മുബൈ: ഗുജറാത്ത് കലാപകാലത്ത് കൂട്ടബലാൽസംഗത്തിന് ഇരയാകുമ്പോൾ ബിൽക്കിസ് ബാനുവിന് 21 വയസ്സായിരുന്നു പ്രായം. അഞ്ചുമാസം ഗർഭിണി. ജീവൻ നഷ്ടപ്പെടുമെന്ന് ഭയന്ന് കുടുംബത്തിനൊപ്പം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബലാൽസംഗത്തിന് ഇരയായപ്പോൾ അന്ന് കൺമുന്നിൽ മൂന്ന് വയസുള്ള കുട്ടി ഉൾപ്പടെ ഏഴ് കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.

നിറഗർഭിണിയായ യുവതിയെ ക്രൂരമായി പീഡിപ്പിച്ച പ്രതികൾക്ക് ജയിൽശിക്ഷ വിധിച്ചത് മഹാരാഷ്ട്രയിലെ കോടതിയായിട്ടും അതേ കേസിലെ എല്ലാ പ്രതികളെയും വെറുതേവിട്ട് ഗുജറാത്ത് സർക്കാർ രംഗത്തെത്തിയപ്പോൾ വൻപ്രതിഷേധമാണ് അന്ന് ഉയർന്നത്. എന്നാൽ നീതി തേടി പരമോന്നത കോടതിയിലെത്തിയ ബിൽക്കീസ് ബാനുവിന് ഒടുവിൽ നീതി ഉറപ്പാക്കുന്ന വിധിയാണ് സുപ്രീം കോടതിയിൽനിന്നും ഇന്നുണ്ടായിരിക്കുന്നത്.

സ്ത്രീ ബഹുമാനം അർഹിക്കുന്നുവെന്നും അതിജീവിതയുടെ അവകാശം സംരക്ഷിക്കപ്പെടണമെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതിയുടെ വിധി. ഇളവ് നൽകണമെങ്കിൽ അതിനുള്ള അവകാശം മഹാരാഷ്ട്ര സർക്കാരിനാണെന്നും ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നുമുള്ള സുപ്രീം കോടതി നിരീക്ഷണം ഗുജറാത്ത് സർക്കാരിനു വൻതിരിച്ചടിയാണ്.

2002ലെ ഗുജറാത്തു കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ സംഘം ചേർന്നു പീഡിപ്പിക്കുകയും ഏഴ് കുടുംബാംഗങ്ങളെ കൊല്ലുകയും ചെയ്ത കേസിൽ 11 പ്രതികൾ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടിരുന്നു. ബിൽക്കീസ് ബാനു 5 മാസം ഗർഭിണിയായിരിക്കെയാണ് കലാപകാരികളിൽ നിന്ന് രക്ഷപ്പെടാൻ ബന്ധുക്കളോടൊപ്പം ഒളിച്ചുപോയത്.

2002 മാർച്ച് 3ന് അക്രമികൾ ഇവരെ കണ്ടെത്തുകയും ഏഴ് പേരെ കൊലപ്പെടുത്തുകയും ബിൽക്കീസ് ബാനുവിനെ പീഡിപ്പിക്കുകയും ചെയ്തു. ബാനുവിന് ഒപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞിനെ കൺമുന്നിൽ വച്ച് കൊലപ്പെടുത്തിയതിനും അവൾ സാക്ഷിയായി. മരിച്ചെന്നു കരുതി ഉപേക്ഷിക്കപ്പെട്ട ബാനുവിനെ മൂന്ന് ദിവസത്തിനു ശേഷമാണ് കണ്ടെത്തിയത്.

കുടുംബത്തിലെ ആറു പേർ ഓടി രക്ഷപ്പെട്ടു. 2004ലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അഹമ്മദാബാദിലാണ് വിചാരണ ആരംഭിച്ചത്. 2008 ജനുവരി 21-ന് പ്രത്യേക സിബിഐ കോടതി പതിനൊന്ന് പ്രതികൾക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഗർഭിണിയായ സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ഗൂഢാലോചന, കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ഇവരെ ശിക്ഷിച്ചത്.

കേസിന്റെ വിചാരണ ഗുജറാത്തിൽ നിന്ന് മുബൈയിലേക്ക് മാറ്റിയിരുന്നു. 2008-ൽ സിബിഐ അന്വേഷിച്ച കേസിൽ 11 പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2017-ൽ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവെച്ചു. കേസിൽ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ച 11 കുറ്റവാളികളെ 2022 ഓഗസ്റ്റ് 15-നാണ് മോചിപ്പിച്ചത്.

ജസ്വന്ത്ഭായ്, ഗോവിന്ദ്ഭായ്, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻചന്ദ്ര ജോഷി, കേസർഭായ് വൊഹാനിയ, പ്രദീപ് മൊറാദിയ, ബക്ഭായ് വൊഹാനിയ, രാജുഭായ് സോണി, മിതേഷ് ഭട്ട്, രമേഷ് ചന്ദ്രാന എന്നിവരാണ് മോചിതരായത്. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞ പ്രതികളുടെ അപേക്ഷ പരിഗണിച്ചാണ് മാപ്പുനൽകി വിട്ടയച്ചത്. ഗുജറാത്ത് കലാപത്തിനിടെ നടന്ന ക്രൂര സംഭവങ്ങളിലൊന്നിലെ പ്രതികളെ വിട്ടയച്ചതിനെതിരെ വ്യാപകപ്രതിഷേധവും ഉയർന്നിരുന്നു.

2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രതികളെ മോചിപ്പിച്ചതിനെതിരെ ബിൽക്കീസ് ബാനോയും സിപിഎം നേതാവ് സുഭാഷിണി അലിയും തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും നൽകിയ ഹർജികളിലാണു കോടതി വിധി പറഞ്ഞത്. ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ചാണു വാദം കേട്ടത്. ശിക്ഷാ ഇളവു നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നതടക്കമുള്ള വിഷയങ്ങളാണ് കോടതി പരിഗണിച്ചത്.

ശിക്ഷാ ഇളവ് ചെയ്യുന്നതിനെപ്പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്നും കുറ്റവാളികൾ ഒരു ഇളവും അർഹിക്കുന്നില്ലെന്നും ബിൽക്കിസ് ബാനു സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു. കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാൽ സിആർപിസി 432 അനുസരിച്ച് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ മുബൈ കോടതിയിലെ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു.

സിബിഐ അന്വേഷിച്ച കേസായതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതി തേടണമായിരുന്നു. എന്നാൽ, വിചാരണ കോടതി ജഡ്ജിയുടെ അഭിപ്രയം തേടിയിരുന്നില്ലെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. 1992 നയം അനുസരിച്ച് ഗുജറാത്ത് സർക്കാർ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ഹർജിക്കാർ വാദിച്ചു. ഈ നിയമം പിന്നീട് സർക്കാർ മാറ്റിയിരുന്നു. കൂട്ടബലാൽസംഗ ക്കേസിലെ പ്രതികളെ ഇളവുകൾ നിന്ന് ഒഴിവാക്കിയിരുന്നെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.

പ്രതികൾ കീഴടങ്ങണം, സുപ്രധാന നിരീക്ഷണം

വിട്ടയയ്ക്കപ്പെട്ട പ്രതികൾ ഒരാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. കേസിൽ പതിനൊന്ന് പ്രതികളേയും വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു പ്രതികൾ ഒരാഴ്ചക്കുള്ളിൽ കീഴടങ്ങാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്.

സമീപകാലത്ത് ഏറ്റവും ദൈർഘ്യമേറിയ വിധിപ്രസ്താവമാണ് സുപ്രീം കോടതിയിൽ ജസ്റ്റിസ് ബി.വി. നാഗരത്‌ന നടത്തിയത്. കേസിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ പരാമർശിച്ചുകൊണ്ട്, 55 മിനിറ്റ് നീണ്ടുനിന്ന വിശദമായ വിധിപ്രസ്താവമാണ് ഇന്നുണ്ടായിരിക്കുന്നത്. കേസിൽ നൽകിയ ഹർജിയുടെ നിലനിൽപ്പ് മുതൽ പ്രതികളുടെ ശിക്ഷാ ഇളവ് റദ്ദ് ചെയ്ത സാഹചര്യത്തിൽ ഇവരെ എന്തുചെയ്യണം എന്നതുൾപ്പെടെ ഏഴുവിഷയങ്ങൾ വിധിയിൽ പരാമർശിക്കുന്നുണ്ട്.

കുറ്റവാളികൾക്ക് ശിക്ഷാ ഇളവ് നൽകിയ ഗുജറാത്ത് സർക്കാരിന്റെ നടപടി ചട്ടവിരുദ്ധവും നിയമവിരുദ്ധവുമാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കി. നിയമവ്യവസ്ഥയെ സർക്കാർ അട്ടിമറിച്ചെന്ന് ചൂണ്ടിക്കാണിച്ച കോടതി, ഗുജറാത്ത് സർക്കാർ ഇല്ലാത്ത അധികാരം ഉപയോഗിച്ചുവെന്നും വ്യക്തമാക്കി. പ്രതികളുമായി സർക്കാർ ഒത്തുകളിച്ചുവെന്നും പ്രതികളെ മോചിപ്പിച്ച സർക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്നും കോടതി ചൂണ്ടിക്കാണിച്ചു.

സർക്കാർ സുപ്രീം കോടതി ഉത്തരവ് തെറ്റായി വ്യാഖ്യാനം ചെയ്തുവെന്നും കോടതി നിരീക്ഷിച്ചു. അധികാരം ദുർവിനിയോഗം ചെയ്തതിന്റെ പേരിൽ ഉത്തരവ് റദ്ദാക്കുന്നുവെന്നും വ്യക്തമാക്കിയാണ് കേസിൽ സർക്കാർ മോചിപ്പിച്ച 11 പ്രതികളോടും വീണ്ടും ജയിലിൽ പോകാൻ കോടതി നിർദ്ദേശിച്ചത്. പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. കുറ്റകൃത്യം നടന്ന സംസ്ഥാനത്ത് ഇളവ് നൽകാൻ അവകാശമില്ല. വിചാരണ നടന്ന മഹാരഷ്ട്രയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നു കോടതി പറഞ്ഞു.

ഒരു പ്രതിക്ക് ഇളവ് നൽകാവുന്നത് പരിശോധിക്കാനുള്ള സുപ്രീം കോടതിയുടെ തന്നെ മുൻ ഉത്തരവിനോടും ബെഞ്ച് വിയോജിച്ചു. കുറ്റകൃത്യം നടന്ന സ്ഥലമോ ജയിൽ കിടന്ന സ്ഥലമോ ഏത് എന്നത് ഇളവ് നൽകാൻ കാരണമല്ല. ഗുജറാത്ത് സർക്കാരിന് ഇളവ് നൽകാമെന്ന് ഒരു പ്രതിയുടെ കേസിൽ സുപ്രീം കോടതി വിധിച്ചത് ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമെന്നും ഇന്നു കോടതി വ്യക്തമാക്കി. നീതി എന്ന വാക്ക് കോടതികൾക്ക് വഴി കാട്ടണമെന്നും ഇതിനെതിരായ വിധികൾ തിരുത്താനുള്ള ബാധ്യത കോടതിക്കുണ്ടെന്നും ജസ്റ്റിസ് നാഗരത്‌ന വ്യക്തമാക്കി.

സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ ഇത്തരത്തിൽ തീരുമാനം എടുത്തതെന്നാണ് ഗുജറാത്ത് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാൽ കേസുമായി ബന്ധപ്പെട്ട വസ്തുതകൾ മറച്ചുവെച്ച് പ്രതികളിൽ ഒരാൾ സുപ്രീം കോടതിയെ കബളിപ്പിച്ചുകൊണ്ട് നേടിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗുജറാത്ത് സർക്കാർ തുടർനടപടികൾ സ്വീകരിച്ചതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ഇല്ലാത്ത അധികാരം ഉപയോഗിച്ചു കൊണ്ടാണ് ഗുജറാത്ത് സർക്കാർ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കിയതെന്നും ആ ഉത്തരവ് തങ്ങൾ റദ്ദാക്കുകയാണ് ചെയ്യുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന വിധിപ്രസ്താവത്തിൽ പറയുന്നു. തങ്ങൾക്ക് അധികാരമില്ല എന്ന് മനസ്സിലായിട്ടും ഗുജറാത്ത് സർക്കാർ അത്തരം ഒരു നടപടിയുമായി മുന്നോട്ടുപോയത് തികച്ചും തെറ്റായ ഒരു നടപടിയെന്ന് കോടതി വ്യക്തമാക്കി. നിയമം ലംഘിച്ചവർ ജയിലിലേക്ക് പോകണം. ജനാധിപത്യത്തിൽ നിയമവാഴ്ച നിലനിൽക്കണം. നിയമവാഴ്ചയില്ലെങ്കിൽ സമത്വമില്ല. നിയമലംഘനത്തിൽ അനുകമ്പയ്ക്ക് അടിസ്ഥാനമില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസിന്റെ നാൾവഴികൾ

സുരക്ഷയെ കരുതി കേസിന്റെ വിചാരണ ഗുജറാത്തിൽ നിന്നും മുബൈയിലേക്ക് മാറ്റി.
2008 ൽ സിബിഐ അന്വേഷിച്ച കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷിച്ചു.
2017ൽ ബോംബൈ ഹൈക്കോടതി ശിക്ഷ ശരിവച്ചു.
2022ൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 11 പ്രതികളെയും ഗുജറാത്ത് സർക്കാർ മോചിപ്പിച്ചു.

സിപിഎം നേതാവ് സുഭാഷിണി അലി, തൃണമുൽ കോൺഗ്രസ് എംപിയായിരുന്ന മഹുവ മൊയ്ത്ര എന്നിവരാണ് കുറ്റവാളികളുടെ ശിക്ഷ ഇളവ് ചെയ്ത് വിട്ടയച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

ബിൽക്കീസ് ബാനു 2022 നവംബറിൽ സുപ്രീം കോടതിയെ സമീപിച്ചു. 1992ലെ നിയമം അനുസരിച്ച് ഗുജറാത്ത് സർക്കാർ തെറ്റായിട്ടാണ് 11 പേരെയും വിട്ടയച്ചതെന്ന് ഹർജിയിൽ സൂചിപ്പിച്ചിരുന്നു. ഈ നിയമം പിന്നീട് സർക്കാർ മാറ്റിയിരുന്നു. കൂട്ടബലാൽസംഗക്കേസിലെ പ്രതികളെ ഇളവുകൾ നിന്ന് ഒഴിവാക്കിയിരുന്നു.

"കേസ് മുബൈയിലേക്ക് മാറ്റിയിരുന്നതിനാൽ സിആർപിസി 432 അനുസരിച്ച് സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുക്കുമ്പോൾ മുബൈ കോടതിയിലെ ജഡ്ജിയുടെ അഭിപ്രായം തേടണമായിരുന്നു. സിബിഐ അന്വേഷിച്ച കേസായതിനാൽ കേന്ദ്രസർക്കാരിന്റെ അനുമതി തേടണമായിരുന്നു" എന്നായിരുന്നു ഹർജിക്കാരുടെ വാദം

2022 ലെ സുപ്രീംകോടതി വിധിയാണ് സംസ്ഥാന സർക്കാരും പ്രതികളും കോടതിയിൽ ചൂണ്ടിക്കാണിച്ചത്. പ്രതികളിൽ ഒരാളായ ആർ ഭഗവൻദാസ് ഷായുടെ മോചനത്തിന് 92ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ രണ്ടുമാസത്തിനകം തീരുമാനമെടുക്കാൻ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 11 കുറ്റവാളികളെയും മോചിപ്പിച്ചത് എന്നാണ് സംസ്ഥാന സർക്കാരിന്റെ വാദം.

ഗോധ്ര കോടതിയിലെ പ്രിസൈഡിങ് ജഡ്ജിന്റെ അഭിപ്രായം 2022 ജൂൺ 3ന് തേടിയിരുന്നുവെന്നും ജയിൽ ഉപദേശക സമിതി രൂപീകരിച്ചിരുന്നുവെന്നും സർക്കാർ കോടിതയെ അറിയിച്ചു. ലോക്കൽ പൊലീസിനോടും അഭിപ്രായം തേടിയിരുന്നു. അതേസമയം, ശിക്ഷ ഇളവ് ചെയ്യുന്നതിനെപ്പറ്റി തന്നെ അറിയിച്ചിരുന്നില്ലെന്നും പ്രതികൾ ഒരു ഇളവും അർഹിക്കുന്നില്ലെന്നും ബിൽക്കീസ് ബാനോ കോടതിയിൽ പറഞ്ഞിരുന്നു.