- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയ നേതാക്കൾക്ക് മറ്റ് ഏതൊരു പൗരനേയും പോലെ നിയമപരമായ പരിഹാരം തേടാം; രാഷ്ട്രീയക്കാർക്ക് മറ്റു പൗരന്മാരേക്കാൾ അധികമായി ഒരു പരിരക്ഷയും ഇല്ല; പ്രതിപക്ഷ പാർട്ടികൾക്കു സുപ്രീം കോടതിയിൽ തിരിച്ചടി; അന്വേഷണത്തിൽ നിന്നും പ്രതിപക്ഷം ഒഴികഴിവുകൾ തേടുകയാണോയെന്നും കോടതി
ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കൾക്കെതിരെ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ച് പതിനാലു പ്രതിപക്ഷ പാർട്ടികൾ ചേർന്നു നൽകിയ ഹർജി സുപ്രീം കോടതി പരിഗണിച്ചില്ല. സാധാരണ പൗരന്മാരേക്കാൾ പ്രത്യേക പരിഗണനയൊന്നും രാഷ്ട്രീയ നേതാക്കൾക്ക് അവകാശപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.കോൺഗ്രസ്, സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ്, ആംആദ്മി പാർട്ടി, എൻസിപി, ശിവസേന തുടങ്ങിയവ ഉൾപ്പെടെയുള്ള പാർട്ടികളാണ് ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാക്കളെ കേന്ദ്രം അന്വേഷണ ഏജൻസികളെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. അറസ്റ്റിന് മാർഗനിർദ്ദേശം കൊണ്ടുവരണമെന്നായിരുന്നു ഹർജിയിലെ മുഖ്യ ആവശ്യം.
2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം പ്രതിപക്ഷ നേതാക്കൾക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി), സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) എന്നീ ഏജൻസികളുടെ കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതായി ഹർജിയിൽ പറയുന്നു.രാഷ്ട്രീയ നേതാക്കൾക്ക് സാധാരണ പൗന്മാരേക്കാൾ അധികമായി ഒരു പരിരക്ഷയും ഇല്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പർദിവാല എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നിയമപരമായി സാധാരണക്കാരുടെ അതേ അവകാശം തന്നെയാണ് രാഷ്ട്രീയ നേതാക്കൾക്കുമുള്ളതെന്ന് കോടതി പറഞ്ഞു.
അന്വേഷണ ഏജൻസികളെ ദുരുപയോഗിക്കുന്നുണ്ടെങ്കിൽ രാഷ്ട്രീയ നേതാക്കൾക്ക് മറ്റ് ഏതൊരു പൗരനേയും പോലെ നിയമപരമായ പരിഹാരം തേടാം. അല്ലാതെ പ്രത്യേക പരിരക്ഷ അവകാശപ്പെടാനോ അറസ്റ്റിന് പ്രത്യേക മാർഗ നിർദ്ദേശം വേണമെന്ന് പറയാനോ ആവില്ല. സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയ അന്വേഷണ ഏജൻസികളുടെ പ്രവർത്തനം മൂലം പ്രതിപക്ഷ പ്രവർത്തനത്തിനുള്ള ഇടം ചുരുങ്ങുന്നുണ്ടെങ്കിൽ അതിനു പരിഹാരം രാഷ്ട്രീയത്തിൽ തന്നെയാണ്, കോടതിയിൽ അല്ലെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ നേതാക്കൾക്കെതിരായ നടപടികളുടെ വിവരങ്ങൾ മാത്രം വച്ച് മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നു ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എന്നാൽ,ഹർജിയിൽ സംശയം പ്രകടിപ്പിച്ച ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, അന്വേഷണത്തിൽ നിന്നും പ്രതിപക്ഷ നേതാക്കൾ ഒഴികഴിവുകൾ തേടുകയാണോയെന്ന് ചോദിച്ചു.അതേസമയം ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബെഞ്ച് അനുകൂലിക്കാത്തതിനെത്തുടർന്ന് ഹർജി പിൻവലിക്കുകയാണെന്ന്, പാർട്ടികൾക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മനു അഭിഷേക് സിങ്വി അറിയിച്ചു.
പ്രതിപക്ഷ നേതാക്കൾക്ക് സംരക്ഷണമോ ഇളവുകളോ ആവശ്യപ്പെടുന്നില്ലെന്ന് സിങ്വി കോടതിയെ അറിയിച്ചു. പ്രതിപക്ഷത്തെ ദുർബലപ്പെടുത്താനും നേതാക്കളുടെ മനോവീര്യം തകർക്കാനും സർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ്. ഇത് ജനാധിപത്യ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് സിങ്വി കോടതിയിൽ പറഞ്ഞു.
രാജ്യത്ത് ഇഡിയുടെയും സിബിഐയുടെയും 95 ശതമാനം കേസുകളും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണ്. മുൻകാലം താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഇഡി രജിസ്റ്റർ ചെയ്തത് ആറ് മടങ്ങ് കൂടുതൽ കേസുകളാണ്. ഇത് രാഷ്ട്രീയ പകപോക്കലിന്റെയും പക്ഷപാതത്തിന്റെയും വ്യക്തമായ സൂചനയാണെന്നും സിങ്വി ആരോപിച്ചു. കൃത്യമായ തെളിവുകളോ ന്യായീകരണങ്ങളോ ഇല്ലാതെയാണ് പ്രതിപക്ഷ നേതാക്കളിൽ പലരും അറസ്റ്റിലാകുന്നത്. ഇത്തരം നീക്കം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ചുമതലകൾ നിർവഹിക്കുന്നതിന് തടസ്സമാകുന്നുവെന്നും സിങ്വി കോടതിയെ അറിയിച്ചു.
എന്നാൽ ഈ ഹർജി രാഷ്ട്രീയക്കാർക്കുവേണ്ടിയുള്ള അപേക്ഷയാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അഴിമതി, കുറ്റകൃത്യം എന്നിവ ബാധിച്ചേക്കാവുന്ന മറ്റ് പൗരന്മാരുടെ അവകാശങ്ങളും താൽപര്യങ്ങളും പരിഗണിച്ചിട്ടില്ലെന്ന് ചന്ദ്രചൂഡ് പറഞ്ഞു. നേതാക്കൾ പ്രതികളായ കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് ഏങ്ങനെ പറയാനാകുമെന്ന് കോടതി ചോദിച്ചു. പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ ഇടം ചുരുങ്ങിയെങ്കിൽ പരിഹാരം കാണേണ്ടത് കോടതിയല്ല. ജനങ്ങൾക്കില്ലാത്ത നിയമപരിരക്ഷ രാഷ്ട്രീയ നേതാക്കൾക്ക് നൽകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കോടതിക്കു മുന്നിൽ വ്യക്തിഗത കേസുകൾ കൊണ്ടുവരുന്നതാണ് ഏറ്റവും ഉചിതമെന്നും ജസ്റ്റിസ് പറഞ്ഞു. തുടർന്ന് പ്രതിപക്ഷം ഹർജി പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ