- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാൾ തിഹാർ ജയിലിൽ തുടരും
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തിഹാർ ജയിലിൽ തുടരും. ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ, വിചാരണ കോടതിയുടെ ജാമ്യ ഉത്തരവിൽ ഇടക്കാല സ്‌റ്റേ തുടരണമെന്ന ഇഡിയുടെ അപേക്ഷ ഡൽഹി ഹൈക്കോടതി അംഗീകരിച്ചു. ജൂൺ 20 ന് വിചാരണ കോടതി അനുവദിച്ച ജാമ്യമാണ് ജസ്റ്റ്‌സ് സുധീർ കുമാർ ജെയിന്റെ ബഞ്ച് സ്‌റ്റേ ചെയ്തത്.
വിചാരണ കോടതി ഉത്തരവ് ഇഡി ചോദ്യം ചെയ്തതോടെ, ജൂൺ 21 ന് വാദം കേട്ട ഹൈക്കോടതി കേസ് വിധി പറയാൻ മാറ്റി വയ്ക്കുകയായിരുന്നു. അന്തിമ വിധി പറയും വരെയാണ് വിചാരണകോടതി വിധിക്ക് സ്‌റ്റേ. കേസിലെ മുഖ്യ വാദം ജൂലൈയിലേക്കാണ് കോടതി മാറ്റിയത്. കേസിൽ കെജ്രിവാളിന് സ്ഥിരം ജാമ്യത്തിനായുള്ള വിചാരണ കോടതി വിധിക്കെതിരെ ഇഡി എതിർവാദം ഉന്നയിക്കും.
വിചാരണ കോടതി നിരീക്ഷണം ശരിയല്ലെന്നും, കേസിൽ മനസ്സിരുത്തിയില്ലെന്നും ഇഡിയുടെ ഹർജി പരിഗണിക്കാൻ കൂടുതൽ സമയം വേണമെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. വിചാരണ കോടതിയിൽ സമർപ്പിക്കപ്പെട്ട രേഖകളും വാദങ്ങളും ജഡ്ജി ക്യത്യമായ രീതിയിൽ മനസ്സിലാക്കിയില്ല. അതുകൊണ്ട് ഇഡിയുടെ അപ്പീലിൽ വിധി സ്റ്റേ ചെയ്തു, ഹൈക്കോടതി വ്യക്തമാക്കി.
ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല സ്‌റ്റേ വന്നതിന് പിന്നാലെ കെജ്രിവാൾ ശനിയാഴ്ച സുപ്രീംകോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ, ഹൈക്കോടതിയുടെ തീരുമാനം വരും വരെ കാക്കാനായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം.
വാദങ്ങൾ മുഴുവനായി അവതരിപ്പിക്കാൻ സമയം നൽകാതെയാണ് വിചാരണക്കോടതി കെജ്രിവാളിന് ജാമ്യം നൽകിയത് എന്ന് ഇഡി ഹൈക്കോടതിയിൽ വാദിച്ചിരുന്നു. ഇക്കാര്യം ഹൈക്കോടതി ഇന്ന് അംഗീകരിച്ചു. എന്നാൽ, നിയമത്തെ മറികടക്കാനുള്ള ശ്രമമാണ് ഇഡിയുടേതെന്നായിരുന്നു കെജ്രിവാളിന്റെ അഭിഭാഷകന്റെ മറുവാദം.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിചാരണകോടതി ഉത്തരവെന്നും പ്രധാനപ്പെട്ട വസ്തുതകൾ പരിഗണിക്കാതിരിക്കുമ്പോഴോ അപ്രസക്തമായ വസ്തുതകൾ പരിഗണിച്ച് തീരുമാനമെടുത്താലോ ജാമ്യം റദ്ദാക്കാമെന്നും ഇഡി കോടതിയിൽ വാദിച്ചിരുന്നു. ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ വിചാരണക്കോടതിയിൽ ഉന്നയിച്ചെങ്കിലും പരിഗണിച്ചില്ലെന്ന് ഇഡി വ്യക്തമാക്കി.മ ദ്യനക്കേസിലെ 45 കോടി കണ്ടെത്തിയെന്നും അത് ആം ആദ്മി പാർട്ടി ഗോവ തെരഞ്ഞെടുപ്പിൽ ചെലവഴിച്ചു എന്നും വിചാരണ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ അത് വിചാരണ കോടതി കണക്കിലെടുത്തില്ലെന്ന് ഇഡി ഹൈക്കോടതിയിൽ വാദിച്ചു.
ഇഡി നിശബ്ദം അല്ലെന്നും വിചാരണ കോടതിയുടെ ഉത്തരവിനാണ് ശബ്ദമില്ലാത്തതെന്നും ഇഡി ഹൈക്കോടതിയിൽ വാദിച്ചു. ഭരണഘടന പദവിയിലിരിക്കുന്നുവെന്നത് ജാമ്യത്തിന് കാരണമല്ല. വിചാര കോടതി ജഡ്ജി കേസ് ഫയൽ വായിച്ചില്ല. വ്യക്തിപരമായും എഎപി കൺവീനർ എന്ന രീതിയിലും കെജ്രിവാൾ കുറ്റക്കാരനെന്നും ഇഡി വാദിച്ചു. സിബിഐ കേസിൽ പ്രതി ചേർത്തിട്ടില്ലെന്ന് ജഡ്ജിയുടെ വിമർശനം നിലനിൽക്കുന്നതല്ലെന്നും അതിന്റെ ആവശ്യമില്ലെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഇഡി വാദിച്ചു.
അതേസമയം, ഇഡി വിചാരണക്കോടതി ജഡ്ജിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഇഡിയുടെ ഹർജിയെ എതിർത്തുകൊണ്ട് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിങ്വി വാദിച്ചു. ഇത് അപലപനീയമാണ്. ഹൈക്കോടതി ഇടപെടണമെന്നും അഭിഷേക് സിങ്വി ആവശ്യപ്പെട്ടു. ഇഡി പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് കെജ്രിവാളിന്റെ അഭിഭാഷകൻ വാദിച്ചു. നിയമം മറികടക്കാനുള്ള ശ്രമമാണ് ഇഡിയുടേതെന്നും ഇഡിയുടെ കേസിലും സിബിഐയുടെ കേസിലും കെജ്രിവാൾ പ്രതിയല്ലെന്നും സിങ്വി വാദിച്ചു. വിചാരണക്കോടതിയുടെ വിധിയിൽ ഒരു അക്ഷരത്തെറ്റ് സംഭവിച്ചുവെന്നും അത് ഇഡി മുതലെടുക്കുകയാണെന്നും അഭിഭാഷകൻ വാദിച്ചു.
കെജ്രിവാളിനെതിരെ മൊഴി നൽകിയതിന് പിന്നാലെ പ്രതികളിലൊരാളായ ബുച്ചി ബാബുവിന് ജാമ്യം കിട്ടി. കെജ്രിവാളിന് അനുകൂലമായി മൊഴി നൽകിയ മഗുന്ത റെഡ്ഡിയെയും മകനെയും അറസ്റ്റ് ചെയ്തു. മഗുന്ത കെജ്രിവാളിനെതിരായ ഉടനെ മകന് ജാമ്യം കിട്ടി. ഇഡി ജാമ്യത്തെ എതിർത്തില്ല. ഇങ്ങനെയാണ് ഇഡി പ്രവർത്തിക്കുന്നതെന്നും പക്ഷപാതപരമാണെന്ന് വ്യക്തമാണെന്നും കെജ്രിവാളിലേക്ക് എത്തുന്ന ഒറ്റ പൈസ പോലും ഇഡി കണ്ടെത്തിയിട്ടില്ലെന്ന് സിങ്വി വാദിച്ചു.
റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ഇഡി ആവശ്യം കോടതി തള്ളിയിരുന്നു. തുടർന്നാണ് ജാമ്യം നൽകിയ വിചാരണക്കോടതി ഉത്തരവിനെതിരെ ഇഡി ഹൈക്കോടതിയെ സമീപിച്ചത്.