ന്യൂഡൽഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ കേന്ദ്ര സർക്കാരിന്റെ നടപടി ശരിവെച്ച സുപ്രീംകോടതി സംസ്ഥാന പദവി എത്രയും വേഗം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. 2024 സെപ്റ്റംബർ 30-നകം ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീംകോടതി കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. 2019-ൽ ജമ്മു കശ്മീരിൽ നിന്ന് വേർപ്പെടുത്തി ലഡാക്കിനെ കേന്ദ്ര ഭരണപ്രദേശമായി പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ നടപടിയും സുപ്രീംകോടതി ശരിവെച്ചിട്ടുണ്ട്. ചൈനീസ് വെല്ലുവളികളെ നേരിടാനായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം. അതും അംഗീകരിക്കപ്പെട്ടു. ഇതോടെ ജമ്മു കാശ്മീരിൽ നിന്നും വേറിട്ട ഭരണ ഇടപെടലുള്ള സ്ഥലമായി ലഡാക് നിലനിൽക്കും.

നേരത്തെ ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയ ഇന്ത്യയുടെ നടപടി അംഗീകരിക്കുന്നില്ലെന്ന് ചൈനീസ് വിദേശകാര്യവക്താവ് സാവോ ലിജിയാൻ പറഞ്ഞിരുന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അതിർത്തിക്കടുത്ത് 44 പുതിയ പാലങ്ങൾ തുറന്നതിനെ തുടർന്നാണ് പ്രതികരണം. ' ഇന്ത്യ അനധികൃതമായ രൂപീകരിച്ച ലഡാക്ക് കേന്ദ്രഭരണ പ്രദേശത്തെ ചൈന അംഗീകരിക്കുന്നില്ല. അതിർത്തിയിൽ സൈനികസംഘർഷം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും ഞങ്ങൾ എതിരാണ്'. മുൻധാരണയുടെ അടിസ്ഥാനത്തിൽ അതിർത്തി സംഘർഷം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ പാടില്ലെന്നും ചൈനീസ് വക്താവ് പറഞ്ഞു. സുപ്രീംകോടതി വിധിയോടെ ഇന്ത്യ അനധികൃതമായല്ല ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയതെന്ന് വ്യക്തം.

ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ കീഴിലുള്ള പ്രദേശമായിരുന്നു ലഡാക്ക്. ലേ, കാർഗിൽ ജില്ലകൾ ഉൾപ്പെടുന്ന ലഡാക്ക് അതിശൈത്യം മൂലം ഇതരപ്രദേശങ്ങളുമായി വർഷത്തിൽ ആറു മാസത്തോളം ഒറ്റപ്പെടുന്ന വിശാല മേഖലയാണ്. ജനസംഖ്യ വളരെ കുറവ്. ഇക്കഴിഞ്ഞ സെൻസസ് പ്രകാരം 2.74 ലക്ഷമാണ് ലഡാക്കിലെ ജനസംഖ്യ. ലേയും കാർഗിലും ഉൾപ്പെടുന്ന തന്ത്രപ്രധാന മേഖലകൾ ലഡാക്കിനു കീഴിലാണ്. ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുമുണ്ട്.

പാൻഗോങ് തടാകക്കരയിൽ ഇന്ത്യ-ചൈന സൈനികർ വാക്കേറ്റത്തിലേർപ്പെടുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ലഡാക്കിൽ സ്ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്. 2014ൽ കിഴക്കൻ ലഡാക്കും തടാകത്തിന്റെ വടക്കേ തീരവും കേന്ദ്രീകരിച്ചും ചൈനയുടെ കടന്നുകയറ്റ ശ്രമവുമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഈ പ്രദേശത്തിന്റെ നിയന്ത്രം കേന്ദ്രം നേരിട്ട് ഏറ്റെടുത്തത്.

അതുകൊണ്ട് തന്നെ ലഡാക്കിൽ അടക്കം അതിനിർണ്ണായകമാണ് സുപ്രീംകോടതി വിധി. രാജ്യത്തെ മറ്റുസംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായ ആഭ്യന്തര പരമാധികാരം ജമ്മുകശ്മീരിന് അവകാശപ്പെടാനാകില്ല. ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകശ്മീരിൽ പ്രായോഗികമാകുമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 താൽക്കാലികമെന്നും മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം കശ്മീരിനില്ലെന്നും കോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370ാം വകുപ്പ് കേന്ദ്ര സർക്കാർ എടുത്തുകളഞ്ഞതിനെതിരെ സമർപ്പിച്ച ഹരജികളിലാണ് കോടതിയുടെ വിധി പ്രസ്താവം. രാജ്യത്തിന്റെ പരമാധികാരമാണ് കോടതി ഉയർത്തിക്കാട്ടുന്നത്.

കോടതി വിധി കേന്ദ്ര സർക്കാറിന് ആശ്വാസം നൽകുന്നതാണ്. ജമ്മു-കശ്മീരിന്റെ നിയമസഭ പിരിട്ടുവിട്ടതിൽ ഇടപെടുന്നില്ലെന്നും ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും ഭരണഘടനഭേദഗതികൾ വരുത്താൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഇതിനൊപ്പമാണ് ലഡാക്ക് കേന്ദ്ര ഭരണപ്രദേശമാക്കിയ നടപടിയും സുപ്രീം കോടതി ശരിവച്ചത്. സംസ്ഥാനത്തിന്റെ ഒരു ഭാഗം കേന്ദ്ര ഭരണപ്രദേശമാക്കാൻ ആർട്ടിക്കിൾ 3 അനുവാദം നൽകുന്നുണ്ടെന്നും കോടതി പറഞ്ഞു. എത്രയും പെട്ടെന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും 2024 സെപ്റ്റംബറിനുള്ളിൽ തെരഞ്ഞെടുപ്പു നടത്തണമെന്നും കോടതി നിർദേശിച്ചു.

ജമ്മു കശ്മീരിന്റെ നിയമസഭ പിരിച്ചുവിട്ടതിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ ഉത്തരവിന്റെ സാധുത തള്ളിക്കളയാനാവില്ല. രാഷ്ട്രപതി ഭരണത്തിലെ എല്ലാ കേന്ദ്രസർക്കാർ തീരുമാനങ്ങളും ചോദ്യംചെയ്യാനാകില്ല. 2018ൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിൽ ഇടപെടുന്നില്ല. രാഷ്ട്രപതി ഭരണം വന്ന ശേഷമുള്ള കേന്ദ്ര അധികാരങ്ങൾക്ക് പരിമിതിയുണ്ട്. എല്ലാ തീരുമാനങ്ങളും എതിർക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കും. ജമ്മു കശ്മീർ ഇന്ത്യയിൽ ചേർന്നപ്പോൾ പരമാധികാരം ഉണ്ടായിരുന്നില്ല. മറ്റുസംസ്ഥാനങ്ങൾക്കില്ലാത്ത പരമാധികാരം ജമ്മു കശ്മീരിന് ഇല്ല.

ജമ്മു കശ്മീർ ഇന്ത്യൻ ഭരണഘടനയ്ക്ക് വിധേയം. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകം. ജമ്മു കശ്മീരിനു വേണ്ടിയുണ്ടാക്കിയ 370ാം വകുപ്പ് താൽക്കാലികം മാത്രമെന്നും കശ്മീരിനെ കൂട്ടിച്ചേർത്തത് ഇന്ത്യയുടെ പരമാധികാരത്തിന് വഴങ്ങിയെന്നും കോടതി വ്യക്തമാക്കി.