- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസിന്റെ മരണപ്പാച്ചിലിൽ വീണ്ടും ജീവൻ പൊലിഞ്ഞു; സിസിടിവി ദൃശ്യങ്ങൾ ഞെട്ടിക്കുന്നത്; എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഹൈക്കോടതി; ബസ് ഡ്രൈവറുടെ പിഴവെന്ന് കൊച്ചി ഡിസിപി; ഇനി ഒരു ജീവനും നഷ്ടമാവരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: കൊച്ചിയിൽ സ്വകാര്യ ബസ് പാഞ്ഞുകയറി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. കൊച്ചി ഡിസിപിയെ കോടതി വിളിച്ചുവരുത്തി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംഭവം ഞെട്ടിക്കുന്നതാണെന്നു പറഞ്ഞു. ഇനി ഒരു ജീവനും ഇത്തരത്തിൽ നഷ്ടപ്പെടരുത്. എന്തുകൊണ്ട് കർശന നടപടി സ്വീകരിക്കുന്നില്ലെന്ന് ഡിസിപിയോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.
നിയമലംഘനങ്ങൾ എത്രനാൾ നോക്കിനിൽക്കുമെന്നും ചോദിച്ച കോടതി, ട്രാഫിക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ബസിന്റെ അമിത വേഗത്തിനെതിരെ നടപടിയെടുത്തില്ലെന്നും ആരാഞ്ഞു. ഓവർടേകിങ് പാടില്ലെന്ന് നേരത്തേ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഡിസിപി കോടതിയെ അറിയിച്ചു. ഓവർടേകിങ്ങിനെതിരെ നടപടി സ്വീകരിച്ചാൽ ബസ് യൂണിയനുകൾ സമരം തുടങ്ങുമെന്നും ഡിസിപി കോടതിയെ അറിയിച്ചു.
അപകടകരമായ ഡ്രൈവിങ് നിയന്ത്രിക്കാൻ സ്വകാര്യ ബസുകളിൽ ഹെൽപ്പ് നമ്പർ രേഖപ്പെടുത്താൻ സാധിക്കുമോയെന്നതു പരിശോധിക്കണമെന്നു കോടതി ആവശ്യപ്പെട്ടു. ഭയാശങ്കകളില്ലാതെ നടപടി സ്വീകരിക്കുവാൻ ട്രാഫിക് ഉദ്യോഗസ്ഥർക്കു പൂർണ പിന്തുണയുണ്ടെന്നു കോടതി വ്യക്തമാക്കി. വിഷയം പരിഗണിക്കുന്നതു ഹൈക്കോടതി 23 ലേയ്ക്കു മാറ്റി വച്ചു.
ഇന്നു രാവിലെ 8.15ന് കച്ചേരിപ്പടി മാധവ ഫാർമസി ജംക്ഷനിലാണ് അപകടമുണ്ടായത്. വൈപ്പിൻ കർത്തേടം കല്ലുവീട്ടിൽ ആന്റണി (46) ആണ് മരിച്ചത്. സിഗ്‌നലിൽ നിന്ന ബസ് പച്ച ലൈറ്റ് തെളിഞ്ഞതോടെ വേഗത്തിൽ പാഞ്ഞു. ഇതിനിടെ ബൈക്കിലിടിച്ചു. ആന്റണിയുടെ തലയിലൂടെ ബസ് കയറിയിറങ്ങി. ബസിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
കൊച്ചിയിൽ മറൈൻ ഡ്രൈവ് ഭാഗത്ത് നിന്ന് കാക്കനാട് ഇൻഫോപാർക്കിലേക്ക് പോവുകയായിരുന്നു സിംല എന്ന ബസിടിച്ചാണ് അപകടം. സിഗ്‌നലിൽ നിന്ന് അമിത വേഗതയിൽ മുന്നോട്ടെടുത്ത ബസ് ഇടത് വശം ചേർന്ന് പോവുകയായിരുന്ന ബൈക്കിലിടിക്കുകയായിരുന്നു വൈപ്പിൻ സ്വദേശി ആന്റണി തത്ക്ഷണം മരിച്ചു.
അപകടത്തിന് കാരണമായ ബസ് ഓടിച്ചത് അശ്രദ്ധയോടെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം അപകടങ്ങൾ ഒഴിവാക്കാൻ എന്തെങ്കിലും ചെയ്‌തേ മതിയാവൂ. കേസ് പരിഗണിക്കുന്നതിനിടെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കോടതി തുറന്ന മുറിയിൽ കണ്ടു. ഫ്രീ ലെഫ്റ്റ് സംവിധാനം തീരെ ഇല്ലെന്ന് കോടതി വിലയിരുത്തി.
ട്രാഫിക് ഉദ്യോഗസ്ഥർ എന്തുകൊണ്ട് ബസിന്റെ അമിത വേഗത കണ്ടിട്ടും നടപടി എടുത്തില്ലെന്ന് കോടതി ചോദിച്ചു. അമിത വേഗതയും അപകടവും ഉണ്ടാക്കുന്ന ബസ്സുകൾക്കെതിരെ ശക്തമായ നടപടി വേണം. സംഭവത്തിൽ സ്വീകരിച്ച നടപടികൾ എന്തൊക്കെയെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ ഡിസിപിക്ക് കോടതി നിർദ്ദേശം നൽകി.
നഗരത്തിൽ ഓവർ ടേക്കിംങ് പാടില്ലെന്നതടക്കം നിർദ്ദേശങ്ങൾ നേരത്തെ തന്നെ നൽകിയിട്ടുണ്ടെന്ന് ഡി സി പി വ്യക്തമാക്കി. എം ഡി എം എ ഉപയോഗിച്ച് ബസ് ഓടിക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഡിസിപി പറഞ്ഞു. സ്വകാര്യ ബസുകളിൽ ഹെൽപ്പ് നമ്പർ രേഖപ്പെടുത്താൻ സാധിക്കുമോയെന്നത് പരിശോധിക്കണമെന്ന് കോടതി പറഞ്ഞു. റോഡ് സേഫ്റ്റി സംവിധാനത്തിന്റെ പരാജയം കൂടിയാണ് അപകടം പെരുകാൻ കാരണമെന്ന് കോടതി വിമർശിച്ചു.
മറുനാടന് മലയാളി ബ്യൂറോ