തിരുവനന്തപുരം: ശ്രീവരാഹം മുക്കോലയ്ക്കൽ എസ്. കെ നിവാസിൽ വാടകയ്ക്ക് താമസിച്ചിരുന്ന തൂത്തുക്കുടി സ്വദേശിനി കന്നിയമ്മാൾ (38) നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഭർത്താവ് മാരിയപ്പൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി റിമാന്റ് ചെയ്തത്.

വിധി പ്രസ്താവം വിചാരണക്കോടതി ജഡ്ജി കെ.വിഷ്ണു ഓഗസ്റ്റ് 25 ന് പ്രഖ്യാപിക്കും. ഇതരസംസ്ഥാനക്കാരനായ പ്രതി ശിക്ഷ ഭയന്ന് ഒളിവിൽ പോകുമെന്ന സാധ്യത വിലയിരുത്തി പ്രതിയെ ഇരുമ്പഴിക്കുള്ളിലിട്ട് കോടതി കസ്റ്റോഡിയൽ വിചാരണ ചെയ്യുകയായിരുന്നു. സംശയ രോഗത്തെ തുടർന്ന് ഭർത്താവ് മാരിയപ്പൻ (45) കന്നിയമ്മയെ വെട്ടിക്കൊന്നുവെന്നാണ് കേസ്.

കൃത്യത്തിന് തൊട്ടുമുമ്പ് ദമ്പതികൾ ഒരുമിച്ച് ഒന്നാം നിലയിലേക്ക് കയറിപ്പോകുന്നതായും മാരിയപ്പൻ മാത്രം തിര്യെപ്പോകുന്നത് കണ്ടതായുമുള്ള കെട്ടിട ഉടമ , ഭാര്യ എന്നിവരുടെ മൊഴികൾ , മരിയപ്പൻ - കന്നിയമ്മാൾ ദമ്പതികളുടെ മക്കളുടെ മൊഴികൾ , ഫോറൻസിക് , കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറി തെളിവുകൾ , മറ്റു സാഹചര്യത്തെളിവുകൾ എന്നിവ കണക്കിലെടുത്താണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്.

2018 സെപ്റ്റംബർ രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മാരിയപ്പന് ഭാര്യയെ സംശയമായിരുന്നു. കൃത്യ ദിവസം കന്നിയമ്മയും മാരിയപ്പനും തിരുവനന്തപുരം നഗരത്തിലെ തിയേറ്ററിൽ സിനിമ കണ്ടതിനുശേഷം രാത്രി 9.45 മണിയോടുകൂടി ശ്രീ വരാഹത്തെ വാടക വീട്ടിലെത്തിയിരുന്നു. സിനിമ തിയേറ്ററിൽ വച്ച് പരിചയക്കാരെ കണ്ടു ചിരിച്ചതിൽവെച്ച് വീട്ടിൽ വച്ച് പരസ്പരം സംസാരവും വാക്കു തർക്കവുമായി.

തുടർന്ന് കന്നിഅമ്മയെ കഴുത്തിൽ ബലം പ്രയോഗിച്ചു പിടിച്ച് കിടപ്പുമുറിയിൽ കൊണ്ടുവന്ന് ചുറ്റികകല്ല് കൊണ്ട് തലയ്ക്കടിച്ച് ബോധം കെടുത്തിയശേഷം വെട്ടു പിച്ചാത്തി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൃത്യസമയം നഗരത്തിൽ കനത്ത മഴ പെയ്തതിനാൽ പരിസരവാസികൾ ശബ്ദം കേട്ടിരുന്നില്ല. കന്നിയമ്മയുടെ മരണം ഉറപ്പാക്കിയ ശേഷം രാത്രിതന്നെ മാരിയപ്പൻ തിരുനെൽവേലിയിലേക്ക് കടന്നുകളഞ്ഞു.

നഗരത്തിൽ പിസ്സ വിതരണക്കാരനായ മകൻ മണികണ്ഠൻ ജോലികഴിഞ്ഞ് രാത്രി 11.30 ന് എത്തിയപ്പോഴാണ് കന്നിയമ്മ ചോരയിൽ കുളിച്ചുകിടക്കുന്നത് കണ്ടത്. മകന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ ഫോർട്ട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കൃത്യത്തിന്റെ മൂന്നാം നാൾ തിരുനെൽവേലിയിൽ നിന്നും ഫോർട്ട് പൊലീസ് മാരിയപ്പനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.