ഇസ്ലാമബാദ്: ഭൂമിയിലെ ഒരു നരകം ഉണ്ടെങ്കിൽ അത് ഇന്ന് പാക്കിസ്ഥാൻ ആയിരിക്കും. സാമ്പത്തിക പ്രതിസന്ധി മൂലം, 110 ശതമാനം വിലക്കയറ്റവുമായി, ശ്രീലങ്കക്ക് സമാനമായ ദുരന്തത്തിലേക്ക് നീങ്ങുന്ന രാജ്യത്തിന് ഇടിത്തീയായി പ്രകൃതിയുടെ താണ്ഡവവും. പ്രമുഖ പാക് മാധ്യമമായ ഡോണിന്റെ അഭിപ്രായത്തിൽ പാക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണ് കഴിഞ്ഞ നാല് ദിവസമായി ഉണ്ടായത്.

ഒരു പ്രദേശത്ത് സാധാരണ കിട്ടേണ്ട മഴയുടെ 500 ഇരട്ടി കിട്ടിയാൽ എന്തുചെയ്യും. ഇതോടെ രാജ്യത്തിന്റെ പകുതിയോളം ഭാഗങ്ങളിൽ വെള്ളം കയറി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ചുമതലയുള്ള പാക് മന്ത്രി ഷെറി റഹ്മാൻ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. 5 കോടി ആളുകളെ നേരിട്ടോ അല്ലാതെയോ പ്രളയം ബാധിച്ചിട്ടുണ്ട്. 2000ത്തോളം ജീവനുകൾ നഷ്ടപെട്ടു. 3,000 കിലോമീറ്ററിലധികം റോഡുകളും 150 പാലങ്ങളും ഏഴ് ലക്ഷത്തോളം വീടുകളും ഒലിച്ചുപോയി. കൃഷിയിടങ്ങൾ മുങ്ങി, ഡാമുകൾ തകർന്നു. കയ്യിൽ കിട്ടിയതുംകൊണ്ട് പ്രാണനും കയ്യിൽപിടിച്ച് പലായനം ചെയ്യുന്ന മനുഷ്യരുടെ കാഴ്ചയാണ് എവിടെയും. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണത്തിന് കരഞ്ഞുവിളിക്കുന്ന കുഞ്ഞുങ്ങൾ ദെന്യ ചിത്രങ്ങളാണ് കാണുന്നത്. വസ്ത്രമില്ല, മരുന്നില്ല, ഭക്ഷണമില്ല....ഹൃദയഭേദകമായ ദൃശ്യങ്ങളാണ് ടെലിവിഷൻ സ്‌ക്രീനുകളിൽ നിറയുന്നത്. പാക്ക് സർക്കാരിനാവട്ടെ ഈ പ്രതിസന്ധി ഫലപ്രദമായി നേരിടാൻ കഴിയുന്നില്ല. മാധ്യമങ്ങൾ സർക്കാറിനെതിരെ വലിയ രീതിയിൽ വിമർശനം ഉയർത്തുന്നുണ്ട്.

57 ലക്ഷം പേർ വീട് ഉപേക്ഷിച്ചു

സിന്ധ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ. ഇവിടെ മാത്രം 500 പേർ മരിച്ചു. ബലൂചിസ്ഥാനിലും ഖൈബർ പഖ്തൂൺഖ്വ, പഞ്ചാബ് എന്നീ പ്രവിശ്യകളിലും കടുത്ത നഷ്ടമുണ്ടായിട്ടുണ്ട്. പാക്ക് അധിനിവേശ കശ്മീരിൽ 37 പേർ മരിച്ചു. സിന്ധിലെ മിക്ക ജില്ലകളും പ്രധാന കേന്ദ്രങ്ങളുമായി ബന്ധമറ്റ നിലയിലാണ്. ബലൂചിസ്ഥാനിലും വാർത്താവിനിമയ ബന്ധമില്ല. മിക്ക റോഡുകളും തകർന്നു. സിന്ധിലേക്കും ബലൂചിസ്ഥാനിലേക്കും മാത്രം 10 ലക്ഷത്തിലധികം ടെന്റുകൾ വേണ്ടിവരുമെന്ന് കാലാവസ്ഥ വകുപ്പു മന്ത്രി ഷെറി റഹ്മാൻ പറഞ്ഞു.

രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പ്രളയബാധിത മേഖലയിൽ സൈന്യത്തെ വിന്യസിച്ചിരിക്കകയാണ്. പാക്കിസ്ഥാനിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധി പ്രളയ പുനരധിവാസ പ്രവർത്തനങ്ങളെയും ബാധിച്ചിട്ടുണ്ട്. 'നിലവിൽ രാജ്യത്തിന്റെ പകുതിയിലധികം വെള്ളത്തിനടിയിലാണ്. അസാധാരണമായ മൺസൂൺ മഴ സൃഷ്ടിച്ച വെള്ളപ്പൊക്കത്തിന്റെ ഫലമായി ദശലക്ഷക്കണക്കിന് ആളുകൾ ഭവനരഹിതരായി...' എന്നാണ് പാക്കിസ്ഥാന മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ മഴയിൽ 57 ലക്ഷത്തിലധികം ആളുകൾ വീട് ഉപേക്ഷിച്ച് പോയി. സിന്ധിലും ബലൂചിസ്ഥാനിലുമാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഈ പ്രദേശങ്ങളിലെ പല സ്ഥലങ്ങളിലും പാക്ക് റെയിൽവേ പ്രവർത്തനം നിർത്തിവച്ചു.

മോശം കാലാവസ്ഥയെ തുടർന്ന് ബലൂചിസ്ഥാൻ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലേക്കുള്ള വിമാനങ്ങൾ പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് നിർത്തിവച്ചു. യുഎൻ സെൻട്രൽ എമർജൻസി റെസ്‌പോൺസ് ഫണ്ട് ഇതിനകം മൂന്ന് മില്യൺ ഡോളർ പാക്കിസ്ഥാനായി അനുവദിച്ചിട്ടുണ്ട്.

1000 കോടി രൂപയുടെ ദുരന്തം

കനത്ത മഴയിൽ ഓഗസ്റ്റ് 30 ചൊവ്വാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. വരുന്ന ദിവസങ്ങളിൽ കൂടുതൽ മഴ ഉണ്ടായേക്കുമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. 36 മണിക്കൂർ നീണ്ട മഴ ജനജീവിതം സ്തംഭിപ്പിച്ചതിന് ശേഷം ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം അതീവ ഗൗരവകരമാണ്. വെള്ളപ്പൊക്കത്തിൽ മുങ്ങിയ തെരുവുകളുടെയും പൂർണ്ണമായും വെള്ളത്തിൽ മുങ്ങിയ കാറുകളുടെയും വീഡിയോകൾ ട്വിറ്ററിൽ പ്രചരിക്കുന്നുണ്ട്. വെള്ളപ്പൊക്കത്തിൽ ഒരു പ്രമുഖ ഹോട്ടൽ തകരുന്നതിന്റെ ദൃശ്യങ്ങളും ചിലർ ട്വിറ്ററിൽ പങ്കുവച്ചിരുന്നു.

1000 കോടി ഇന്ത്യൻ രൂപയുടെ (10 ബില്യൺ യുഎസ് ഡോളർ) നഷ്ടമാണ് ഇവിടെ ഉണ്ടായിരിക്കുന്നത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. മൊത്തം നഷ്ടങ്ങൾ വിലയിരുത്തുമ്പോൾ തുക എത്രയോ അധികം ആവും. 'കാലാവസ്ഥാ മഹാദുരന്തം' ആണിതെന്ന് കപാക്ക് മന്ത്രി ഷെറി റഹ്മാൻ പറഞ്ഞു.പല ജില്ലകളും സമുദ്രത്തിന്റെ ഭാഗം എന്നതുപോലെയാണ് ഇപ്പോൾ കാണപ്പെടുന്നതെന്ന് ഷെറി പറയുന്നു. 'ഭക്ഷണ, മെഡിക്കൽ സാധനങ്ങൾ എത്തിച്ച ഹെലിക്കോപ്റ്ററുകൾക്ക് ഇറങ്ങാൻ ഉണങ്ങിയ ഭൂമി പോലും പലയിടത്തും കാണുന്നില്ല. ഇത് ഈ ദശകത്തിലെ ഭീകരമായ കാലവർഷം ആണ്' ഷെറി പറയുന്നു.

അതിനിടെ പ്രളയം രൂക്ഷമായ സാഹചര്യത്തിൽ രാജ്യാന്തര സഹായം പാക്കിസ്ഥാൻ തേടി. വിവിധ രാജ്യങ്ങളിൽനിന്ന് ആളും അർഥവുമായി സഹായം പെയ്തിറങ്ങുന്നുണ്ട്. സാമ്പത്തിക സഹായവും ഭക്ഷണവും വസ്ത്രവും ഇങ്ങനെ എത്തുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം പിടിച്ചുനിർത്താൻ പച്ചക്കറികളുടെ ഡ്യൂട്ടിഫ്രീ ഇറക്കുമതിക്ക് പാക്കിസ്ഥാൻ അനുമതി നൽകി. യു എൻ അടക്കമുള്ളവ പാക്കിസ്ഥാനെ അടിയന്തരമായി സഹായിക്കുന്നുണ്ട്. ഇന്ത്യയും സഹായ ഹസ്തുവമായി രംഗത്ത് എത്തിയിട്ടുണ്ട്. 160 മിലൺ ഡോളറിന്റെ സഹായം യുഎൻ പാക്കിസ്ഥാന് പ്രഖ്യാപിച്ചിട്ടുണ്ട്.