കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം പി.പി ദിവ്യയ്ക്ക് എതിരെ തലശേരി കോടതിയില്‍ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍. ദിവ്യക്ക് ജാമ്യം നല്‍കരുതെന്ന് ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു. എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ദിവ്യ ഉണ്ടാക്കി. വ്യക്തിപരമായ ഈഗോയല്ല ഇരുവരും തമ്മിലെ പ്രശ്‌നമെന്നും അഭിഭാഷകന്‍ വാദിച്ചു. നവീന്റെ മരണത്തില്‍ ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കുടുംബത്തിന്റെ വാദം. അതേസമയം, ജാമ്യം കിട്ടിയാല്‍ ഇന്നുതന്നെ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് ദിവ്യയുടെ അഭിഭാഷകന്‍ കോടതിയില്‍ മറുവാദം ഉന്നയിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി ഉത്തരവ് 29 ന് പറയും.

പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണെന്നും ദിവ്യയുടെ സാമ്പത്തിക താത്പര്യവും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. പെട്രോള്‍ പമ്പിന് പിന്നില്‍ ബിനാമി ബന്ധമുണ്ട്. ആരാണ് ആ ബിനാമി എന്ന് കണ്ടെത്തണം. ദിവ്യ സംസാരിച്ച് തുടങ്ങിയപ്പോള്‍ എഡിഎമ്മിന്റെ മുഖം മാറിയിരുന്നു. പത്തനംതിട്ടയിലേക്കു പോകുമ്പോള്‍ ഇങ്ങനെ ആകരുതെന്നു പറഞ്ഞാല്‍ എന്താണ് അതിന്റെ അര്‍ഥം? താന്‍ വിളിച്ചുപറഞ്ഞിട്ടും എഡിഎം സ്ഥലം പരിശോധിക്കാത്തതിന്റെ പക ദിവ്യയ്ക്ക് ഉണ്ടായിയുന്നു. അതുകൊണ്ട് ആസൂത്രിതമായി നടപ്പാക്കിയ അപമാനിക്കലായിരുന്നു ചടങ്ങില്‍ നടന്നതെന്നും ദിവ്യയുടെ അഭിഭാഷകന്‍ പറഞ്ഞു.

സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്ന എഡിഎമ്മിന് താങ്ങാനാവാത്ത പ്രയാസം ഉണ്ടാക്കിയത് ദിവ്യയാണെന്ന് അഭിഭാഷകന്‍ വാദിച്ചു. സംഭവത്തിന് ശേഷവും എഡിഎമ്മിന് താറടിച്ചു കാണിക്കുകയാണ് പ്രതി. വിജിലന്‍സ് അന്വേഷണം ആരംഭിച്ചു എന്നത് തെറ്റായ വാദമാണ്.

അഴിമതി നടന്നെങ്കില്‍ പരാതി നല്‍കേണ്ടത് ഔദ്യോഗിക വഴിയിലാണെന്ന് അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ദിവ്യ നടത്തിയത് വ്യക്തിഹത്യയാണ്. കളക്ടര്‍ക്ക് ഉള്‍പ്പടെ ദിവ്യ പരാതി നല്‍കണമായിരുന്നു. നന്നായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനെതിരെയാണ് ആരോപണം ഉയര്‍ത്തിയത്. ഭരണഘടന ഉത്തരവാദിത്വമുള്ള എഡിഎമ്മിനെയാണ് ഭീഷണിപ്പെടുത്തിയത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റായ എഡിഎമ്മിനോട് സ്ഥലം സന്ദര്‍ശിക്കാന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ എങ്ങനെയാണ് നിര്‍ദേശിക്കുന്നതെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ ചോദിച്ചു.

പ്രശാന്തും ദിവ്യയും ഒരേ നേക്‌സസിന്റെ ഭാഗമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. പെട്രോള്‍ പമ്പ് ബിനാമി ഇടപാടാണ്. ഇതിലെ ദിവ്യയുടെ ബന്ധവും അന്വേഷിക്കണം. ഇതെന്തെങ്കിലും നടക്കുമോ എന്നാണ് ദിവ്യ എഡിഎമ്മിനോട് ചോദിച്ചത്. പെട്രോള്‍ പമ്പ് അനുമതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരിധിയില്‍ വരുന്നതല്ല. പിന്നെ എങ്ങിനെ ദിവ്യ ഇടപെട്ടു? ദിവ്യയുടെത് ആസൂത്രിത നടപടിയാണ്. അപമാനിക്കണം എന്ന ഉദ്ദേശതോടെ ചെയ്തതാണ്.

നിയമവിരുദ്ധമായി അനുമതി നല്‍കാത്തതാണ് എഡിഎമ്മിനോട് ദിവ്യക്ക് വൈരാഗ്യം വരാന്‍ കാരണമെന്ന് അഭിഭാഷകന്‍ കുറ്റപ്പെടുത്തി. പെട്രോള്‍ പമ്പിന് അനുമതി നല്‍കണമെന്ന് ഫോണിലൂടെ ദിവ്യ ആവശ്യപ്പെട്ടു. നിയമം നോക്കി ചെയ്യാമെന്നാണ് എഡിഎം പറഞ്ഞത്. ഇതാണ് വൈരാഗ്യത്തിന് കാരണം. ഉപഹാരം നല്‍കുന്ന സമയത്ത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ എഴുന്നേറ്റ് പോയത് അപമാനിക്കാന്‍ ഉദ്ദേശിച്ചാണ്. എഡിഎം കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് അവര്‍ തന്നെ പറയുന്നു. അതിനാണ് പൊതുമധ്യത്തില്‍ അപമാനിച്ചത്. ആ വീഡിയോ പത്തനംതിട്ടയില്‍ അടക്കം പ്രചരിച്ചു. ഇനി പോകുന്ന ഇടത്തും അപമാനിക്കലായിരുന്നു ലക്ഷ്യം. ആ വേദിയില്‍ ദിവ്യയോട് തിരിച്ച് മറുപടി പറയാതിരുന്നത് നവീന്റെ മാന്യതയാണെന്നും കുടുംബത്തിന്റെ അഭിഭാഷകന്‍ വാദിച്ചു.

ഇത് ആത്മഹത്യ പ്രേരണ തന്നെയാണ്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യല്‍ അനിവാര്യമാണ്. ഗൗരവതരമായ കുറ്റമാണ് ദിവ്യ ചെയ്തത്. ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണരുടെ മുന്നില്‍ ദിവ്യ ഹാജരായില്ല. ദിവ്യയുടെ മകളുടെ കാര്യമല്ല, നവീന്‍ ബാബുവിന്റെ അന്ത്യ കര്‍മ്മം ചെയ്യേണ്ടി വന്ന മകളുടെ അവസ്ഥയാണ് കോടതി പരിഗണിക്കേണ്ടത്. ദിവ്യ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ല എന്നും അഭിഭാഷകന്‍ പറഞ്ഞു.

ജഡ്ജി ജ. നിസാര്‍ അഹമ്മദാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. വിജിലന്‍സിന് പ്രശാന്തന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഒപ്പ് തെറ്റിയെന്നു പറഞ്ഞാല്‍ ചിലപ്പോള്‍ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പ

പ്രാദേശിക ചാനലുകളെ വിളിച്ചുവരുത്തിയത് ആസൂത്രിതമായിരുന്നു. സംഭവത്തിനു പിന്നില്‍ ഗൂഢാലോചനയും നടന്നു. ആസൂത്രിതമായ കുറ്റകൃത്യമാണു നടന്നത്. യാദൃച്ഛികമായി വന്നുപോയ വാക്കല്ല. നവീന്റെ മകള്‍ അന്ത്യകര്‍മങ്ങള്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ കോടതിയും കണ്ടിട്ടുണ്ടാകും. എത്രത്തോളം ഹൃദയഭേദകമാണ് ആ ചിത്രം. ഇതിനാല്‍ ഒരു പരിഗണയും ദിവ്യ അര്‍ഹിക്കുന്നില്ലെന്നും ജാമ്യം നല്‍കരുതെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.