കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുല്‍ പി.ഗോപാല്‍ റിമാന്‍ഡില്‍. കോഴിക്കോട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. യുവതിയെ വീണ്ടും മര്‍ദിച്ചതില്‍ രാഹുലിനെതിരെ വധശ്രമത്തിനും ഭര്‍തൃപീഡനത്തിനും കേസെടുത്തിരുന്നു.

14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. രാഹുലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 29-ാം തീയതി കോടതി പരിഗണിക്കും.

ഇന്നലെ രാത്രിയാണ് കണ്ണിനും ചുണ്ടിനും കഴുത്തിനും പരിക്കുമായി യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീട്ടിലും ആംബുലന്‍സിലും വെച്ച് ഭര്‍ത്താവ് രാഹുല്‍ പി.ഗോപാല്‍ മര്‍ദിച്ചെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ആദ്യം പരാതിയില്ലെന്ന് പറഞ്ഞെങ്കിലും രക്ഷിതാക്കളെത്തിയതിന് പിന്നാലെ യുവതി പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറാവുകയായിരുന്നു. ആശുപത്രി വിട്ട യുവതിയുടെ മൊഴി പന്തീരങ്കാവ് പൊലീസ് രേഖപ്പെടുത്തിയിരുന്നു.. പറവൂര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭര്‍ത്താവ് രാഹുലിനെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. സമാനമായ പരാതിയില്‍ നേരത്തെ പന്തീരങ്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ് ഹൈക്കോടതി റദ്ദാക്കിയ ശേഷം ഇരുവരും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.

ഭക്ഷണത്തില്‍ ഉപ്പ് പോരെന്നതടക്കമുള്ള കാരണങ്ങള്‍ പറഞ്ഞ് ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്ന പുതിയ പരാതിയുമായാണ് യുവതി പൊലീസിനെ സമീപിച്ചത്. മുഖത്തും ശരീരത്തിലും മര്‍ദ്ദനമേറ്റത്തിന്റെ പാടുകളുമായി ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയ യുവതി ഇന്ന് രാവിലെയാണ് സ്വന്തം വീട്ടുകാര്‍ക്കൊപ്പം പൊലീസില്‍ പരാതി നല്‍കാന്‍ എത്തിയത്.

മാസങ്ങള്‍ക്ക് മുന്‍പ് യുവതി ഭര്‍ത്താവ് രാഹുലിനെതിരെ നല്‍കിയ സമാനമായ പരാതി വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പരാതിയില്‍ വേണ്ടവിധം നടപടി സ്വീകരിച്ചില്ല എന്ന പേരില്‍ പന്തിരങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നു. എന്നാല്‍ പിന്നീട് താന്‍ പരാതി നല്‍കിയത് വീട്ടുകാരുടെ പ്രേരണയെ തുടര്‍ന്നാണെന്നും രാഹുലിനൊപ്പം കഴിയാന്‍ തന്നെയാണ് താല്പര്യം എന്നും വ്യക്തമാക്കി യുവതി രംഗത്ത് വരികയും പിന്നാലെ ഇരുവരും കേസ് തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറില്‍ ഹൈക്കോടതി കേസ് റദ്ദാക്കിയ ശേഷം ഇരുവരും പന്തീരങ്കാവിലെ വീട്ടില്‍ വീണ്ടും ഒരുമിച്ചായിരുന്നു താമസം.

ഇന്നത്തെ രാത്രി 8 മണിയോടെയാണ് ഭര്‍തൃവീട്ടില്‍ നിന്ന് പരിക്കേറ്റേന്ന് പറഞ്ഞ് യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഭര്‍ത്താവ് രാഹുല്‍ തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രാത്രി പൊലീസ് മൊഴി എടുക്കാന്‍ എത്തിയെങ്കിലും യുവതി പരാതിക്ക് മുതീര്‍ന്നില്ല. രാത്രി വൈകി, യുവതിയുടെ അച്ഛനും അമ്മയും എറണാകുളത്ത് നിന്ന് വന്നു. രാവിലെ യുവതിക്കൊപ്പം പന്തീരാങ്കാവ് സ്റ്റേഷനില്‍ എത്തി ഭര്‍തൃ പീഡനം ആരോപിച്ച് പരാതി നല്‍കി. വിശദമൊഴി എടുത്ത ശേഷമാണ് പൊലീസ് കേസെടുത്തത്. ഭര്‍തൃ പീഡനം, നരഹത്യ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി. നിലവില്‍ രാഹുലിന് ഒപ്പം കഴിയാന്‍ താല്പര്യമില്ലെന്നും യുവതി പൊലീസിനെ അറിയിച്ചു.