കൊച്ചി: തലാക്ക് ചൊല്ലുന്നതിൽനിന്നോ ഒന്നിലേറെ വിവാഹം കഴിക്കുന്നതിൽനിന്നോ ഒരാളെ തടയാൻ കുടുംബ കോടതിക്കു കഴിയില്ലെന്ന് ഹൈക്കോടതി. വ്യക്തിനിയമം അനുവദിക്കുന്നിടത്തോളം ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ കോടതിക്ക് അധികാരമില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്റെ ബെഞ്ച് നിരീക്ഷിച്ചു.

തലാക്ക് ചൊല്ലുന്നതിൽനിന്നു തന്നെ വിലക്കിയ ചവറ കുടുംബ കോടതി ഉത്തരവിനെതിരെ കൊല്ലം സ്വദേശി നൽകിയ ഹർജി കോടതിയുടെ പരിഗണിക്കേവായാണ് കോടതി ഈ പരാമർശം നടത്തിയത്. ആദ്യ രണ്ടു തലാക്കും ചൊല്ലിയ ഹർജിക്കാരനെതിരെ ഭാര്യ കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഹർജി പരിഗണിച്ച കുടുംബ കോടതി മൂന്നാം തലാക്ക് ചൊല്ലുന്നതിൽനിന്നു ഹർജിക്കാരനെ വിലക്കി.

വീണ്ടും വിവാഹം കഴിക്കാനുള്ള നീക്കം തടയണമെന്ന ഹർജിയിലെ ആവശ്യവും കോടതി അംഗീകരിച്ചു. ഇതിനെതിരെയാണ് ഹൈക്കോടതിയിലെ അപ്പീൽ. വ്യക്തിനിയമം അനുവദിക്കുന്ന വിധത്തിലുള്ള പ്രവൃത്തിയിൽനിന്ന് ഒരാളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളിൽ കോടതികളുടെ അധികാരം പരിമിതമാണ്.

വ്യക്തിനിയമ പ്രകാരം ഒരാൾക്ക് ഒരേസമയം ഒന്നിലധികം വിവാഹങ്ങൾ ആകാം. നിയമം അങ്ങനെ അനുവദിക്കുന്നിടത്തോളം കോടതിക്ക് അതു തടയാനാവില്ല. മതവിശ്വാസവും ആചാരവും അനുസരിച്ചുള്ള ഒരാളുടെ പ്രവൃത്തിയിൽ കോടതിക്ക് ഇടപെടുന്നതിൽ പരിമിതിയുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.