ന്യൂഡൽഹി: 33 തവണ പരിഗണിക്കുന്നത് മാറ്റിവെച്ച ലാവലിൻ കേസ് ഹർജികൾ വീണ്ടും സുപ്രീംകോടതി മാറ്റിവെക്കുമോ? ലാവലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ സുപ്രീം കോടതി രജിസ്ട്രാർക്ക് കത്ത് നൽകിയതോടെയാണ് കേസ് തിങ്കളാഴ്‌ച്ച പരിഗണിക്കുമോ എന്ന കാര്യത്തിൽ ആശങ്ക ഉടപെടുത്തിരിക്കുന്നത്. ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ എം.എൽ. ജിഷ്ണുവാണ് ഈ ആവശ്യം ഉന്നയിച്ചു കത്തു നൽകിയിരിക്കുന്നത്.

തനിക്ക് വൈറൽപനി ആണെന്നും അതിനാൽ മൂന്നാഴ്ചത്തേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഏപ്രിൽ 24 തിങ്കളാഴ്ചയാണ് ലാവലിൻ കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ലാവലിൻ കേസുമായി ബന്ധപ്പെട്ട വിവിധ ഹർജികൾ പരിഗണിക്കുന്നത്. ഇതോടെ ഇതിന് മുമ്പ് 33 തവണ മാറ്റിവെച്ച ലാവലിൻ ഹർജികൾ 34ാം തവണയും നീട്ടുമോ എന്ന ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

ലാവലിൻ ഹർജികൾ ഏറ്റവും അവസാനം സുപ്രീംകോടതി പരിഗണിച്ചത് കഴിഞ്ഞ വർഷം നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹർജികൾ അന്ന് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നില്ല. ലാവലിൻ ഹർജികൾ പരിഗണിക്കുന്നത് അനന്തമായി നീണ്ടുപോകുന്നുവെന്ന പരാതികൾ നിലനിൽക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹർജികൾ പുതിയ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ എം.ആർ. ഷാ, സി.ടി. രവികുമാർ എന്നിവർ തിങ്കളാഴ്ച പരിഗണിക്കുന്ന 21-ാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹർജികൾ.

തിങ്കളാഴ്‌ച്ച ഉച്ചക്ക് ശേഷമാണ് കേസ് പരിഗണിക്കേണ്ടത്. അതേസമയം, കേസിൽ സിബിഐയ്ക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത തിങ്കളാഴ്‌ച്ച ഹാജരാകുമോ എന്ന കാര്യത്തിൽ അവ്യക്തത നിലനിൽക്കുകയാണ്. തുഷാർ മേത്ത എത്തില്ലെന്നാണ് സൂചന. അങ്ങനെ എങ്കിൽ വീണ്ടും കേസ് നീട്ടി വയ്ക്കും. ചില അദൃശ്യ കരങ്ങൾ ഇതിന് പിന്നിൽ പ്രവർത്തിച്ചുവെന്നാണ് സൂചന. ഇത്തവണ തുഷാർ മേത്ത മാറി നിന്നാൽ കേസ് വീണ്ടും മാറ്റി വയ്ക്കേണ്ടി വരും. കേസിൽ സിബിഐയ്ക്കുള്ള താൽപ്പര്യക്കുറവ് പലവട്ടം ചർച്ചയായിരുന്നു.

സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമാക്കണമെന്ന ഹർജികൾ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിന് മുമ്പാകെ കേന്ദ്രത്തിന് വേണ്ടി തുഷാർ മേത്ത തിങ്കളാഴ്‌ച്ച ഹാജരാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. അതിനാൽ തന്നെ ലാവലിൻ ഹർജികളിൽ സിബിഐയ്ക്ക് വേണ്ടി തുഷാർ മേത്ത ഹാജരാകാൻ സാധ്യത വിരളമാണ്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം ആരംഭിക്കുന്ന തിങ്കളാഴ്ചയാണ് ലാവലിൻ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതെന്നതും ശ്രദ്ധേയമാണ്. അടുത്ത ദിവസം തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടേണ്ടതുമുണ്ട്.

തിങ്കളാഴ്ച നാലാം നമ്പർ കോടതിയിൽ 21 -മത്തെ കേസായിട്ടാണ് ലാവലിൻ കേസ് പരിഗണിക്കുന്നത്. ഇനിയും കേസ് മാറ്റിവെക്കുമോ എന്നതിലാണ് കൗതുകം നിലനിൽക്കുന്നത്. അവസാനമായി മുൻ ചീഫ് ജസ്റ്റിസ് യുയു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഒക്ടോബർ 20 ന് കേസ് ലളിതിന് മുന്നിൽ എത്തിയിരുന്നെങ്കിലും മാറ്റി. പിണറായി വിജയൻ ഉൾപ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്.

കേസിൽ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് അഞ്ച് വർഷത്തിനിടെ 33 തവണയാണ് ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഹർജി നിരന്തരം മാറി പോകുന്നെന്ന് കക്ഷി ചേർന്ന ടിപി നന്ദകുമാറിന്റെ അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി ഇനി മാറ്റരുതെന്ന പുതിയ നിർദ്ദേശം നൽകിയത്. ഇത് സംബന്ധിച്ച ഉത്തരവും കോടതി ഇറക്കിയിട്ടുണ്ട്.

പിണറായി വിജയൻ, മുൻ ഊർജ്ജ വകുപ്പ് സെക്രട്ടറി കെ മോഹന ചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് സിബിഐ സുപ്രീം കോടതിയിൽ എത്തിയത്. നേരത്തെ കേസ് പരിഗണിച്ചപ്പോൾ കെ ജി രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം കസ്തൂരിരംഗൻ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ കോടതി നോട്ടീസ് അയച്ചിരുന്നു

ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.