തിരുവനന്തപുരം: സിപിഎം പ്രവര്‍ത്തകനായ കാട്ടാക്കട അശോകനെ വധിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും, 7, 10,12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയുമാണ് കോടതി വിധിച്ചത്. കേസിലെ 8 പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. ശംഭു, ശ്രീജിത്ത്, ഹരികുമാര്‍, ചന്ദ്രമോഹന്‍, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികള്‍. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013 ലാണ് സിപിഎം പ്രവര്‍ത്തകനായ അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്.

കേസില്‍ ആകെ 19 പ്രതികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ മാപ്പുസാക്ഷിയാവുകയും ചെയ്തു. ശംഭു, ശ്രീജിത്ത്, ഹരി, അമ്പിളി, സന്തോഷ്, സജീവ്, അണ്ണി എന്ന അശോകന്‍, പഴിഞ്ഞി എന്ന പ്രശാന്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. സംഭവം നടന്ന് 11 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. 2013 മെയ് അഞ്ചിനാണ് സിപിഎം പ്രവര്‍ത്തകനായ അശോകന്‍ കൊല്ലപ്പെട്ടത്. പ്രധാനപ്രതി ശംഭു പലിശയ്ക്ക് പണം നല്‍കിയത് ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് കാരണം.

്അശോകനെ ആര്‍എസ്എസ്-ബ്ലേഡ് മാഫിയാസംഘം വീടിനു സമീപത്തെ ആലക്കോട് ജങ്ഷനില്‍ വച്ചാണ് വെട്ടികൊലപ്പെടുത്തിയത്. കൊള്ളപ്പലിശ ആവശ്യപ്പെട്ട് സുഹൃത്തിനെ ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് അശോകന് ജീവന്‍ നഷ്ടമാകാന്‍ കാരണമെന്നായിരുന്നു വിധി. ആര്‍എസ്എസ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയുമായ തലയ്ക്കോണം സ്വദേശി ശംഭു, കുച്ചപ്പുറം സ്വദേശികളായ അമ്പിളി എന്ന ചന്ദ്രമോഹന്‍, ഉണ്ണി, കുളവിയോട് സ്വദേശി കൊച്ചു, അണ്ണി സുരേഷ്, വിഷ്ണു, അഖില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് കൊല നടത്തിയത്. വടിവാളും വെട്ടുകത്തിയും അടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് നാട്ടുകാരെ അകറ്റിയശേഷമാണ് അശോകനെ ആക്രമിച്ചത്. കഴുത്തിലും കൈകാലുകളിലും തുരുതുരാവെട്ടി. തുടര്‍ന്ന് തല വെട്ടിപ്പിളര്‍ത്തിയശേഷം സംഘം സ്ഥലംവിട്ടു. ആലക്കോട് ജങ്ഷനില്‍ ചോരയില്‍ കുളിച്ചുകിടന്ന അശോകനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

അശോകനെ കൊലപ്പെടുത്തിയ കേസില്‍ ആര്‍എസ്എസുകാരായ രണ്ട് പ്രതികള്‍ മാപ്പ് സാക്ഷികളാകാന്‍ മൊഴി നല്‍കിയിരുന്നു. എട്ടും ഒമ്പതും പ്രതികളായ ശ്രീകാന്ത്, കൊച്ചു എന്ന സുരേഷ് എന്നിവരാണ് മൊഴി നല്‍കിയത്. കേസിലെ മുഖ്യപ്രതിയും ആര്‍എസ്എസ് നേതാവുമായ ശംഭുവാണ് അശോകനെ കൊല്ലാന്‍ നേതൃത്വം നല്‍കിയതെന്ന് ഇരുവരും മൊഴി നല്‍കിയിരുന്നു. ശംഭു അമിത പലിശയക്ക് പണം വായ്പയായി നല്‍കിയിരുന്നു. പലിശ തിരികെ നല്‍കിയില്ലെങ്കില്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്യുമായിരുന്നു. അശോകന്‍ ഇതിനെ ചോദ്യം ചെയ്തിരുന്നെന്ന് ഇവര്‍ മൊഴി നല്‍കി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ അശോകനെ കൊലപ്പെടുത്താന്‍ ആര്‍എസ്എസുകാര്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.