- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നീറ്റ് പരീക്ഷ വിവാദം: നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ്
ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായുള്ള വിവാദത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ച് സുപ്രീംകോടതി. വിവാദം പരീക്ഷയുടെ പവിത്രതയെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയ കോടതി നോട്ടീസിന് മറുപടി നൽകണമെന്നും ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നുവെന്നാരോപിച്ച് 10 പേരാണ് ഹർജിയുമായി കോടതിയിലെത്തിയത്. അടുത്ത മാസം 8ന് ഹർജി വീണ്ടും പരിഗണിക്കും. പരീക്ഷ റദ്ദാക്കണമെന്നും വീണ്ടും പരീക്ഷ നടത്തണമെന്നുമുള്ള ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതി വിശദീകരണം തേടിയത്.
അതേസമയം, എംബിബിഎസ് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്റെ കൗൺസലിങ് നടപടികൾ സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചു. ജസ്റ്റിസ് അസ്മാനുള്ള അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജൂലായ് എട്ടിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.
ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ നീറ്റ്-യു.ജി.യിൽ 67 പേരാണ് ഒന്നാംറാങ്ക് കരസ്ഥമാക്കിയത്. ഇത്രയേറെപ്പേർ ഒന്നാംറാങ്ക് നേടുന്നത് ആദ്യമാണ്. ഹരിയാണയിലെ ഒരു സെന്ററിൽനിന്നുമാത്രം ആറുപേർക്ക് മുഴുവൻ മാർക്കും ലഭിച്ചതായി ആരോപണമുയർന്നിരുന്നു. 2020-ൽ രണ്ടുപേർക്കും 2021-ൽ മൂന്നുപേർക്കും 2023-ൽ രണ്ടുപേർക്കുമാണ് മുഴുവൻ മാർക്ക് ലഭിച്ചത്. 2022-ൽ നാലുപേർ ഒന്നാം റാങ്ക് നേടിയെങ്കിലും 715 മാത്രമായിരുന്നു അവരുടെ സ്കോർ. ഇത്തവണ ഒന്നാം റാങ്കിൽ മാത്രമല്ല, താഴെയുള്ള മറ്റു റാങ്കുകളിലും സ്കോർ വളരെ ഉയർന്നതാണ്.
ആരോപണങ്ങൾ ശക്തമായതോടെ 44 പേർക്ക് മുഴുവൻ മാർക്കും കിട്ടിയത് ഗ്രേസ് മാർക്കിലൂടെയാണെന്ന് എൻ.ടി.എ ചെയർമാൻ സുബോദ് കുമാർ സിങ് വ്യക്തമാക്കിയിരുന്നു. പരീക്ഷ വൈകിയതുമൂലം സമയം തികയാതെവന്നവർക്ക് സുപ്രീംകോടതിയുടെ നേരത്തെയുള്ള നിർദേശ പ്രകാരം ഗ്രേസ് മാർക്ക് നൽകി. ഇതാണ് ഒന്നാം റാങ്കിന്റെ എണ്ണം കൂടാൻ കാരണം. ഗ്രേസ് മാർക്കിൽ അപാകതയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പുതിയ സമിതി രൂപവത്കരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
പരീക്ഷയിലെ ക്രമക്കേടിനെതിരെ രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിച്ചിരുന്നു. ഇടതു വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് മുന്നിലാണ് പ്രതിഷേധിച്ചത്. എസ്എഫ്ഐ അടക്കമുള്ള ഇടത് വിദ്യാർത്ഥി സംഘടനകളാണ് പ്രതിഷേധം നടത്തിയത്. നീറ്റ് പരീക്ഷ നടത്തിപ്പിലെ അഴിമതി അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണം, സർവകലാശാലകൾക്ക് പ്രവേശന പരീക്ഷകൾ നടത്താനുള്ള സ്വയം ഭരണാധികാരത്തിൽ കൈ കടത്തരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകുകയായിരുന്നു. ഇതിനിടെ ഭരണാനുകൂല വിദ്യാർത്ഥി സംഘടനയായ എബിവിപി എൻടിഎ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. എബിവിപി ഭാരവാഹികൾ എൻടിഎ ഡയറക്ടറെ കണ്ടു നിവേദനം നൽകി. എംഎസ്എഫും ഡൽഹിയിൽ പ്രതിഷേധം നടത്തി.
ഫലം പ്രഖ്യാപിച്ചപ്പോൾ 67 പേർക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചർച്ചയാകുന്നത്. ഇതിൽ ആറ് പേർ ഒരേ സെന്ററിൽ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാർ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരിൽ 47 പേർക്ക് ഗ്രേസ് മാർക്ക് നൽകിയെന്നാണ് എൻടിഎ പറയുന്നത്. എൻസിഇആർടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാർക്ക് എന്നാണ് എൻടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാർക്ക് നൽകിയത്. മുൻകോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാർക്ക് നൽകിയതെന്നാണ് എൻടിഎ വ്യക്തമാക്കുന്നത്. എന്നാൽ, ഇതിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ആക്ഷേപം ഉന്നയിക്കുകയാണ്.