തിരുവനന്തപുരം: സർക്കാർ വാദിയും മന്ത്രിയും എംഎ‍ൽഎയും ഭരണമുന്നണി കൺവീനറും പ്രതികളുമായ നിയമസഭാ കൈയാങ്കളി കേസിൽ സർക്കാർ ഊരാക്കുടുക്കിലാണ്.സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടർ സർക്കാരിന്റെ ഭാഗമായ മന്ത്രിക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ വാദിക്കേണ്ടി വരുന്ന അത്യപൂർവതയാണ് കോടതിയിലുണ്ടാവുക. വിചാരണ തുടങ്ങിയാൽ കൂടുതൽ എംഎ‍ൽഎമാർ വിചാരണ ഘട്ടത്തിൽ പ്രതിചേർക്കപ്പെട്ടേക്കാമെന്നതും സർക്കാരിന് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

നിയമസഭയിലെ പ്രക്ഷോഭത്തിൽ പങ്കെടുത്ത കൂടുതൽ എംഎ‍ൽഎമാർ വിചാരണഘട്ടത്തിൽ പ്രതിചേർക്കപ്പെട്ടേക്കാമെന്നതാണ് പ്രധാന കുരുക്ക്.തെളിവുകൾ ധാരാളമുള്ളതിനാൽ ദൃശ്യങ്ങളിലുള്ളവരെ കണ്ടെത്തി ഐ.പി.സി-109, സിആർപിസി-319 വകുപ്പുകൾ പ്രകാരം പ്രതികളാക്കാൻ വിചാരണകോടതിക്ക് അധികാരമുണ്ട്.ഈ ആവശ്യമുന്നയിച്ച് ഏത് പൗരനും കോടതിയെ സമീപിക്കാനുമാവും.സ്പീക്കറുടെ പോഡിയത്തിൽ കയറി പൊതുമുതൽ നശിപ്പിച്ചില്ലെങ്കിലും, ഇവർക്കെതിരെ പ്രേരണാകുറ്റം ചുമത്താനാവും. നിലവിൽ പ്രതികൾക്കു മേൽ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ പുതുതായി പ്രതിചേർക്കപ്പെടുന്നവർക്കും ബാധകമാവുമെന്നതാണ് സർക്കാരിനെ അലട്ടുന്നത്.

സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും എംഎ‍ൽഎയ്ക്കുമടക്കം ശിക്ഷവാങ്ങി നൽകുകയാണ് ഇനി നിയമപരമായ ചുമതല.സർക്കാർ നിയമിച്ച പ്രോസിക്യൂഷൻസ് ഡെപ്യൂട്ടി ഡയറക്ടർ ബാലചന്ദ്രമേനോൻ മന്ത്രിക്കെതിരെ വാദിക്കുന്നതിൽ നിയമപ്രശ്‌നമുണ്ടാകുമെന്നതിനാൽ കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കേണ്ടിവരും.മന്ത്രി വി.ശിവൻകുട്ടിയെയും ജനപ്രതിനിധികളെയും സംരക്ഷിക്കാൻ സർക്കാരിനു മുന്നിൽ ഒറ്റ വഴിയേയുള്ളൂ- വിചാരണ എതുവിധേനയും നീട്ടിക്കൊണ്ടുപോവുക. ക്രിമിനൽ കേസിൽ രണ്ടുവർഷം ശിക്ഷിക്കപ്പെട്ടാൽ സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും കെ.ടി.ജലീൽ എംഎ‍ൽഎയ്ക്കും ഔദ്യോഗികസ്ഥാനങ്ങൾ നഷ്ടമാവും.

ജനപ്രാതിനിധ്യ നിയമപ്രകാരം ആറുവർഷം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അയോഗ്യതയുണ്ടാവും. പൊതുതാത്പര്യം മുൻനിറുത്തി കേസ് അവസാനിപ്പിച്ച് പ്രതികളെ രക്ഷിക്കാനാണ് നാലുവർഷം സർക്കാർ ശ്രമിച്ചതെങ്കിൽ, സർക്കാരിന്റെ ഭാഗമായ മന്ത്രിക്കും എംഎ‍ൽഎയ്ക്കുമടക്കം ശിക്ഷവാങ്ങി നൽകുകയാണ് ഇനി നിയമപരമായ ചുമതല.പ്രതികളെ കുറ്രപത്രം വായിച്ചുകേൾപ്പിച്ച് മൂന്നുമാസത്തിനകം വിചാരണ തുടങ്ങാവുന്നതേയുള്ളൂ. നിയമപരമായ പഴുതുകൾ മുതലെടുത്ത് വിചാരണ വൈകിപ്പിക്കാനാവും സർക്കാരിന്റെയും പ്രതികളുടെയും ശ്രമം. ജില്ലാ ജഡ്ജി കൂടിയായ അന്നത്തെ നിയമസഭാ സെക്രട്ടറി പി.ഡി. ശാരംഗധരൻ മുഖ്യസാക്ഷിയായ കേസിൽ ഏതാനും എംഎ‍ൽഎമാരും സഭയിലുണ്ടായിരുന്ന വാച്ച് ആൻഡ് വാർഡുമാരും സാക്ഷികളാണ്.

വീഡിയോദൃശ്യങ്ങളടക്കം ശക്തമായ ഡിജിറ്റൽ തെളിവുകളുമുണ്ട്. അതിനാൽ കേസിൽനിന്ന് രക്ഷപെടുക എളുപ്പമാവില്ല.കേസിന്റെ തുടക്കത്തിൽ പിഴകെട്ടിവച്ച് തലയൂരാൻ വിചാരണക്കോടതിയിൽ അവസരം കിട്ടിയതാണ്. സുപ്രീംകോടതിയുടെ കടുത്ത ഉത്തരവിന്റെ പശ്ചാത്തലത്തിൽ ഇനി അതിന് സാദ്ധ്യതയില്ല. പൊലീസുകാരായ വാച്ച് ആൻഡ് വാർഡും നിയമസഭാ ഉദ്യോഗസ്ഥരുമെല്ലാം മന്ത്രിക്കെതിരെ സാക്ഷിമൊഴി നൽകേണ്ട സ്ഥിതിയുണ്ട്. പ്രതികളും സാക്ഷികളും ഹാജരാകാതെ വിചാരണ അനന്തമായി നീട്ടിയാലോ കേസ് നടത്തിപ്പിൽ സർക്കാർ വീഴ്ചവരുത്തിയാലോ ആർക്കു വേണമെങ്കിലും സുപ്രീംകോടതിയെ സമീപിക്കാനാവുമെന്നതും സർക്കാരിന് കുരുക്കാണ്.

പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നതിൽ അഞ്ചുവർഷം വരെ തടവും പിഴയും കിട്ടാവുന്ന പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ (പി.ഡി.പി.പി ആക്ട്) 3(1)സെക്ഷനാണ് ഏറ്റവും ഗുരുതരം. രണ്ടുവർഷം ശിക്ഷയും പിഴയുമുള്ള ഐ.പി.സി-427 (പൊതുമുതൽ നശിപ്പിക്കൽ), മൂന്നുമാസം തടവുശിക്ഷയുള്ള ഐ.പി.സി-447 (അതിക്രമിച്ചു കടക്കൽ) കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. നിയമസഭാംഗങ്ങളായതിനാൽ അതിക്രമിച്ചുകടക്കൽ കുറ്രം നിലനിൽക്കാനിടയില്ല.