കൊച്ചി: കെ ഫോണ്‍ കരാറില്‍ അഴിമതി ആരോപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ ഫോണില്‍ വലിയ അഴിമതി നടന്നെന്നായിരുന്നു വി.ഡി സതീശന്റെ ആരോപണം.

പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സി എ ജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി.

നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ വി.ഡി. സതീശനെ കോടതി വിമര്‍ശിച്ചിരുന്നു. പൊതുതാത്പര്യമാണോ പബ്ലിസിറ്റി താത്പര്യമാണോ ഹര്‍ജിക്ക് പിന്നില്‍ എന്ന് വാദത്തിനിടെ കോടതി വിമര്‍ശിച്ചിരുന്നു. ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്നും എല്ലാത്തിനും കോടതിയെ ഉപയോഗിക്കുന്നതെന്തിനാണെന്നും ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് ചോദിച്ചിരുന്നു. 2018-ലെ കരാര്‍ ഇപ്പോള്‍ ചോദ്യംചെയ്യുന്നത് എന്തിനാണെന്ന് കോടതി ആരാഞ്ഞു.ലോകായുക്തക്ക് എതിരായ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിന് പിന്‍വലിക്കേണ്ടി വന്നു.

ടെണ്ടര്‍ തുകയെക്കാള്‍ 10 ശതമാനത്തിലധികം തുക വര്‍ധിപ്പിച്ച് നല്‍കാന്‍ സാധിക്കില്ലെന്നിരിക്കേ 40 ശതമാനം വരെ വര്‍ധിപ്പിച്ചുകൊണ്ടാണ് കരാര്‍ നല്‍കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. കരാറിനു പിന്നില്‍ ആസൂത്രിതമായ അഴിമതി നടന്നിട്ടുണ്ടെന്നും വാദിച്ചിരുന്നു