- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജഡ്ജിയില്ലാത്ത ആദ്യ വർഷം; പബ്ലിക് പ്രോസിക്യൂട്ടർ വേണമോ എന്ന് സംശയിച്ച ഒന്നാം പിണറായി സർക്കാർ; പിന്നോക്ക ക്ഷേമത്തെ നയിക്കാൻ മന്ത്രി രാധാകൃഷ്ണൻ എത്തിയപ്പോൾ എല്ലാം ശരിയായി; രാജേഷ് എം മേനോന്റെ അഭിഭാഷക മികവ് മല്ലിയമ്മ തിരിച്ചറിഞ്ഞത് നിർണ്ണായകമായി; ഇടതു സർക്കാരിന് തലയുയർത്താം; അട്ടപ്പാടി മധുവിന് നീതിയൊരുങ്ങിയത് ഇങ്ങനെ
തൃശൂർ: അട്ടപ്പാടി മധു കേസിൽ ആദ്യഘട്ടത്തിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ സർക്കാർ താൽപര്യം കാണിച്ചില്ലെന്നും വിവാദം ഉയർന്നിരുന്നു. അതുകൊണ്ട് തന്നെ അട്ടപ്പാടി കേസിലെ വിധി പ്രോസിക്യൂഷനും സർക്കാരിനും അഭിമാനമാണ്. പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിയായി കെ രാധാകൃഷ്ണൻ എത്തിയതോടെ ഇടപെടൽ സ്വാഭാവം മാറി.
വിവാദങ്ങളെ തുടർന്ന് കേസിൽ പ്രോസിക്യൂട്ടറായി അഭിഭാഷകരായ ഗോപിനാഥിനെയും വി.ടി.രഘുനാഥിനെയും നിയമിച്ചെങ്കിലും അവർ ചുമതലയേറ്റില്ല. തുടർന്നു സി.രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് എം മേനോനെ അഡീഷനൽ പ്രോസിക്യൂട്ടറായും നിയമിച്ചു.ഇവർ 2022 ഫെബ്രുവരിയിൽ ചുമതലയേറ്റതോടെയാണ് വിചാരണ ആരംഭിച്ചത്. വിചാരണയുടെ തുടക്കത്തിൽ സാക്ഷികൾ തുടർച്ചയായി കൂറു മാറിയതിനെ തുടർന്ന് സി.രാജേന്ദ്രനെ പ്രോസിക്യൂഷൻ സ്ഥാനത്തു നിന്നു മാറ്റി രാജേഷ് എം. മേനോനെ നിയമിക്കണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം സർക്കാർ അംഗീകരിച്ചു. ഇത് നിർണ്ണായകമായി.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള നീക്കം സർക്കാർ മരവിപ്പിച്ചതും ജഡ്ജി നിയമനം വൈകുന്നതും കേസ് നടപടികളെ ബാധിച്ചെന്ന വിലയിരുത്തൽ വിവാദമായികുന്നു. കൊലപാതകം നടന്ന് തൊണ്ണൂറാം ദിവസം 11,640 പേജുള്ള കുറ്റപത്രം അന്വേഷണ ഉദ്യോഗസ്ഥനായ അഗളി ഡിവൈഎസ്‌പി മണ്ണാർക്കാട് എസ്സിഎസ്ടി സ്‌പെഷൽ കോടതിയിൽ സമർപ്പിച്ചു. പക്ഷേ കൊല്ലം ഒന്നായിട്ടും പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൂർത്തിയായില്ല.
സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആദിവാസി സംഘടനകളും മധുവിന്റെ കുടുംബവും ആവശ്യപ്പെട്ടതായിരുന്നു. അന്ന് നിയമമന്ത്രി എ.െക.ബാലൻ ഉറപ്പ് നൽകി മന്ത്രിസഭ തീരുമാനെടുത്തെങ്കിലും പിന്നീട് മരവിപ്പിച്ചു. ഇതെല്ലാം സംശയങ്ങൾക്ക് ഇട നൽകി. എന്നാൽ രണ്ടാം പിണറായി സർക്കാർ എത്തിയതോടെ എല്ലാം വേഗത്തിലായി. മധുവിന്റെ ദൃശ്യങ്ങള് പകർത്തിയ പ്രതികളുടെ എട്ടുമൊബൈൽ ഫോണുകളും , മുക്കാലി ജംക്്്ഷനിലെ മൂന്നു സിസിടിവി ക്യാമറകളും പ്രതികൾ സഞ്ചരിച്ച അഞ്ച് വാഹനങ്ങളും 165 പേരുടെ മൊഴിയും ഉൾപ്പെടുന്നതായിരുന്നു കുറ്റപത്രം. ഇത് എല്ലാ അർത്ഥത്തിലും അട്ടപ്പാടി മധുവിനുള്ള നീതിയൊരുക്കി.
സംഭവം നടന്ന് നാലുവർഷത്തിലേറെക്കഴിഞ്ഞാണ് കേസിൽ വിചാരണ ആരംഭിച്ചത്. പൊലീസ് കുറ്റപത്രം സമർപ്പിക്കുമ്പോൾ വിചാരണക്കോടതിയിൽ സ്ഥിരം ജഡ്ജിയുണ്ടായിരുന്നില്ല. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ (എസ്‌പി.പി.) നിയമിക്കുന്നതിൽ സംസ്ഥാനസർക്കാർ ആദ്യകാലത്ത് താത്പര്യക്കുറവ് കാട്ടി. ഒരൊറ്റ കേസിനുവേണ്ടിമാത്രം ഒരു എസ്‌പി.പി.യെ നിയമിക്കുകയോ എന്നായിരുന്നു സർക്കാരിന്റെ സംശയം. ആ പദവിയിൽ ആളുകൾ മാറിമാറിവന്നതും കേസിന് തിരിച്ചടിയായി.
ആദ്യം അഡ്വ. പി. ഗോപിനാഥിനെയാണ് എസ്‌പി.പി.യായി നിയമിച്ചത്. പക്ഷേ, അട്ടപ്പാടിയിൽ ഓഫീസും താത്കാലിക താമസസൗകര്യവും വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചില്ല. അദ്ദേഹം കേസിൽനിന്ന് പിന്മാറുകയും ചെയ്തു. പകരം അഡ്വ. വി.ടി. രഘുനാഥ് എത്തിയെങ്കിലും ചില പരാതികളുയർന്നു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം ജനുവരിയിൽ അദ്ദേഹവും ഒഴിഞ്ഞു.
തുടർന്നാണ് അഡ്വ. സി. രാജേന്ദ്രൻ എസ്‌പി.പി.യായും അഡ്വ. രാജേഷ് എം. മേനോൻ അഡീഷണൽ എസ്‌പി.പി.യായും നിയമിക്കപ്പെട്ടത്. മധുവിന്റെ കുടുംബത്തിന്റെ താത്പര്യപ്രകാരമായിരുന്നു ഇത്. എന്നാൽ, അഡ്വ. രാജേന്ദ്രനെ നീക്കണമെന്നാവശ്യപ്പെട്ട് മധുവിന്റെ കുടുംബം പിന്നീട് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിനെ സമീപിച്ചു. തുടർന്ന്, കഴിഞ്ഞ ജൂണിൽ അഡ്വ. രാജേന്ദ്രൻ രാജിവെയ്ക്കുകയും അഡ്വ. രാജേഷ് എം. മേനോൻ എസ്‌പി.പി.യാവുകയും ചെയ്തു. അത് നിർണ്ണായകവുമായി. കേസ് നല്ല രീതിയിൽ തന്നെ നടത്തി.
പട്ടികജാതി പട്ടിക വർഗ പ്രത്യേക കോടതി ജഡ്ജി കെ.എസ്.മധുവും അദ്ദേഹം സ്ഥലം മാറിയതിനെ തുടർന്ന് നിലവിലെ ജഡ്ജി കെ.എം.രതീഷ്‌കുമാറുമാണ് കേസ് വിചാരണ നടത്തിയത്. ഇതിൽ ചില സാക്ഷികളുടെ കൂറുമാറ്റത്തിനെതിരെ കോടതി നടത്തിയ ഇടപെടൽ നിർണ്ണായകമായി. കാഴ്ച പരിശോധനയിൽ അടക്കം കോടതിയുടെ ഇടപെടൽ നിർണ്ണായകമായി. അങ്ങനെ നാടകീയതകളിലൂടെ കേസ് വിജയത്തിലെത്തി. ഇതിന് പിന്നിൽ മന്ത്രി കെ രാധാകൃഷ്ണന്റെ നിതാന്ത ജാഗ്രതയുമുണ്ടായിരുന്നു.
കേസിലെ 16 പ്രതികളിൽ 14 പേരും കുറ്റക്കാരാണെന്ന് മണ്ണാർക്കാട് എസ്.സി/ എസ്.ടി. കോടതി കണ്ടെത്തി. രണ്ടുപ്രതികളെ കോടതി വെറുതെവിട്ടു. അട്ടപ്പാടിയിലെ ചിണ്ടക്കി സ്വദേശിയായിരുന്നു മധു. കൊല്ലപ്പെടുമ്പോൾ വെറും 27 വയസ്സ്. ഏഴാംതരംവരെ പഠിച്ചു. അച്ഛന്റെ മരണത്തെത്തുടർന്നാണ് പഠിപ്പു നിർത്തേണ്ടിവന്നത്. സംയോജിത ഗോത്രവികസനപദ്ധതിക്ക് (ഐ.ടി.ഡി.പി.) കീഴിൽ പാലക്കാട്ട് മരപ്പണിയിൽ പരിശീലനം നേടി ജോലിക്കായി ആലപ്പുഴയ്ക്ക് പോയെങ്കിലും അവിടെവെച്ച് ഒരു സംഘർഷത്തിനിടയിൽപ്പെട്ട് തലയ്ക്കു പരിക്കേറ്റു. നാട്ടിൽ മടങ്ങിയെത്തി അലഞ്ഞുനടപ്പായി. ഇതിനിടെ സമീപത്തെ കാടുകയറി ഗുഹകളിലും മറ്റും താമസിക്കാൻ തുടങ്ങി. വല്ലപ്പോഴും നാട്ടിലിറങ്ങും, മടങ്ങും.
കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. സംഭവദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻ പോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ ആൾക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മർദിക്കുകയും ചെയ്തെന്ന് കേസിന്റെ രേഖകളിൽ പറയുന്നു. കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു.
നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മർദിച്ചു. മുക്കാലിയിലെത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പൊലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പൊലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പൊലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പിൽവെച്ച് മധു ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങൾക്കേറ്റ ഗുരുതരക്ഷതമാണു മരണകാരണമെന്നു പിന്നീട് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കി. തലയ്ക്കുപിന്നിൽ മാരകമാംവിധം മുറിവേറ്റിരുന്നു. വാരിയെല്ലുകൾ തകർന്നിരുന്നു. ശരീരത്തിൽ 42 മുറിവുകളെന്ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ റിപ്പോർട്ടിലും പറയുന്നു.
മധുവിനെ മർദിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും മൊബൈൽ ഫോണിൽ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയെന്ന നികൃഷ്ടതകൂടി പ്രദർശിപ്പിച്ചു അക്രമികൾ. അവശനായിരിക്കുന്ന മധുവിന്റെ സമീപം നിന്ന് സെൽഫിയെടുത്ത് പ്രചരിപ്പിച്ചു. ഇതെല്ലാം കേസിൽ നിർണ്ണായകമായി.
മറുനാടന് മലയാളി ബ്യൂറോ