ന്യൂഡൽഹി: കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലർ നിയമനത്തിൽ സർക്കാറിന് തിരിച്ചടിയായി സുപ്രീംകോടതി പരാമർശം. വി സി. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്. 60 വയസു കഴിഞ്ഞവരെ എങ്ങനെ വൈസ് ചാൻസലറായി നിയമിക്കാൻ സാധിക്കുമെന്നാണ് കോടതി ചോദിച്ചത്. നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന യോഗ്യത മാനദണ്ഡം പാലിച്ചുകൊണ്ട് മാത്രമേ പുനർനിയമനം നടത്താൻ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

പുനർനിയമനം ചോദ്യംചെയ്ത് നൽകിയ ഹർജികൾ സുപ്രീംകോടതി വിധി പറയാനായി മാറ്റിയിരിക്കയാണ്. കണ്ണൂർ സർവ്വകലാശാല നിയമ പ്രകാരം 60 വയസ് കഴിഞ്ഞവരെ വൈസ് ചാൻസലറായി നിയമിക്കാൻ കഴിയില്ല. എന്നാൽ പുനർനിയമനത്തിന് ഈ ചട്ടം ബാധകമല്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം. ഇക്കാര്യം കോടതിയിൽ ഉന്നയിക്കപ്പെട്ടപ്പോഴാണ് പുനർനിയമനത്തിനും ചട്ട പ്രകാരമുള്ള യോഗ്യത മാനദണ്ഡം പാലിക്കണമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വാക്കാൽ നിരീക്ഷിച്ചത്. ഇതോടെ ഗവർണറുമായി ഉടക്കി നിൽക്കുന്ന സർക്കാറിന് സുപ്രിംകോടതിയിൽ തിരിച്ചടിയേറ്റിക്കയാണ്.

പുനർനിയമനത്തിന് യോഗ്യത മാനദണ്ഡത്തിൽ ഇളവ് അനുവദിക്കാൻ കഴിയുമോ എന്ന് ചാൻസലറായ ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിനോട് സുപ്രീംകോടതി ആരാഞ്ഞു. ചട്ട പ്രകാരമുള്ള ഇളവ് അനുവദിക്കാൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി കോടതിയെ അറിയിച്ചു. തുടർന്ന് എല്ലാ കക്ഷികളുടെയും വാദം കേട്ട കോടതി ഹർജികൾ വിധി പറയാനായി മാറ്റി.

കണ്ണൂർ സർവകലാശാല സെനറ്റംഗം ഡോക്ടർ പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം ചോദ്യംചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. ഇരുവർക്കും വേണ്ടി സീനിയർ അഭിഭാഷകൻ ദാമ ശേഷാദ്രി നായിഡു, അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി. സംസ്ഥാന സർക്കാരിന് വേണ്ടി മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവർ ഹാജരായി. വി സി. ഡോ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി സീനിയർ അഭിഭാഷകൻ ബസവപ്രഭു പാട്ടീൽ ഹാജരായി.

2017 നവംബറിലാണ് ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ചുമതലയേൽക്കുന്നത്. കോഴിക്കോട് സ്വദേശിയായ ഗോപിനാഥ് രവീന്ദ്രൻ 1979-82 വർഷങ്ങളിൽ ഡൽഹി സെന്റ് സ്റ്റീഫൻസിലും ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുമായി പഠനം പൂർത്തിയാക്കി. 1987ൽ ചരിത്രത്തിൽ എംഫിൽ എടുത്ത ശേഷം ഡോ. ഗോപിനാഥ് 1987ൽ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജിൽ ചരിത്ര അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

അതേവർഷം തന്നെ അദ്ദേഹം ജാമിയ മിലിയ ഇസ്ലാമിയയിലെ അദ്ധ്യാപകനായി ചുമതലയേറ്റു. 1990ൽ ജെഎൻയുവിൽ നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം തുടർന്ന് ജാമിയയിൽ വിവിധ പദവികളിൽ തുടർന്നു. 2002 മുതൽ 2004 വരെ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിലെ സോഷ്യൽ പോളിസി വിഭാഗത്തിലെ അക്കാദമിക് വിസിറ്ററായിരുന്നു.

കാർഷിക സമ്പദ്വ്യവസ്ഥ, മരണനിരക്ക്, ഫെർട്ടിലിറ്റി, അസമത്വം എന്നിവയെക്കുറിച്ച് ദീർഘകാല പഠനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. ആദ്യ കാലാവധി പൂർത്തിയായ ശേഷം കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി പ്രൊഫ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചതാണ് വിവാദമായത്. ഗോപിനാഥിന്റെ നിയമനത്തിനെതിരെ പരസ്യ പ്രതികരണവുമായി ഗവർണർ രംഗത്തുവരികയും ചെയ്തു. പുതിയ വിസിയെ കണ്ടെത്താൻ സെർച്ച് കമ്മിറ്റി രൂപീകരിക്കുകയും അത് പിരിച്ചുവിട്ട് പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകുകയുമായിരുന്നു.