- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ര വിശുദ്ധനെങ്കില്‍ എഡിഎമ്മിന് തന്റെ പ്രസംഗത്തില്‍ ഇടപെടാമായിരുന്നു; താന്‍ പറഞ്ഞത് തെറ്റെങ്കില്‍ തിരുത്താമായിരുന്നു; എഡിഎം പ്രശ്നക്കാരനെന്ന് താന്‍ പറഞ്ഞിട്ടില്ല; ആത്മഹത്യയിലേക്ക് നയിച്ച വാക്കേതാണ്? മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദത്തിനിടെ കുത്തുവാക്കുകളുമായി പി പി ദിവ്യ; കളക്ടര്‍ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തത് എന്നും വാദം
അത് വിശുദ്ധനെങ്കില്‍ എഡിഎമ്മിന് തന്റെ പ്രസംഗത്തില്‍ ഇടപെടാമായിരുന്നു
തലശേരി: എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് തന്നെ അനൗപചാരികമായി ക്ഷണിച്ചത് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയനെന്ന് പി പി ദിവ്യ.
യാത്രയയപ്പ് ഉണ്ട് ..ഉണ്ടാകില്ലേ എന്നുകളക്ടര്‍ ചോദിച്ചു. യോഗത്തിനു വരുമെന്നു കലക്ടറെ ഫോണിലാണ് അറിയിച്ചത്. യോഗത്തില്‍ തന്നെ സംസാരിക്കാന്‍ ക്ഷണിച്ചത് ഡപ്യൂട്ടി കലക്ടറാണെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു. തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നടക്കുന്ന വാദത്തില്‍, ദിവ്യക്ക് വേണ്ടി അഡ്വ. പി വിശ്വനാണ് ഹാജരായത്.
തനിക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും ദിവ്യ വാദിച്ചു. തന്റെ പ്രസംഗം ആത്മഹത്യയിലേക്ക് നയിക്കുന്നതായിരുന്നില്ല. ആത്മഹത്യയിലേക്ക് നയിച്ച വാക്കേതാണ്? കൂടുതല്‍ നന്നാകണമെന്നാണ് ഉപദേശിച്ചത്. അത്ര വിശുദ്ധനെങ്കില്‍ എഡിഎമ്മിന് തന്റെ പ്രസംഗത്തില്‍ ഇടപെടാമായിരുന്നു. പ്രസംഗത്തിന് ശേഷം കുറെ കഴിഞ്ഞാണ് എഡിഎമ്മിന്റെ ആത്മഹത്യ. എഡിഎം പ്രശ്നക്കാരനെന്ന് താന്‍ പറഞ്ഞിട്ടില്ല. കൂടുതല്‍ നന്നാകണമെന്നാണ് ഉപദേശിച്ചത്. തന്നെ കുറിച്ച് പറഞ്ഞത് തെറ്റെങ്കില്‍ എഡിഎമ്മിന് ഇടപെടാമായിരുന്നു. പരാതിക്കാരന്റെ ആരോപണം കള്ളമാണോയെന്ന് അറിയില്ല. അക്കാര്യം പൊലീസാണ് അന്വേഷിക്കണ്ടത്.
എഡിഎമ്മിനെതിരെ രണ്ടു പരാതികള്‍ ലഭിച്ചു. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ?. മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് യോഗത്തില്‍ സംസാരിച്ചത്. ആത്മഹത്യയിലേക്ക് തള്ളിവിടണമെന്ന് ഉദ്ദേശിച്ചിട്ടില്ല. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. മാധ്യമങ്ങള്‍ക്കും പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും വേറെ അജണ്ടയാണെന്നും ദിവ്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.
പ്രശാന്തന്റെ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ചെങ്ങളായിയിലെ പമ്പിന്റെ കാര്യം എഡിഎമ്മിനോട് സംസാരിച്ചിരുന്നു. വല്ലതും നടക്കുമോയെന്ന് എഡിഎമ്മിനോട് ചോദിച്ചു. റോഡിലെ വളവും തിരിവും കാരണം പ്രയാസമാണെന്ന് മറുപടി നല്കി. എന്‍ഒസി വേഗത്തിലാക്കാന്‍ താന്‍ ആവശ്യപ്പെട്ടിരുന്നു. യാത്രയയപ്പിന്റെ അന്നാണ് പമ്പിന് എന്‍ഒസി കിട്ടിയ കാര്യം അറിഞ്ഞത്. കണ്ണൂരിലെ പോലെ ഇനി വേറെയൊരിടത്തും ചെയ്യരുതെന്നാണ് പറഞ്ഞത്. നന്നാകാനായി പറഞ്ഞ ഉപദേശം എങ്ങനെ ഭീഷണിയാകുമെന്നും ദിവ്യയുടെ അഭിഭാഷകന് ചോദിച്ചു. പ്രശാന്തന് ഉന്നയിച്ചത് ഒരു ലക്ഷം രൂപയുടെ കൈക്കൂലി ആരോപണമാണ്. അഴിമതി നടത്തിയാല്‍ ജയിലില്‍ പോകുമെന്നാണ് ഉദ്ദേശിച്ചത്. ഭൂമി പ്രശ്നത്തിലാണ് ഗംഗാധരന് എന്നായാള്‍ എഡിഎമ്മിനെതിരെ പരാതി നല്‍കിയതെന്നും ദിവ്യ കോടതിയെ അറിയിച്ചു
പൊതുപരിപാടിയിലാണ് പങ്കെടുത്തത്. പരിപാടിയില്‍ ഒരു മാധ്യമം മാത്രം വന്നതില്‍ എന്താണ് തെറ്റ്. താന്‍ പറയുന്നത് എല്ലാവരും അറിയാനാണ് മാധ്യമത്തെ വിളിച്ചത്. താന്‍ മാധ്യമവേട്ടയുടെ ഇരയാണ്. അഴിമതിക്കെതിരായ സന്ദേശം ആകുമെന്ന് കരുതിയാണ് യാത്രയയപ്പ് യോഗത്തില്‍ താന്‍ സംസാരിച്ചതെന്ന് പി പി ദിവ്യ കോടതിയില്‍ പറഞ്ഞു. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ്. പോസിറ്റീവ് സമീപനത്തോടെയാണ് യാത്രയയപ്പ് യോഗത്തില്‍ സംബന്ധിച്ചത്. തെറ്റായ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പി പി ദിവ്യ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
ഏറെ ഉത്തരവാദിത്തങ്ങളുള്ള പൊതുപ്രവര്‍ത്തകയാണ് പി പി ദിവ്യയെന്ന് അഭിഭാഷകന് കെ വിശ്വന് ചൂണ്ടിക്കാട്ടി. സാമൂഹിക പ്രവര്‍ത്തക എന്ന നിലയില്‍ ദിവസം 250 കിലോമീറ്റര്‍ സഞ്ചരിക്കുന്നയാളാണ്. നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള വ്യക്തിയാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉത്തരവാദിത്തമാണ് ദിവ്യ നിറവേറ്റിയത്. അഴിമതിക്കെതിരെ സന്ദേശകരമാകണമെന്ന് കരുതിയാണ് പൊതുപ്രതികരണം നടത്തിയത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തേണ്ടത് രഹസ്യമായല്ല. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും, പൊരുതുകയും ചെയ്യുന്നയാളാണ് ദിവ്യയെന്നും അഭിഭാഷകന് പറഞ്ഞു.