പത്തനംതിട്ട: എഴുപത്തിമൂന്നുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ എൺപത്തിരണ്ടുകാരനായ പ്രതിക്ക് ജീവപര്യന്തം തടവും 25000 രൂപ പിഴയും. കുറ്റകൃത്യം നടന്ന് കൃത്യം ഒമ്പത് വർഷത്തിന് ശേഷമാണ് വിധി വന്നിരിക്കുന്നത്.

കൊന്നപ്പാറ വടക്കേക്കര ചാക്കോ ശാമുവലിനെ(73) കൊലപ്പെടുത്തിയ കേസിൽ കോന്നി പയ്യനാമൺ ചാങ്കൂർ മുക്ക് പൂത്തിനേത്ത് അലക്സാണ്ടർ വർഗീസി(82)നെയാണ് ജഡ്ജി പി.പി പൂജ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറു മാസത്തെ കഠിനതടവ് കൂടി അനുഭവിക്കണം. കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അഡിഷണൽ സെഷൻസ് കോടതി നാലിന്റെ വിധി.

2013 ഓഗസ്റ്റ് 31 ന് ഉച്ചയ്ക്കാണ് സംഭവം. അലക്സാണ്ടറിന്റെ ുരയിടത്തിൽ കയറിയതിലുള്ള വിരോധത്താൽ ഐരവൺതാഴം കുപ്പക്കരയിലുള്ള കുമാരപിള്ളയുടെ കടയിൽ നിന്നും കത്തിയെടുത്ത് ചാക്കോ ശാമുവലിന്റെ നെഞ്ചിൽ ആഴത്തിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. കൊല്ലപ്പെട്ട ചാക്കോ ശാമുവലിന്റെ മകന്റെ മൊഴിപ്രകാരം കോന്നി പൊലീസ് സബ് ഇൻസ്പെക്ടറായിരുന്ന യു ബിജു കേസ് രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിച്ചു.

പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ബി എസ് സജിമോൻ അന്വേഷണം നടത്തുകയും 2014 ജനുവരി 31 ന് കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എസ് ഐ അജിത് പ്രസാദ്, എ എസ് ഐ മുജീബ് റഹ്മാൻ എന്നിവരും അന്വേഷണത്തിൽ പങ്കെടുത്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. രേഖ ആർ നായർ ഹാജരായി.