- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ആശുപത്രിയുടെയും ഡോക്ടറുടെയും അനാസ്ഥയ്ക്കിരയായ പതിനൊന്നുവയസുകാരൻ ദുരിത ജീവിതം നയിക്കുന്നു; 15 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി വന്നിട്ടും ആശുപത്രി ഒളിച്ചു കളിക്കുന്നു; മകന്റെ ചികിത്സക്കായി ഉള്ളതെല്ലാം വിറ്റുപെറുക്കി പാപ്പരായി പിതാവും കുടുംബവും; നീതി ലഭിക്കാതെ മുഹമ്മദ് ഹംദാൻ
കണ്ണൂർ: സ്വകാര്യ ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടെയും അനാസ്ഥകാരണം ജനിച്ചപ്പോൾ മുതൽ മുതൽ ദുരിത ജീവിതത്തിലായി കണ്ണൂരിലെ ഒരു കുരുന്ന് ബാലൻ. കളിച്ചു ചിരിച്ചു സ്‌കൂളിൽ പോകേണ്ട കാലത്താണ് വീൽചെയറിൽ ഈ പിഞ്ചുബാലൻ തന്റെ ദുരിത ജീവിതം നയിക്കുന്നത്. ചാല ആറ്റടപ്പയിലെ മഷൂദ്- കെ.വി റസീനയുടെയും മൂന്നാമത്തെ മകനായ മുഹമ്മദ് ഹംദാനാണ് കഴിഞ്ഞ പതിനൊന്നുവർഷമായി ദുരിതജീവിതം നയിക്കുന്നത്.
ആശുപത്രി അധികൃതരുടെ വീഴ്‌ച്ച സ്ഥിതീകരിച്ച ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പതിനഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ആശുപത്രി അധികൃതർ പത്തുലക്ഷം രൂപയും ചികിത്സിച്ച ഡോക്ടർ അഞ്ചു ലക്ഷം രൂപയും നൽകാനായിരുന്നു വിധി. ആ തുക പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നും കുട്ടിയുടെ രക്ഷിതാക്കൾ പറയുന്നത്. 2012-ജൂലൈ 30ന് കണ്ണൂർ നഗരത്തിലെ മദർ ആൻഡ് ചൈൽഡ് ആശുപത്രിയിലാണ് മുഹമ്മദ് ഹംദാൻ ജനിച്ചത്.
പൂർണ ആരോഗ്യവാനായിരുന്ന കുട്ടിക്ക് തൊട്ടടുത്ത ദിവസം ശരീരമാകെ മഞ്ഞ നിറം ബാധിക്കുകയായിരുന്നു. തുടർന്ന് ക്ഷീണം ബാധിച്ചു കുട്ടി പാൽകുടിക്കാതെ മുഴുവൻ സമയവും ഉറങ്ങികിടക്കുകയായിരുന്നു. പരിശോധനയിൽ കുട്ടിയുടെ നാഡിക്ക് ക്ഷതമേൽക്കുകയും തലച്ചോറിനെ ബാധിച്ചതായും കണ്ടെത്തിയിരുന്നു. ആശുപത്രിയുടെയും ചികിത്സിച്ച ഡോക്ടറുടെയും വീഴ്‌ച്ചയാണ് ഇതിന്കാരണമെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ പരാതി നൽകുകയായിരുന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ അന്വേഷണത്തിൽ ചികിത്സിച്ച ഗുരുതര വീഴ്ചയുണ്ടായെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് മുഹമ്മദ് ഹംദാന്റെ മാതാപിതാക്കൾ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമീഷനെ സമീപിച്ചു. വാദി ഭാഗത്തിന് വേണ്ടി അഡ്വ. പി.സി പ്രദീപ് ഹാജരായി.
മകന്റെ ചികിത്സയ്ക്കായി സ്വത്തുവകകൾ വിറ്റ് 12ലക്ഷം രൂപയിലധികം ചെലവഴിച്ചതായി കുട്ടിയുടെ പിതാവ് മഷൂദ് പറഞ്ഞു. ബംഗ്ളൂരിൽ ബിസിനസ് നടത്തിയിരുന്ന ഹംദാന്റെ പിതാവ് ആ സ്ഥാപനവും വിറ്റ് ഇപ്പോൾ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്തുവരികയാണ്. കോടതി വിധിച്ച തുക ലഭിച്ചാൽ മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സാധിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. എന്നാൽ ഈ തുക നൽകാതെ വിധിക്കെതിരെ അപ്പീൽ പോകാനാണ് ആശുപത്രി അധികൃതരുടെ നീക്കമെന്നാണ് സൂചന. അക്യംപ്ചർ ചികിത്സയിലാണ് ഇപ്പോൾ ഹംദാനെന്ന് പിതാവ് മഷൂദ് പറഞ്ഞു.
തലശേരിയിലാണ് നിത്യവും കുട്ടിയെ ഉമ്മയും മറ്റു ബന്ധുക്കളും കൊണ്ടു പോകുന്നത്. പ്രത്യേകവാഹനത്തിലാണ് ചികിത്സയ്ക്കായി പോകുന്നത്. ചികിത്സ കാരണം കിടന്ന കിടപ്പിൽ നിന്നും വീൽചെയറിൽ ഇരിക്കുന്ന അവസ്ഥയുണ്ടായിട്ടുണ്ടെങ്കിലും സ്വന്തം കാര്യങ്ങൾ ചെയ്യാൻ ഇനിയും പ്രാപ്തനായിട്ടില്ല. ചികിത്സാ പിഴവ് വരുത്തിയ ഡോക്ടർ അൻസാരി രണ്ടുവർഷം മുൻപ് മരണമടഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ കുടുംബം നഷ്ടപരിഹാരം നൽകാൻ വിധിയുണ്ടായിട്ടും അവർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് മഷൂദ് പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്