കൊച്ചി: മസാല ബോണ്ട് ഇടപാടിലെ ഇ ഡി നടപടി നിയമവിരുദ്ധമെന്ന് ആരോപിച്ച് കിഫ്ബി ഹൈക്കോടതിയെ സമീപിച്ചു. അഡ്ജ്യൂഡിക്കേഷന്‍ കമ്മിറ്റി നോട്ടീസിനെതിരെയാണ് ഹര്‍ജി. പ്രാഥമിക വാദം കേട്ട കോടതി ഹര്‍ജി ഇടക്കാല ഉത്തരവിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഹര്‍ജിയില്‍ അന്തിമ തീരുമാനമാകുംവരെ നോട്ടീസ് നടപടികള്‍ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്കാണ് ഉപയോഗിച്ചതെന്നാണ് കിഫ്ബി വാദം.

മസാല ബോണ്ട് വഴി സമാഹരിച്ച പണം ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തല്‍ ശരിയല്ല. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കകയാണ് ചെയ്തത്. എന്നാല്‍ മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസന പദ്ധതികള്‍ക്കായി മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് ഇഡി അറിയിച്ചു. ഇതുപയോഗിച്ച് ഭൂമി വാങ്ങിയത് നിയമപരമായി ശരിയല്ല. സര്‍ക്കാരിന്റെ കൈവശമുളള ഭൂമിയിലോ മറ്റേതെങ്കിലും ഫണ്ടുകൊണ്ട് സര്‍ക്കാരിലേക്ക് വന്ന ഭൂമിയിലോ ആയിരുന്നു മസാല ബോണ്ടിലെ പണം വിനിയോഗിക്കേണ്ടിയിരുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

കിഫ്ബിക്ക് പുറമേ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവര്‍ക്കും കിഫ്ബി അഡ്ജ്യൂഡിക്കേറ്റിങ് കമ്മിറ്റി നോട്ടീസ് നല്‍കിയിരുന്നു. വിദേശത്തുനിന്ന് ധനസമാഹരണം നടത്തിയതില്‍ ഫെമ ചട്ട ലംഘനം ഉണ്ടെന്ന ഇ ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2672 കോടി രൂപ സമാഹരിച്ചതില്‍ 467 കോടി രൂപ ഭൂമി വാങ്ങാന്‍ കിഫ്ബി ഉപയോഗിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് കണ്ടെത്തല്‍. 2019ലെ കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ ഫെമ ചട്ട ലംഘനം നടന്നെന്നായിരുന്നു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കണ്ടെത്തല്‍.