- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ തീരുമാനം വൈകുന്നു; കേരളത്തിന്റെ ഹർജിയിൽ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്; തമിഴ്‌നാട് ഗവർണർക്കും സുപ്രീം കോടതിയുടെ രൂക്ഷവിമർശനം
ന്യൂഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരളം നൽകിയ റിട്ട് ഹർജിയിൽ ഗവർണർ ഒഴികെയുള്ള എതിർ കക്ഷികൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. കേസിലെ രണ്ടാം എതിർ കക്ഷിയായ ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്കും കേന്ദ്രസർക്കാരിനുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഹർജി വെള്ളിയാഴ്ച പരിഗണിക്കുമ്പോൾ കോടതിയിൽ ഉണ്ടായിരിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയോടും സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. ബില്ലുകളിൽ എന്ത് നിലപാടെടുത്തെന്ന് അറിയിക്കാനാണ് നോട്ടീസ്.
നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ ഗവർണറുടെ തീരുമാനം വൈകുന്നതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷ്ണൻ എംഎൽഎയുമാണ് ഹർജിക്കാർ. ഇരുവർക്കുംവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്ന് വാദിച്ചു. തീരുമാനമെടുക്കാതെവെച്ചിരുന്ന ബില്ലുകളിൽ മൂന്നെണ്ണം നേരത്തെ ഓർഡിനനൻസായി എത്തിയപ്പോൾ ഗവർണർ ഒപ്പ് വെച്ചതാണെന്നും കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി.
എട്ട് ബില്ലുകൾ ഗവർണ്ണർ പിടിച്ചുവച്ചിരിക്കുന്നതിനെതിരെയാണ് കേരളം ഹർജി നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചപ്പോൾ ഗവർണർ ഭരണഘടന ലംഘനം നടത്തുകയാണെന്ന് സംസ്ഥാനത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാൽ പറഞ്ഞു. തുടർന്ന് ഹർജിയിൽ നോട്ടീസ് അയ്ക്കാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
വെള്ളിയാഴ്‌ച്ചക്കകം നോട്ടീസിന് മറുപടി നൽകണം. കേസിൽ കോടതിയെ സഹായിക്കാൻ അറ്റോർണി ജനറലിനോടും എസ് ജിയോടും കോടതി ആവശ്യപ്പെട്ടു. ഗവർണ്ണറുടെ നടപടിയിൽ എന്തെങ്കിലും നിരീക്ഷണം ഇല്ലാതെയാണ് നോട്ടീസ് അയക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്.
തമിഴ് നാട് ഗവർണർ ആർ.എൻ.രവിക്കെതിരായ ഹർജി പരിഗണിക്കവേ ബില്ലുകൾ സർക്കാരിന് തിരികെ അയ്ക്കാൻ കോടതി ഇടപെടൽ വരെ എന്തിന് കാത്തിരുന്നുവെന്ന് കോടതി ചോദിച്ചു. മൂന്ന് വർഷമായി ബില്ലുകളിൽ തീരുമാനമെടുത്തില്ല. സർക്കാർ കോടതിയിൽ വന്നപ്പോൾ മാത്രമാണ് ഗവർണർ നടപടിയെടത്തതെന്നും ചീഫ് ജസ്റ്റി്‌സ് പറഞ്ഞു. അനുഛേദം 200 പ്രകാരം ഗവർണർക്ക് ബില്ലുകൾ പിടിച്ചു വെക്കാനുള്ള അധികാരമല്ലെന്ന് തമിഴ്‌നാട് സർക്കാർ വാദിച്ചു .നിയമസഭാ ബില്ലുകൾ പാസാക്കി ഗവർണർക്ക് വീണ്ടും അയച്ച കാര്യം സർക്കാർ കോടതിയെ ധരിപ്പിച്ചു.
2020 മുതൽ ബില്ലുകൾ ഒപ്പിടാതെ വെച്ചിരിക്കുകയാണെന്നും എന്താണ് ഗവർണർ ഈ മൂന്നുവർഷവും ചെയ്തതെന്നും കോടതി ചോദിച്ചു. ഗവർണർക്കെതിരേ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ വിമർശനം. കോടതി നോട്ടീസ് അയച്ചതിന് ശേഷമാണ് ഗവർണർ ബില്ലുകളിൽ ചിലത് മടക്കിയതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഗവർണർക്കെതിരേ തമിഴ്‌നാട് സർക്കാർ നൽകിയ ഹർജിയിൽ വിശദമായ വാദം കേൾക്കുന്നതിന് ഡിസംബർ ഒന്നിലേക്ക് കോടതി കേസ് മാറ്റുകയും ചെയ്തു.
ഗവർണറുടെ പരിഗണനയിലുള്ള ബില്ലുകളിൽ ചിലതിൽ അദ്ദേഹം തീരുമാനമെടുത്തെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് ഇവ തിരിച്ചയച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർക്കെതിരേ ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് വിമർശനം ഉന്നയിച്ചത്.
കഴിഞ്ഞ മൂന്നുവർഷമായി പരിഗണനയിൽ ഇരുന്ന ബില്ലുകളാണ് ഇപ്പോൾ ഗവർണർ തിരിച്ചയച്ചിരിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു. കോടതിയുടെ ഇടപെടലിന് ശേഷമാണ് ഇത്തരത്തിലൊരു നടപടി തമിഴ്‌നാട് ഗവർണറുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചീഫ് ജസ്റ്റിസ് വിമർശിച്ചു.
എന്നാൽ, ഗവർണർ എന്ന പദവിയിലിരിക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം, നിയമസഭ പാസാക്കുന്ന എല്ലാ ബില്ലുകളും സാങ്കേതികാർഥത്തിൽ ഒപ്പുവെക്കാനുള്ള കടമയല്ല ഉള്ളതെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ കോടതിയിൽ വാദം ഉന്നയിച്ചു. എല്ലാ വശങ്ങളും നോക്കിയ ശേഷമേ അദ്ദേഹത്തിന് ബില്ലിൽ ഒപ്പിടാൻ സാധിക്കൂവെന്നും അറ്റോർണി ജനറൽ കൂട്ടിച്ചേർത്തു.
മറുനാടന് മലയാളി ബ്യൂറോ