തിരുവനന്തപുരം: കോവളത്ത് ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ വിദേശ വനിതയെ തട്ടിക്കൊണ്ടുപോയി വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയിൽ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസിൽ ശിക്ഷ വിധിക്കും മുമ്പ് കോടതിയിൽ സംഭവിച്ചതെല്ലാം നാടകീയതകൾ. രണ്ടു പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 1,65,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബലാൽസംഗത്തിനും കൊലപാതകത്തിനും ആണ് രണ്ടു ജീവപര്യന്ത്യ തടവ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പിഴയൊടുക്കാൻ ശിക്ഷിച്ചത്.

തന്നത്താൻ പ്രതിരോധിക്കാൻ ശേഷിയില്ലാതാക്കി ദൈവത്തിന്റെ സ്വന്തം രാജ്യമായ കേരളത്തിൽ ചികിത്സക്കായെത്തിയ വീദേശ വനിതയെ മൃഗീയവും പൈശാചികവുമായി കൊലപ്പെടുത്തിയ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ല. അപ്രകാരം നല്ലനടപ്പു നിയമത്തിന്റെ ഔദാര്യത്തിന് പ്രതികൾ അർഹരല്ലെന്നും വിധിന്യായത്തിൽ വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടു. അതേ സമയം വിധി കേട്ട പ്രതികൾ തങ്ങളെ നുണ പരിശോധനക്ക് വിധേയരാക്കണമെന്ന് ബോധിപ്പിച്ചു. അന്നു രാത്രി 10 ഭാഷ അറിയാവുന്ന ഒരു യോഗാ മാസ്റ്റർ അത് വഴി ഓടിപ്പോയത് അന്വേഷിക്കണം. ലിഗയുടെ ശരീരത്തിൽ നിന്നും വേറൊരാളുടെ മുടി കിട്ടിയിട്ടുണ്ട് അതന്വേഷിക്കണം. അവിടെ വരുന്ന സാമൂഹൃ വിരുദ്ധരായ ചീട്ടുകളിക്കാരെ കുറിച്ച് അന്വേഷിക്കണമെന്നും പ്രതികൾ ബോധിപ്പിച്ചു.

സാഹചര്യ തെളിവുകൾ മാത്രമുള്ള കേസിൽ വധശിക്ഷ വിധിക്കുന്നതിനെ വിചാരണ കോടതിയെ നിയമം തടയുന്നുണ്ടോയെന്ന് ജഡ്ജി സനിൽകുമാർ ചോദിച്ചു. സാഹചര്യ തെളിവുകൾ മാത്രമുള്ളതിനാൽ വധശിക്ഷ നൽകരുതെന്ന് പ്രതിഭാഗം വാദിച്ചപ്പോഴാണ് കോടതിയിൽ നിന്നും ചോദ്യമുയർന്നത്. തനിക്ക് ജീവിക്കണമെന്നും 10 വർഷത്തെ ശിക്ഷ മതിയെന്നും ഒന്നാം പ്രതി ഉമേഷ് തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ ബോധിപ്പിച്ചിരുന്നു. വിധി പ്രസ്താതാവത്തിന് മുമ്പ് ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരമായാണ് ഉമേഷ് ബോധിപ്പിച്ചത്.

കോവളം വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയൻ, കെയർ ടേക്കർ സ്ഥാപനത്തിലെ ജീവനക്കാരനായ ഉമേഷ് എന്നിവരെയാണ് തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ. സനിൽകുമാർ ശിക്ഷിച്ചത്. കേസിൽ പ്രതികൾ കുറ്റക്കാരാണെന്ന് കഴിഞ്ഞ വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. ജീവപര്യന്തം തടവ് ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പിഴത്തുകയിൽ ഒരുവിഹിതം സഹോദരിക്ക് നൽകാനും നിർദ്ദേശമുണ്ട്. ലീഗൽ സർവീസ് സൊസൈറ്റിയുടെ അന്വേഷണത്തിന് ശേഷം ഇരയുടെ സഹോദരിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ശിക്ഷ വിധിക്കുന്നതിന് മുമ്പ് നാടകീയസംഭവങ്ങളാണ് കോടതിമുറിയിൽ അരങ്ങേറിയത്. വിധിപ്രസ്താവത്തിന് മുമ്പ് പ്രതികളായ രണ്ടുപേരും തങ്ങൾ നിരപരാധികളാണെന്ന് പ്രതിക്കൂട്ടിൽനിന്ന് വിളിച്ചുപറഞ്ഞു. തങ്ങൾക്ക് നുണ പരിശോധന നടത്താൻ തയ്യാറാകണം. സംഭവസ്ഥലത്തുനിന്ന് ഒരു യോഗ അദ്ധ്യാപകൻ ഓടിപ്പോകുന്നത് കണ്ടിരുന്നു. ഇയാൾക്ക് പലഭാഷകളും അറിയാം. ഇയാളെക്കുറിച്ച് അന്വേഷിക്കണം. കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹത്തിൽനിന്ന് ലഭിച്ച മുടി വിദഗ്ധ പരിശോധനയ്ക്ക് അയക്കണമെന്നും പ്രതികൾ വിളിച്ചുപറഞ്ഞു. എന്നാൽ ഇതെല്ലാം കേട്ട കോടതി ഇതിനുപിന്നാലെ വിധിപ്രസ്താവം ആരംഭിക്കുകയായിരുന്നു.

ശിക്ഷാവിധി കേട്ട ശേഷവും പ്രതികൾ കോടതിമുറിയിൽ രോഷാകുലരായി. തങ്ങളെ ശിക്ഷിക്കരുതെന്ന് പറഞ്ഞാണ് ഇരുവരും രോഷാകുലരായത്. നേരത്തെ കോടതിയിൽ വിളിച്ചുപറഞ്ഞ കാര്യങ്ങൾ ഇവർ ആവർത്തിക്കുകയും ചെയ്തു. പൊലീസ് പ്രതികൾക്കെതിരേ ചുമത്തിയിരുന്ന കൊലക്കുറ്റം, മരണകാരണമായേക്കാവുന്ന പീഡനം, കൂട്ടബലാത്സംഗം, തെളിവുനശിപ്പിക്കൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, മയക്കുമരുന്നു നൽകൽ എന്നീ കുറ്റങ്ങളെല്ലാം നിലനിൽക്കുമെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

2018 ഫെബ്രുവരി മൂന്നിനാണ് ലാത്വിയൻ യുവതി പോത്തൻകോട് അരുവിക്കോണത്തെ ആയുർവേദ ചികിത്സാകേന്ദ്രത്തിൽ വിഷാദരോഗ ചികിത്സയ്ക്കായി എത്തിയത്. ഇവിടെനിന്ന് മാർച്ച് 14-ന് കാണാതായ യുവതിയുടെ മൃതദേഹം കോവളം വാഴമുട്ടത്തെ കൂനംതുരുത്തിലെ വള്ളിപ്പടർപ്പുകൾക്കിടയിൽ തൂങ്ങിക്കിടക്കുന്ന നിലയിൽ ഏപ്രിൽ 20-ന് കണ്ടെത്തി. മൃതദേഹം അഴുകിയ നിലയിലായിരുന്നു. ആയുർവേദ ചികിത്സാകേന്ദ്രത്തിൽനിന്ന് ഓട്ടോറിക്ഷയിൽ കോവളത്തെത്തിയ യുവതിയെ കഞ്ചാവുബീഡി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പ്രതികൾ പീഡിപ്പിച്ചു കൊലപ്പെടുത്തി വള്ളിപ്പടർപ്പുകൾക്കിടയിൽ കെട്ടിത്തൂക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

മരിച്ച യുവതിയുടെ ശരീരത്തിൽ ഡയാറ്റം ബാക്ടീരിയ കണ്ടെത്തിയെന്ന കെമിക്കൽ എക്‌സാമിനറുടെ മൊഴി മുങ്ങിമരണത്തിനുള്ള സാധ്യതയാണു കാണിക്കുന്നതെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയെങ്കിലും പ്രോസിക്യൂഷൻ നിരത്തിയ സാഹചര്യത്തെളിവുകളടക്കമുള്ളവ കോടതി അംഗീകരിക്കുകയായിരുന്നു. രണ്ടു സാക്ഷികൾ കൂറുമാറുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായത് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മോഹൻരാജാണ്. ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ജെ.കെ. ദിനിലായിരുന്നു അന്വേഷണോദ്യോഗസ്ഥൻ.