പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പൊലീസുകാരനും പ്രതി; രാഹുല്‍ അടക്കം അഞ്ചുപ്രതികള്‍; യുവതി മൊഴി മാറ്റിയെങ്കിലും കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ്
- Share
- Tweet
- Telegram
- LinkedIniiiii
കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതി മൊഴി മാറ്റിയെങ്കിലും, പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അഞ്ച് പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാല്‍ കേസില്‍ ഒന്നാം പ്രതിയാണ്. രാഹുലിന്റെ അമ്മയും സഹോദരിയുമാണ് രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും സിവില്‍ പോലീസ് ഓഫീസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമായാണ് കുറ്റപത്രം.
498എ, 324, 307, 212, 494 ഐപിസി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസ് റദ്ദാക്കാന്‍ പ്രതിഭാഗം നല്കിയ ഹര്‍ജി അടുത്തമാസം എട്ടിന് പരിഗണിക്കാനിരിക്കെയാണ് കുറ്റപത്രം നല്‍കിയത്. കേസില്‍ ഇരയായ പെണ്‍കുട്ടി മൊഴിമാറ്റിയിരുന്നു തുടര്‍ന്ന് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് മൂന്നിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊലപാതകശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചതാണ് രാജേഷിനും പോലീസുകാരനും എതിരെ ചുമത്തിയ കുറ്റം. കേസില്‍ എഫ്ഐആര്‍ ഇട്ട് 60-ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്
കേസെടുത്തതിന് പിന്നാലെ രാഹുല്‍ ജര്‍മനിയിലേക്ക് കടന്നിരുന്നു. തന്റെ വീട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് പറഞ്ഞിരുന്നു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്പര്യമില്ലെന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ അറിയിച്ച യുവതി ഡല്‍ഹിയിലേക്ക് തിരിച്ചു പോയി. പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് ഒത്തുതീര്‍പ്പായെന്നാണ് പ്രതി ഹൈക്കോടതിയില്‍ അറിയിച്ചത്.
ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് യുവതി
ഭര്‍ത്താവ് രാഹുലിനെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് യുവതി പറഞ്ഞിരുന്നു. സ്ത്രീധന പീഡന ആരോപണം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്നും കുറ്റബോധം കൊണ്ടാണ് തുറന്നു പറയുന്നതെന്നും പെണ്‍കുട്ടി യുട്യൂബ് വീഡിയോയില്‍ പറഞ്ഞിരുന്നു.
'സമ്മര്‍ദം കൊണ്ടാണ് മൊഴി നല്‍കിയത്.അഭിഭാഷകന് പറഞ്ഞത് അനുസരിച്ചാണ് 150 പവന് സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് ആരോപണം ഉന്നയിച്ചത്. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തതാണ് ചെയ്തത്. താന്‍ ബ്രെയിന്‍ വാഷ് ചെയ്യപ്പെട്ടു. ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുടെ മുന്നിലാണ് മാധ്യമങ്ങള്‍ക്ക് മുന്നിലും പൊലീസിലും ആരോപണം ഉന്നയിച്ചത്'. പശ്ചാത്തപിക്കുന്നുവെന്നും ഖേദിക്കുന്നുവെന്നും' പെണ്‍കുട്ടി വീഡിയോയില്‍ പറഞ്ഞിരുന്നു.