- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'താമര ഹിന്ദു, ബുദ്ധ മതങ്ങളുടെ മതചിഹ്നം'; മത ചിഹ്ന കേസിൽ ബിജെപി.യെ കക്ഷി ചേർക്കണം; ശിവസേനയും ശിരോമണി അകാലിദളുമടക്കം 27 രാഷ്ട്രീയ പാർട്ടികളെ ഉൾപ്പെടുത്തണമെന്ന് മുസ്ലിംലീഗ് സുപ്രീംകോടതിയിൽ
ന്യൂഡൽഹി: ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധമതങ്ങളുടെ മത ചിഹ്നം ആണെന്നും മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരായ ഹർജിയിൽ ബിജെപി.യെ കക്ഷി ചേർക്കണമെന്നും മുസ്ലിംലീഗ് സുപ്രീം കോടതിയിൽ. ബിജെപിയെ കക്ഷി ചേർക്കാത്തതിനാൽ ഹർജി തള്ളണമെന്നും ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
മതങ്ങളുടെ പേര് ഉപയോഗിക്കുന്ന ശിവസേനയും ശിരോമണി അകാലിദളും ഉൾപ്പെടെ 27 രാഷ്ട്രീയ പാർട്ടികളെക്കൂടി കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും, അഭിഭാഷകൻ ഹാരിസ് ബീരാനും ആണ് ലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.
മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരേ നടപടിയാവശ്യപ്പെട്ട് ഉത്തർപ്രദേശ് ഷിയാ വഖഫ് ബോർഡ് മുൻ ചെയർമാൻ സയ്യദ് വസീം റിസ്വി നൽകിയ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ലീഗിന്റെ അഭിഭാഷകർ ഈ ആവശ്യമുന്നയിച്ചത്. മതചിഹ്നങ്ങൾ ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്ക് അനുവദിച്ച പേരുകളും ചിഹ്നവും റദ്ദാക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് നിർദ്ദേശം നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.
മതപരമായ പേരുകളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന എല്ലാ രാഷ്ട്രീയപ്പാർട്ടികളെയും കേസിൽ കക്ഷി ചേർക്കാൻ റിസ്വിയോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്, ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ എന്നീ രാഷ്ട്രീയപ്പാർട്ടികളെ മാത്രമാണ് റിസ്വി കേസിൽ കക്ഷി ചേർത്തത്.
മത ചിഹ്നം ഉപയോഗിക്കുന്ന മറ്റ് രാഷ്ട്രീയപ്പാർട്ടികളെ കേസിൽ കക്ഷി ചേർക്കാത്തതിനാൽ ഹർജി തള്ളണമെന്നാണ് ലീഗിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
മതപരമായ പേരുകളും ചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയപ്പാർട്ടികൾക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കെ.കെ. വേണുഗോപാൽ സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ആ ഹർജിയുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ഹർജി പരിഗണിക്കുന്നത് മെയ് മാസത്തിലേക്ക് സുപ്രീംകോടതി മാറ്റി.