- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂർ ആനക്കോട്ടയിലെ സാഹചര്യം പരിശോധിക്കാൻ നിർദ്ദേശം നൽകി ഹൈക്കോടതി
കൊച്ചി: ഗുരുവായൂർ ദേവസ്വത്തിനു കീഴിലുള്ള പുന്നത്തൂർ കോട്ടയിൽ ആനകളെ മർദിക്കുന്ന ദൃശ്യം പുറത്തുവന്നതിനു പിന്നാലെ ആനക്കോട്ടയിലെ ആനകളുടെ സൗകര്യം പരിശോധിക്കാൻ കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി ഹൈക്കോടതി. ഉത്സവക്കാലത്ത് ആനകളെ നിയന്ത്രണമില്ലാതെ കൊണ്ടുനടക്കുന്നതിനു പിന്നിൽ ഇടനിലക്കാരാണെന്നും സാമ്പത്തികലാഭം മാത്രമാണ് ഇവർ നോക്കുന്നതെന്നും കോടതി വിമർശിച്ചു. കഴിഞ്ഞദിവസം ഗുരുവായൂർ ആനക്കോട്ടയിൽ ആനയെ പാപ്പാന്മാർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
ഗുരുവായൂർ ആനക്കോട്ട സംഭവത്തിൽ രണ്ട് ഡിവിഷൻ ബെഞ്ചുകളുടെ ഇടപെടലാണുണ്ടായത്. ദേവസ്വംബെഞ്ച് ഇടപെട്ട് ആനക്കോട്ടയിലെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനമെടുത്തു. ആനിമൽ വെൽഫയർ ബോർഡുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആനക്കോട്ടയിൽ പരിശോധന നടത്താനും സൗകര്യങ്ങൾ വിലയിരുത്താനും ഹൈക്കോടതി ആവശ്യപ്പെട്ടു.
ആനക്കോട്ടയിലെ നിലവിലെ സാഹചര്യങ്ങൾ മോശമാണെന്നും കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ നടയ്ക്കിരുത്തിയ ആനകൾക്ക് നൽകണമെന്നും അതിനുള്ള സാമ്പത്തിക ശേഷി ഗുരുവായൂർ ദേവസ്വം ബോർഡിന് ഉണ്ടെന്നും ഹൈക്കോടതി വിലയിരുത്തി. ഭഗവാന് ഇഷ്ടമാണെന്ന് കരുതിയാണ് ഭക്തർ ആനകളെ നടയ്ക്കിരുത്തുന്നത്. അങ്ങനെ നടയ്ക്കിരുത്തിയ ആനകളുടെ ഗതി ഇതാണെങ്കിൽ എങ്ങനെയാണ് കാര്യങ്ങൾ മുന്നോട്ടുപോകുകയെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്.
സംസ്ഥാനത്തെ ആന എഴുന്നള്ളിപ്പിന്റെ കാര്യത്തിലും ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുണ്ടായിരിക്കുകയാണ്. കഴിഞ്ഞദിവസം എഴുന്നള്ളിപ്പിന് കൊണ്ടുപോയ കുട്ടിക്കൃഷ്ണൻ എന്ന ആന അപകടത്തിൽപ്പെടുകയും കൊമ്പൊടിയുകയും ചെയ്ത സാഹചര്യത്തിലാണ് ഇടപെടൽ. നിലവിലുള്ള സ്ഥലത്തുനിന്ന് കുട്ടിക്കൃഷ്ണനെ മാറ്റരുതെന്നും ആരോഗ്യപരിശോധന നടത്തണമെന്നും കോടതി നിർദേശിച്ചു.
ഉത്സവകാലത്ത് നിയന്ത്രണങ്ങളില്ലാതെയാണ് സാമ്പത്തിക ലാഭം മാത്രംനോക്കി ആനകളെ കൊണ്ടുനടക്കുന്നതെന്നും ആനയ്ക്ക് വോട്ടില്ലാത്തതിനാൽ അവയ്ക്ക് വേണ്ടി സംസാരിക്കാൻ ആരുമില്ലെന്നും കോടതി വിമർശിച്ചു. 409 നാട്ടാനകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ ആനകളുടെ കാര്യത്തിൽ ഓഡിറ്റ് വേണമെന്നാണ് കോടതിയുടെ നിർദ്ദേശം. ആനകളുടെ ആരോഗ്യസ്ഥിതി, ഉടമസ്ഥരുടെ വിവരങ്ങൾ, ചിപ്പുകളുടെ അവസ്ഥ തുടങ്ങിയവ പരിശോധിക്കണമെന്നും ആരോഗ്യസ്ഥിതി മോശമായ ആനകളുടെ എഴുന്നള്ളത്ത് തടയണമെന്നും കോടതി വ്യക്തമാക്കി.
എന്താണ് ആനക്കോട്ടയിൽ നടക്കുന്നതെന്ന് അറിവുണ്ടോ എന്ന് ഗുരുവായൂർ ദേവസ്വത്തോടു കോടതി ചോദിച്ചു. മാനേജിങ് കമ്മിറ്റിക്ക് ഇതിൽ ഉത്തരവാദിത്തം വേണ്ടതില്ലേ എന്നും ആരാഞ്ഞു. ആനകളുടെ സംരക്ഷണം സംബന്ധിച്ച് എല്ലാ വിധ ഉത്തരവുകളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. ആനകളോട് ക്രൂരമായി പെരുമാറുന്നവർക്കെതിരെ കടുത്ത നടപടികൾ ഉണ്ടാവണം. ഇരുമ്പുതോട്ടി ഉപയോഗിക്കുന്ന പാപ്പാന്മാർക്കെതിരെ കർശന നടപടി വേണം. ആനക്കോട്ടയിൽ സിസിടിവി സ്ഥാപിക്കണമെന്നും കോടതി നിർദേശിച്ചു.
പുന്നത്തൂർകോട്ടയിലെ ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ കെ.എസ്.മായാദേവി, ആനകൾക്ക് മർദനമേറ്റ സംഭവവും അതിന്മേൽ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നിവയുമടക്കം ചൊവ്വാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, ജി.ഗിരീഷ് എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിലെ റേഞ്ച് ഫോറസ്റ്റ് ഓഫിസറെ കേസിൽ കക്ഷി ചേർത്ത കോടതി ഇവരോടും ചൊവ്വാഴ്ചയ്ക്കകം സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ഫ്ളയിങ് സ്ക്വാഡിനെയും കേസിൽ കക്ഷി ചേർത്ത ഹൈക്കോടതി പുന്നത്തൂർ ആനക്കോട്ടയിലെത്തി പരിശോധന നടത്താൻ നിർദേശിച്ചിരുന്നു. ചൊവ്വാഴ്ച ഈ റിപ്പോർട്ടും കോടതിക്ക് നൽകണം. ഏഷ്യൻ എലിഫന്റസ് സൊസൈറ്റി സ്ഥാപക സംഗീത അയ്യർ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ പരിപാലനം കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംഗീത അയ്യർ നൽകിയിരുന്ന ഹർജി കോടതി ഇന്നലെയും പരിഗണിച്ചിരുന്നു.
അരിക്കൊമ്പൻ വിഷയത്തിലും ഹൈക്കോടതി ഇടപെടലുണ്ടായി. അരിക്കൊമ്പൻ എവിടെയാണെന്നും ഇപ്പോഴത്തെ ആരോഗ്യസ്ഥിതി എന്താണ്, റേഡിയോ കോളർ പ്രവർത്തിക്കുന്നുണ്ടോ, ആരാണ് അത് മോണിറ്റർചെയ്യുന്നത് തുടങ്ങിയ വിവരങ്ങൾ ഡിവിഷൻ ബെഞ്ച് വനംവകുപ്പിനോട് ആരാഞ്ഞു. തമിഴ്നാട് വനം മേഖലയിൽ തന്നെയാണ് അരിക്കൊമ്പൻ ഉള്ളതെന്നും രണ്ടുമൂന്ന് തവണ പുറത്തേക്കുവരാനുള്ള ശ്രമം നടത്തിയെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു. ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ കൂടുതൽ ദൂരം സഞ്ചരിച്ചിരുന്നില്ലെന്നും ആരോഗ്യം മെച്ചപ്പെട്ട സാഹചര്യത്തിൽ ആനക്കൂട്ടത്തോടൊപ്പം അരിക്കൊമ്പൻ ചേർന്നിട്ടുണ്ടെന്നും വനംവകുപ്പ് കോടതിയെ അറിയിച്ചു.