- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനം മൂലമുണ്ടായ കുട്ടികളെ ദത്തു നൽകിയ ശേഷം രക്തസാംപിൾ എടുക്കരുത്; ദത്തു നൽകിയശേഷം ഡിഎൻഎ സാംപിളുകൾ പരിശോധിക്കുന്നത് നിയമ വിരുദ്ധം; വിവിധ ഉത്തരവുകൾ സ്റ്റേ ചെയ്ത് ഹൈക്കോടതി ജസ്റ്റിസ് കെ. ബാബു
കൊച്ചി: ലൈംഗിക പീഡനത്തെ തുടർന്നുണ്ടാകുന്ന കുട്ടികളെ നിയമപ്രകാരം ദത്തു നൽകിയശേഷം ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാംപിളുകൾ ശേഖരിക്കുന്നതിന് ഹൈക്കോടതിയുടെ സ്റ്റേ. ഇത്തരം കുട്ടികളുടെ രക്ത സാംപിളുകൾ ശേഖരിക്കാൻ അനുമതി നൽകിയ വിവിധ കോടതി ഉത്തരവുകൾ സ്‌റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ജസ്റ്റിസ് കെ. ബാബുവാണ് ഉത്തരവായത്. പീഡനക്കേസുകൾ തെളിയിക്കുന്നതിനു വേണ്ടിയാണ് സാധാരണയായി ഇത്തരത്തിൽ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുന്നത്. എന്നാൽ കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന ഇത്തരം നടപടികൾ നിയമ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
പീഡനക്കുറ്റം തെളിയിക്കാൻ കുട്ടികളുടെ രക്ത സാമ്പിൾ ശേഖരിക്കുന്നത് വ്യാപകമായതോടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള സ്റ്റേറ്റ് ലീഗൽ സർവീസ് അഥോറിറ്റിയുടെ (കെൽസ) വിക്റ്റിംമ്‌സ് റൈറ്റ്‌സ് സെന്റർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. ദത്തു നൽകിയശേഷം കുട്ടികളുടെ ഡിഎൻഎ സാംപിളുകൾ പരിശോധിക്കുന്നതിന് അനുമതി നൽകുന്ന ഉത്തരവുകൾ നിയമത്തിനു വിരുദ്ധമാണെന്നും കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും ഇവ റദ്ദാക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് കെൽസ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ വിഷയത്തിൽ കെൽസയ്ക്ക് അനുകൂലമായ തീരുമാനം എടുക്കുക ആയിരുന്നു.
ക്രിമിനൽ നിയമത്തിൽ ഈയിടെയുണ്ടായ ഭേദഗതികൾ പ്രകാരം, പീഡനക്കുറ്റം തെളിയിക്കാൻ അതിജീവിതയ്ക്കുണ്ടാകുന്ന കുട്ടിയുടെ ഡിഎൻഎ പരിശോധന ആവശ്യമില്ല. വളർച്ചയുടെ ഒരു ഘട്ടത്തിലും കുട്ടിയുടെ സ്വകാര്യത ലംഘിക്കാനാവില്ല. 2022 ലെ ദത്തെടുക്കൽ റെഗുലേഷൻസ് പ്രകാരം ബന്ധപ്പെട്ട ഏജൻസികളും അധികൃതരും ദത്തെടുക്കൽ രേഖകളുടെ രഹസ്യാത്മകത ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അതേസമയം കുട്ടികളെ ദത്തു നൽകുന്നതിനു മുൻപു നിശ്ചിത കാലയളവിനുള്ളിൽ രക്ത സാംപിൾ എടുത്തു സൂക്ഷിക്കാൻ ശിശുക്ഷേമ സമിതിക്ക് അധികാരമുണ്ട്. എന്നാൽ ദത്തെടുത്തതിനു ശേഷം കുട്ടികളുടെ ഡിഎൻഎ സാംപിളുകൾ ശേഖരിക്കാൻ അനുവദിക്കുന്നത് നിയമലംഘനമാണ്. ചില വിവാഹമോചന കേസുകളിലും ജീവനാംശം തേടിയുള്ള കേസുകളിലുമാണ് ശാസ്ത്രീയ പരിശോധന വഴി പിതൃത്വം തെളിയിക്കേണ്ടി വരുന്നത്. എന്നാൽ ദത്തെടുക്കുന്ന കുടുംബത്തിന് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശിശുക്ഷേതമസിമിതി നേരത്തെ രക്തസാമ്പിളുകൾ ശേഖരിക്കാമെന്നും കോടതി പറഞ്ഞു.
ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജി സർക്കാരിന്റെയും കെൽസയുടെയും റിപ്പോർട്ട് തേടി 21നു പരിഗണിക്കാൻ മാറ്റി. പ്രോജക്ട് കോഓർഡിനേറ്റർ അഡ്വ.പാർവതി മേനോൻ ആണ് റിപ്പോർട്ട് നൽകിയത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് കോടതി, കട്ടപ്പന പോക്‌സോ കോടതി, രാമങ്കരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി, കൊല്ലം അഡീഷനൽ സെഷൻസ് കോടതി, ദേവികുളം പോക്‌സോ കോടതി തുടങ്ങിയ കോടതികൾ ഇത്തരത്തിൽ രക്തസാംപിളുകൾ പരിശോധിക്കാൻ ഉത്തരവിട്ടുണ്ടെന്നും അറിയിച്ചു. അഡ്വക്കറ്റ് ജനറൽ മുഖേന നൽകിയ റിപ്പോർട്ട്, ഹൈക്കോടതി ഹർജിയായി പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.