കണ്ണൂർ: കണ്ണൂർ സർവകലാശാല നിയമന വിവാദത്തിൽ വീണ്ടും നിയമ യുദ്ധം. സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തിക അനധ്യാപക വിഭാഗത്തിലാണെന്ന സിൻഡിക്കേറ്റ് നിലപാടിന് കടക വിരുദ്ധമായി ഈ തസ്തിക അദ്ധ്യാപക വിഭാഗത്തിലാണെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി.

എന്നാൽ സ്റ്റുഡന്റസ് സർവീസ് ഡയറക്ടർ തസ്തിക അനധ്യാപക വിഭാഗത്തിൽ പെടുന്നതാണെന്ന് തെളിയിക്കുന്ന സെനറ്റ് യോഗരേഖകൾ പുറത്തുവന്നതോടെ പ്രിയ വർഗീസിന്റെ സത്യവാങ്മൂലത്തിൽ വൈരുധ്യമുണ്ടെന്ന് സേവ് യുനിവേഴ്‌സിറ്റി ഫോറം ആരോപിച്ചു. കഴിഞ്ഞ സെപ്റ്റംബർ 16ന് ചേർന്ന കണ്ണൂർ സർവ്വകലാശാല സെനറ്റ് യോഗത്തിൽ സിൻഡിക്കേറ്റിന്റെ സ്ഥിരം സമിതി അധ്യക്ഷയും സിപിഎം വനിതാ നേതാവുമായ എൻ. സുകന്യയാണ്, പ്രിയ വർഗീസിന്റെ അവകാശ വാദം തള്ളിക്കൊണ്ട് ഇക്കാര്യം സെനറ്റ് യോഗത്തിൽ വെളിപ്പെടുത്തിയതെന്ന് ഫോറം നേതാക്കൾ പറയുന്നു.

ഗവേഷണകാലം അസോസിയേറ്റ് പ്രൊഫസ്സറുടെ നേരിട്ടുള്ളനിയമത്തിന് അദ്ധ്യാപന പരിചയമായി കണക്കാക്കാൻ പാടില്ലെന്ന് യുജിസി കോടതിയെ നേരത്തെ തന്നെ രേഖാമൂലം അറിയിച്ചിരുന്നു.എന്നാൽ സ്റ്റുഡൻസ് സർവീസ് ഡയറക്ടറുടെ തസ്തികയുടെ സ്വഭാവം ബന്ധപ്പെട്ട സർവകലാശാലയാണ് തീരുമാനിക്കേണ്ടതെന്നും യുജിസി അറിയിച്ചു.

സർവ്വകലാശാല രജിസ്ട്രാർ സത്യവാങ്മൂലത്തിൽ പ്രിയ വർഗീസിന്റെ ദിവസവേതന അദ്ധ്യാപന കാലയളവും ഗവേഷണകാലവും ഉൾപ്പടെ 11 വർഷത്തെ അദ്ധ്യാപന പരിചയമുണ്ടെന്നാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. കേസ് ഹൈക്കോടതി നവംബർ രണ്ടിന് പരിഗണിക്കും. അതുവരെ നിയമനത്തിനുള്ള സ്റ്റേ ഉത്തരവ് തുടരും.