ന്യൂഡൽഹി: വിവാഹ മോചനം ആവശ്യപ്പെട്ടു മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്ദുല്ല നൽകിയ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. ഭാര്യ പായൽ അബ്ദുല്ലയിൽ (പായൽ നാഥ്) നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഒമർ അബ്ദുല്ല നൽകിയ അപേക്ഷ 2016 ഓഗസ്റ്റ് 30ന് കുടുംബ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണു ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ പായൽ അബ്ദുള്ളയുടെ ക്രൂരതയായി ഒമർ അബ്ദുള്ള നടത്തിയ ആരോപണങ്ങൾ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ജഡ്ജിമാരായ സഞ്ജീവ് സച്ച്‌ദേവ, വികാസ് മഹാജൻ എന്നിവരുടെ ബെഞ്ചാണ് ഒമർ അബ്ദുല്ലയുടെ ഹർജി തള്ളിയത്. വിവാഹ മോചന ആവശ്യം നിരാകരിച്ച കുടുംബ കോടതിയുടെ വിധിയിൽ അപാകതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു കോടതി നടപടി. പായൽ അബ്ദുല്ലയുടെ ക്രൂരതകളായി ഒമർ അബ്ദുല്ല നടത്തിയ ആരോപണങ്ങൾ അവ്യക്തമാണെന്ന കുടുംബ കോടതിയുടെ ഉത്തരവാണ് കോടതി ഡൽഹി ഹൈക്കോടതി അംഗീകരിച്ചത്.

അബ്ദുള്ളയുടെ വിവാഹമോചന ഹർജി നേരത്തെ കുടുംബകോടതി തള്ളിയിരുന്നു. ഈ ഉത്തരവിൽ അപാകതയില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് സച്ച്ദേവ, വികാസ് മഹാജൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ശാരീരികമോ മാനസികമോ ആയ ക്രൂരത എന്ന് വിളിക്കാവുന്ന ഒരു പ്രവൃത്തിയും തെളിയിക്കാൻ ഒമർ അബ്ദുല്ലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ ദാമ്പത്യബന്ധം തകർന്നുവെന്നും 2007 മുതൽ താൻ ദാമ്പത്യബന്ധം ആസ്വദിച്ചിട്ടില്ലെന്നും ഒമർ അബ്ദുല്ല കോടതിയിൽ അവകാശപ്പെട്ടിരുന്നു.

പായൽ അബ്ദുല്ലയ്ക്ക് പ്രതിമാസം 1,50,000 രൂപ നൽകാൻ സെപ്റ്റംബറിൽ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. പായൽ അബ്ദുല്ലയ്ക്കും രണ്ട് ആൺമക്കൾക്കും മാന്യമായ ജീവിത നിലവാരം നൽകാനുള്ള ഒമർ അബ്ദുല്ലയുടെ സാമ്പത്തിക ശേഷിയുണ്ടെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഒമർ അബ്ദുല്ലയുടെ ജീവിത നിലവാരം കൂടി കണക്കിലെടുത്തായിരുന്നു ഉത്തരവ്. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രതിമാസം 60,000 രൂപ നൽകണമെന്നും നിർദേശിച്ചു.

ഡൽഹി ഒബ്‌റോയ് ഹോട്ടലിൽ മാർക്കറ്റിങ് ഓഫിസറായി ജോലി ചെയ്യുന്ന കാലത്താണ് ഇവിടെ ജീവനക്കാരിയായിരുന്ന പായൽ നാഥിനെ ഒമർ പരിചയപ്പെടുന്നത്. ആർമി ഓഫിസറായിരുന്ന മേജർ ജനറൽ രാം നാഥ് ആയിരുന്നു പായലിന്റെ പിതാവ്. പിന്നീട് 1994ൽ രജിസ്റ്റർ വിവാഹം ചെയ്തു. ഇവർക്ക് സഹീർ, സമീർ എന്നു പേരുള്ള രണ്ട് ആൺമക്കളും ഉണ്ടായി. 2011ലാണ് പായലുമായുള്ള ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതായി ഒമർ അബ്ദുല്ല പ്രഖ്യാപിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിക്കാനുള്ള നീക്കമാണെന്നു വ്യാപക പ്രചാരണമുണ്ടായെങ്കിലും ഒമർ തന്നെ നേരിട്ട് ഈ അഭ്യൂഹങ്ങളെല്ലാം തള്ളിക്കളഞ്ഞു.

2012ൽ പായലിൽ നിന്ന് വിവാഹ മോചനം ആവശ്യപ്പെട്ട് ഒമർ അബ്ദുല്ല കോടതിയെ സമീപിച്ചു. ദാമ്പത്യ ജീവിതത്തിൽ പായൽ അതീവ ക്രൂരയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു വിവാഹ മോചനം ആവശ്യപ്പെട്ടത്. ആരോപണങ്ങളെല്ലാം തന്നെ പായൽ അഭിഭാഷകൻ മുഖേന നിഷേധിച്ചു. അതിനിടെ കേന്ദ്ര മന്ത്രിയായിരിക്കെ ഒമർ അബ്ദുല്ലയുടെ ഔദ്യോഗിക വസതിയായിരുന്ന അക്‌ബർ റോഡിലെ സ്പൗളിങ് ബംഗ്ലാവിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ജമ്മു കാശ്മീർ സർക്കാർ പായലിന് നോട്ടിസ് നൽകി. 1999ൽ കേന്ദ്ര മന്ത്രിയായിരിക്കെ ലഭിച്ച ഔദ്യോഗിക വസതി പിന്നീട് ജമ്മു കാശ്മീർ മുഖ്യമന്ത്രിയായപ്പോഴും ഒമർ കൈവശം വച്ചിരിക്കുകയായിരുന്നു.

ഭർത്താവിന് കേന്ദ്ര സർക്കാർ അനുവദിച്ച വീടാണിതെന്നും ഒഴിഞ്ഞു കൊടുക്കാൻ ആവശ്യപ്പെടാൻ ജമ്മു കശ്മീർ സർക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചു. പക്ഷേ, അനുകൂല വിധി ലഭിച്ചില്ല. തനിക്കും മക്കൾക്കും ഇസഡ് പ്ലസ് സുരക്ഷ വേണമെന്നും അവരെക്കൂടി ഉൾപ്പെടുത്താൻ കഴിയുന്ന ഒരു വീട് വേണമെന്നുമായിരുന്നു പായലിന്റെ ആവശ്യം. എന്നാൽ, പായിലിന് ഡൽഹിയിൽ അത്ര സുരക്ഷ ഭീഷണിയില്ലെന്നായിരുന്നു അന്നത്തെ കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്. പിന്നീട് ഈ വീട് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.

തൊട്ടു പിന്നാലെ തന്നെ തനിക്കും മക്കൾക്കും പ്രതിമാസം 15 ലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട് പായൽ കോടതിയെ സമീപിച്ചു. തനിക്ക് വിവാഹ മോചനത്തിൽ താൽപര്യമില്ലെന്നും തന്നെയും മക്കളെയും ഒമർ അബ്ദുല്ല അവഗണിക്കുകയാണെന്നുമായിരുന്നു പായലിന്റെ വാദം. പായലിന് സുഖ ജീവിതം നയിക്കാനുള്ള വരുമാനം ഉണ്ടെന്നായിരുന്നു ഒമറിന്റെ വാദം. എന്നാൽ, താൻ പിതാവിനെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നായിരുന്നു അവരുടെ നിലപാട്. പിന്നീട് വിചാരണക്കോടതി പ്രതിമാസം ജീവനാംശം 75000 രൂപയാക്കി നിശ്ചയിച്ചു. ഇതാണ് ഡൽഹി ഹൈക്കോടതി 1.5 ലക്ഷം രൂപയാക്കി വർധിപ്പിച്ചത്.