ന്യൂഡൽഹി: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ അദ്ധ്യാപിക ഏഴു വയസ്സുകാരനായ വിദ്യാർത്ഥിയെ സഹപാഠികളെക്കൊണ്ടു തല്ലിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ആരോപണങ്ങൾ ശരിയാണെങ്കിൽ അതു മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നും കോടതി വ്യക്തമാക്കി.

വിഷയവുമായി ബന്ധപ്പെട്ട ഒരു ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവരടങ്ങിയ ബെഞ്ച് രൂക്ഷവിമർശനം നടത്തിയത്. ''ഒരു സമൂഹത്തെയാണ് അദ്ധ്യാപിക ലക്ഷ്യമിടുന്നത്. അദ്ധ്യാപകർ വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന രീതി ഇതാണോ? ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം? ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണം...കുട്ടിക്ക് വേണ്ടി സ്‌കൂൾ ഏതെങ്കിലും കൗൺസിലറെ നിയമിച്ചിട്ടുണ്ടോ? ഈ സംഭവം നടന്നിട്ടുണ്ടെങ്കിൽ അത് സംസ്ഥാനത്തിന്റെ മനഃസാക്ഷിയെ നടുക്കേണ്ടതാണ്. ഇത് ഗുരുതരമായ പ്രശ്‌നമാണ്,'' ബെഞ്ച് പറഞ്ഞു.

സംഭവം ഗൗരവമേറിയതും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച കോടതി, ഇതു ജീവിക്കാനുള്ള അവകാശത്തിന്റെ പ്രശ്‌നമാണെന്നും പറഞ്ഞു. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മഹാത്മാ ഗാന്ധിയുടെ ചെറുമകൻ തുഷാർ ഗാന്ധി നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഒക്ടോബർ 30നു വീണ്ടും പരിഗണിക്കും.

സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ മാസമാദ്യം വൈറലായത് വൻ പ്രതിഷേധത്തിന് കാരണമായിരുന്നു. ഖുബാപുരിലെ നേഹ പബ്ലിക് സ്‌കൂളിൽ നടന്ന സംഭവത്തിന്റെ വിഡിയോയാണു പുറത്തുവന്നത്. സ്‌കൂൾ പ്രിൻസിപ്പൽ കൂടിയായ തൃപ്ത ത്യാഗി കസേരയിലിരുന്നു നിർദ്ദേശം നൽകുകയും കുട്ടികൾ ഓരോരുത്തരായെത്തി മർദിക്കുകയുമായിരുന്നു. ''എന്താണിത്ര പതുക്കെ തല്ലുന്നത് ? ശക്തിയായി അടിക്കൂ'' എന്നും അദ്ധ്യാപിക പറയുന്നുണ്ട്. ഒരു മണിക്കൂറോളം ക്രൂരത നേരിട്ടതായി കുട്ടി പറയുന്നു.

അടിയേറ്റ കുട്ടിക്കും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികൾക്കും പ്രഫഷനൽ കൗൺസിലർമാരെക്കൊണ്ട് കൗൺസിലിങ് നടത്താൻ കോടതി യുപി സർക്കാരിനോട് നിർദേശിച്ചു. വിദ്യാർത്ഥികൾക്കു കൗൺസിലിങ് നൽകിയതു സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഇരയായ കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ഉത്തർപ്രദേശ് സർക്കാരിനോട് നിർദേശിക്കുകയും ചെയ്തു.

കുട്ടിയുടെ പിതാവ് ഉന്നയിച്ച ആരോപണങ്ങൾ എഫ്‌ഐആറിൽ ഉൾപ്പെടുത്താതിരുന്നതിൽ കോടതി എതിർപ്പ് രേഖപ്പെടുത്തി. മതത്തിന്റെ പേരിലാണ് മകനെ മർദിച്ചതെന്ന് പിതാവ് മൊഴി നൽകിയിരുന്നെങ്കിലും എഫ്ഐആറിൽ അത് പരാമർശിച്ചിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത് ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിന്റെ കാര്യമാണ്, അതിൽ സെൻസിറ്റീവ് വിദ്യാഭ്യാസവും ഉൾപ്പെടുന്നു. ഗുണനിലവാരമുള്ള സൗജന്യ വിദ്യാഭ്യാസം ഉറപ്പു നൽകുന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുന്നതിൽ യുപി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണിതെന്നും കോടതി പറഞ്ഞു.

കേസിന്റെ വർഗീയവശം അതിശയോക്തി കലർന്നതാണെന്ന് ഉത്തർപ്രദേശ് സർക്കാർ അഭിപ്രായപ്പെട്ടു. സെപ്റ്റംബർ ആറിന്, ജില്ലാ പൊലീസ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി യുപി സർക്കാരിന് നോട്ടിസ് അയച്ചിരുന്നു. കുറ്റാരോപിതർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും കുട്ടിയുടെ കുടുംബത്തെ സംരക്ഷിക്കാൻ എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും കോടതി നോട്ടിസിൽ ചോദിച്ചു.