- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗികാതിക്രമം നടത്തിയത് പുറത്തുവരുമെന്നായപ്പോൾ വിസ റദ്ദാക്കി എക്സിറ്റ് പെർമിറ്റ് അടിച്ചു; സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ നടത്തുന്ന സ്കൂളിലെ പല പെൺകുട്ടികൾക്കും നേരെ മോശം പെരുമാറ്റം; ഫൗണ്ടേഷന്റെ ഏഷ്യൻ സെക്ടർ ഹെഡ് ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറിക്ക് എതിരെ പരാതി; ജർമൻ വനിതയുടെ വിസ റദ്ദാക്കിയത് ഹൈക്കോടതി സ്റ്റേ ചെയ്തു
കൊച്ചി: ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള പെരുമാറ്റം വെളിപ്പെടുത്തിയതിനെ തുടർന്ന് ജർമൻ വനിതയുടെ വിസ റദ്ദാക്കി ഇന്ത്യക്ക് പുറത്താക്കാൻ ശ്രമിച്ചെന്ന് ആരോപണം. സിസ്റ്റർ ഹാത്തുണ ഫൗണ്ടേഷൻ നടത്തുന്ന സ്കൂളിലെ വിദ്യാർത്ഥികളെ ജർമൻ ഭാഷ പഠിപ്പിക്കാൻ ഒരു വർഷത്തേക്ക് ഇന്ത്യയിലെത്തിയ ജർമൻ യുവതിയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിസ റദ്ദാക്കി എക്സിറ്റ് പെർമിറ്റ് നൽകിയത് ഹൈക്കോടതി സ്റ്റേ ചെയ്തു. സിസ്റ്റർ ഹാത്തുണാ ഫൗണ്ടേഷന്റെ ഏഷ്യൻ സെക്ടർ ഹെഡ് ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറി ഏലിയാസ് തന്നോട് ലൈംഗിക ഉദ്ദേശ്യത്തോടെ പെരുമാറിയെന്നാണ് യുവതിയുടെ പരാതി. പാത്രിയർക്കീസ് ബാവയുടെ പവർ ഓഫ് അറ്റോർണിയും സഹായ പക്ഷ പോരാളിയും ആയ മുൻ സമുദായ ട്രസ്റ്റിയാണ് ഏലിയാസ്.
ജർമ്മൻ അദ്ധ്യാപിക നൽകിയ ലൈംഗികാതിക്രമ പരാതികളുടെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടികൾ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഏലിയാസിന് ഹൈക്കോടതി ചൊവ്വാഴ്ച നോട്ടീസ് അയച്ചു. ജസ്റ്റിസ് എൻ നാഗരേഷാണ് വിസ റദ്ദാക്കിയത് സ്റ്റേ ചെയ്തത്. കേന്ദ്ര സർക്കാർ, കമ്മീഷണർ, ബ്യൂറോ ഓഫ് ഇമിഗ്രേഷൻ, ഫോറിനഴ്സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസർ എന്നിവർക്കും കോടതി നോട്ടീസ് അയച്ചു.
ജർമൻ വനിത 2023 ഏപ്രിലിൽ മാത്രം കാലാവധി തീരുന്ന തൊഴിൽ വിസയിലാണ് ഇന്ത്യയിലേക്ക് വന്നത്. സിസ്റ്റർ ഹാത്തുണാ ഫൗണ്ടേഷൻ നടത്തുന്ന സ്കൂൾ, വിദ്യാർത്ഥികളിൽ നിന്ന് ഫീസും ഈടാക്കുന്നില്ലെന്നും, തന്റെ ജോലിക്ക് പ്രതിഫലം നൽകില്ലെന്നും അറിയിച്ചിരുന്നതായി യുവതി അവകാശപ്പെടുന്നു. എന്നിരിക്കിലും, കേരളത്തിൽ ആയിരിക്കുമ്പോൾ ഭക്ഷണവും യാത്രയും താമസവും പൂർണ്ണമായും സൗജന്യമായിരിക്കുമെന്ന് ഫൗണ്ടേഷന്റെ ഏഷ്യൻ സെക്ടർ ഹെഡ് ക്വാർട്ടേഴ്സ് ജനറൽ സെക്രട്ടറി ഏലിയാസ് ഉറപ്പ് നൽകിയിരുന്നു. ഫൗണ്ടേഷൻ തീരുമാനിക്കുന്നതുപോലെയല്ല ഏലിയാസ് വിദ്യാർത്ഥികളിൽ നിന്ന് ഫീസ് വാങ്ങുന്നതെന്നും അവർ വാദിച്ചു.
എന്നാൽ, ഈ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഗുണനിലവാരവും ജീവിത സാഹചര്യങ്ങളും അങ്ങേയറ്റം മോശവും വൃത്തിഹീനവുമാണെന്നും ഹർജിക്കാരി ആരോപിച്ചു. ഏലിയാസ് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമം നടത്തിയെന്നും സ്കൂളിലെ പല പെൺകുട്ടികളും സമാനമായ അനുഭവങ്ങൾ തന്നോട് പറഞ്ഞതായും അവർ ആരോപിച്ചു. താൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്താൻ ശ്രമിച്ചപ്പോൾ, ജനറൽ സെക്രട്ടറി ഫൗണ്ടേഷന്റെ പിരിച്ചുവിടൽ കത്തുണ്ടാക്കി, ഫോറിനേഴ്സ് റീജണൽ രജിസ്ട്രേഷൻ ഓഫീസറെ അറിയിച്ചെന്ന് ഹർജിയിൽ ആരോപിച്ചു, ഓഫീസർ അന്വേഷണം നടത്താതെ വിസ റദ്ദാക്കി 10 ന് മുമ്പ് ഇന്ത്യ വിടാൻ നിർദ്ദേശിച്ച് എക്സിറ്റ് പെർമിറ്റ് നൽകി.
അന്വേഷണമില്ലാതെയും, തന്റെ ഭാഗം കേൾക്കാതെയും, വിസ റദ്ദാക്കിയത് ഏകപക്ഷീയവും, നിയമവിരുദ്ധവും ആണെന്ന് ജർമൻ വനിത ആരോപിച്ചു. ക്രിമിനൽ കുറ്റകൃത്യത്തിന് ജനറൽ സെക്രട്ടറിക്ക് എതിരെ നടപടി എടുക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ വിസ അസാധുവാക്കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജർമൻ വനിത ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ അവധിക്കാല ബെഞ്ച് ഹർജി അടിയന്തരമായി പരിഗണിക്കുകയും പ്രതിഭാഗം ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിക്ക് സ്പീഡ് പോസ്റ്റിൽ അടിയന്തര നോട്ടീസ് നൽകുകയും ചെയ്തു.
ഹർജിക്കാരിക്ക് വേണ്ടി അഭിഭാഷകരായ രാഘുൽ സുധീഷ്, ഗ്ലാക്സൺ കെ.ജെ, ലക്ഷ്മി ജെ, എലിസബത്ത് മാത്യു, ബിനി ദാസ്, അമൽ ജീസ് അലക്സ്, കെ.കെ.സുബീഷ് എന്നിവർ ഹാജരായി.