- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിച്ചതിന് തെളിവില്ല; ബാധകമാവുക, മോട്ടോർവാഹന നിയമം മാത്രം; മാധ്യമപ്രവർത്തകനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ; വിചാരണ ചെയ്യാൻ മതിയായ തെളിവില്ലെന്ന് വഫയും ശ്രീറാമും
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിടുതൽ ഹർജിയുമായി ശ്രീറാം വെങ്കിട്ടരാമൻ. മദ്യപിച്ചതിന് തെളിവില്ലെന്നും മോട്ടോർവാഹന നിയമം മാത്രമാണ് ബാധകമാവുന്നതെന്നും ഹർജിയിൽ പറയുന്നു. വെള്ളിയാഴ്ചയാണ് ഹർജി നൽകിയത്.
താൻ മദ്യപിച്ചിട്ടില്ലായിരുന്നുവെന്ന് ശ്രീറാം സമർപ്പിച്ച ഹർജിയിൽ പറയുന്നു. മോട്ടോർ വെഹിക്കിൾ നിയമത്തിലെ വകുപ്പ് 185 ( മദ്യപിച്ച് വാഹനമോടിക്കൽ കുറ്റം) നിലനിൽക്കണമെങ്കിൽ നിയമത്തിൽ പറയുന്നത് 100 മി.ലി. രക്തത്തിൽ 30 മി.ഗ്രാം ആൽക്കഹോൾ അംശം വേണമെന്നാണ്. എന്നാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ 13-ാം രേഖയായ കെമിക്കൽ അനാലിസിസ് റിപ്പോർട്ടിൽ തന്റെ രക്തത്തിൽ ഈഥൈൽ ആൽക്കഹോൾ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നതെന്ന് ഹർജിയിൽ വിശദീകരിക്കുന്നു.
2019 ലെ ഹൈക്കോടതി ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ഹർജിയിലുണ്ട്. സർക്കാരിന്റെ ആക്ഷേപം വന്നശേഷം വിശദ വാദം ഒക്ടോബർ 14 ന് കേൾക്കാമെന്ന് ജഡ്ജി കെ. സനിൽകുമാർ അറിയിച്ചു.
കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെയാണ് പ്രതികൾ ഇരുവരും കോടതിയെ സമീപിച്ചിരിക്കുന്നത്. മദ്യപിച്ചതിന് തെളിവില്ലാത്തതിനാൽ കേസ് നിലനിൽക്കില്ല. തന്നെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ ഹർജിയിൽ ആവശ്യപ്പെടുന്നത്.
കേസിലെ മറ്റൊരു പ്രതി വഫ ഫിറോസ് നേരത്തെ നൽകിയ വിടുതൽ ഹർജിയിൽ കോടതി വാദം കേട്ടിരുന്നു. രണ്ടാം പ്രതി വഫയുടെ വിടുതൽ ഹർജിയിലുള്ള ഉത്തരവ് ഒക്ടോബർ 14 ന് മാറ്റി.
തന്നെ വിചാരണ ചെയ്യാൻ മതിയായ തെളിവില്ലെന്നാണ് രണ്ടാം പ്രതി വഫാ ഫിറോസ് എന്ന വഫ നജീം വിചാരണ കോടതിയിൽ പറഞ്ഞത്. പ്രോസിക്യൂഷൻ ഹാജരാക്കിയ 84 റെക്കോർഡുകൾ , 72 തൊണ്ടിമുതലുകൾ , 100 സാക്ഷികൾ , 5 രഹസ്യ മൊഴികൾ എന്നിവയിലൊന്നും മദ്യപിച്ച് വാഹനമോടിച്ച് നരഹത്യാ കുറ്റം ചെയ്യാൻ ശ്രീറാമിനെ വഫ പ്രേരിപ്പിച്ചതായി ഒരു സാക്ഷിയും മൊഴി നൽകിയിട്ടില്ല.
വെറും സഹയാത്രികയായ യുവതിക്കു മേൽ പ്രേരണ കുറ്റമായ മോട്ടോർ വാഹന നിയമ വകുപ്പ് 188 നിലനിൽക്കില്ലെന്നും വഫ കോടതിയിൽ പറഞ്ഞു. ശ്രീറാം വിളിച്ചതനുസരിച്ച് ലിഫ്റ്റ് നൽകാനായി പോകുക മാത്രമാണ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കാൻ താൻ പ്രേരിപ്പിച്ചിട്ടില്ല. അപകട കൃത്യത്തിന് ശേഷം സ്ഥലത്തെത്തിയ 74 ആം സാക്ഷിയായ മ്യൂസിയം എസ് ഐ മാത്രമാണ് തന്റെ സാന്നിധ്യം പറഞ്ഞത്.
എന്നാൽ ശ്രീറാമിനെ തടയാതെ ഡ്രൈവിങ് സീറ്റ് നൽകി മന:പ്പൂർവ്വം വഫ ശ്രീറാമിനെ കൃത്യത്തിന് സഹായിച്ചതായും ഗൂഢാലോചന നടത്തിയും പ്രേരണക്കുറ്റത്തിനൊപ്പം കൃത്യവിലോപവും തെളിവു നശിപ്പിക്കൽ കുറ്റവും നിലനിൽക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇടിച്ച വാഹനത്തിന്റെ ആർ.സി ഓണർ ആരെന്ന് കോടതി ആരാഞ്ഞു. പ്രതികൾ സമൂഹത്തിൽ ഉന്നത സ്ഥാനത്തുള്ളവരാണെന്നും മദ്യപിച്ച് വാഹനമോടിച്ചാലുള്ള പ്രത്യാഘാതം അറിയാവുന്നവരാണെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.