് 13-നാണ് വിരമിക്കുക. ചീഫ് ജസ്റ്റിസ് പദവിയില്‍ അദ്ദേഹം ആറുമാസം ഉണ്ടാകും. സുപ്രീം കോടതി ജഡ്ജിമാരുടെ വിരമിക്കല്‍ പ്രായം 65 ആണ്.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ് രാജ് ഖന്നയുടെയും ഡല്‍ഹിയിലെ ലേഡി ശ്രീറാം കോളേജില്‍ ഹിന്ദി ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് സഞ്ജീവ് ഖന്ന. 1960 മേയ് 14-നാണ് സഞ്ജീവ് ഖന്ന ജനിച്ചത്. ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് നിയമബിരുദമെടുത്തശേഷം ഡല്‍ഹിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്ന ഖന്ന 2005-ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. അടുത്തവര്‍ഷം ഡല്‍ഹി ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയുമായി.
1983 ലാണ് ജസ്റ്റിസ് ഖന്ന ഡല്‍ഹി ബാര്‍കൗണ്‍സിലില്‍ നിന്ന് എന്റോള്‍ ചെയ്തത്. ആദ്യം തീസ് ഹസാരി കോംപ്ലക്സിലെ ജില്ലാ കോടതികളില്‍ പ്രാക്ടീസ് ചെയ്തു. പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും മാറി. ആദായനികുതി വകുപ്പിന്റെ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം 2004-ല്‍ ഡല്‍ഹിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സലായി (സിവില്‍) നിയമിതനായി.
ഡല്‍ഹി ഹൈക്കോടതിയില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായും അമിക്കസ് ക്യൂറിയായും ഹാജരാകുകയും വാദിക്കുകയും ചെയ്തിട്ടുണ്ട്. 2005-ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 2006-ല്‍ സ്ഥിരം ജഡ്ജിയായി. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരിക്കെ, ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമി, ഡല്‍ഹി ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍, ജില്ലാ കോടതി മീഡിയേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ ചെയര്‍മാന്‍/ജഡ്ജ്-ഇന്‍-ചാര്‍ജ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
2019 ജനുവരി 18 നാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ഏതെങ്കിലും ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് തന്നെ സുപ്രീം കോടതിയിലേക്ക് നിയമനം ലഭിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് ജസ്റ്റിസ് ഖന്ന. 2023 ജൂണ്‍ 17 മുതല്‍ 2023 ഡിസംബര്‍ 25 വരെ സുപ്രീം കോടതി ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനായിരുന്നു. നിലവില്‍ നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനും ഭോപ്പാലിലെ നാഷണല്‍ ജുഡീഷ്യല്‍ അക്കാദമിയുടെ ഗവേണിംഗ് കൗണ്‍സല്‍ അംഗവുമാണ് ജസ്റ്റിസ് ഖന്ന.