- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാരിന്റെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ നയാപൈസ കൊടുക്കുന്നില്ല; വ്യക്തികളോ കമ്പനികളോ സംഭാവന നൽകുന്നത് സ്വമേധയാ; പി എം കെയേഴ്‌സ് ഫണ്ട് സ്വതന്ത്ര ചാരിറ്റബിൾ ട്രസ്റ്റ്; കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലല്ല ഫണ്ടെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡൽഹി: പ്രധാനമന്ത്രി അദ്ധ്യക്ഷനായ പി എം കെയേഴ്‌സ് ഫണ്ട് ചാരിറ്റബിൾ ട്രസ്റ്റാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ അല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ്. ഡൽഹി ഹൈക്കോടതിയെ പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്ക് ട്രസ്റ്റിന്റെ ഫണ്ടിങ്ങിൽ നേരിട്ടോ, അല്ലാതെയോ കൈകടത്താനാവില്ല.
പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് എന്ന നിലയിലാണ് ഫണ്ട് രൂപീകരിച്ചത്. ഭരണഘടനയുടെയും പാർലമെന്റോ നിയമസഭകളോ പാസാക്കിയ നിയമങ്ങളുടെയോ അടിസ്ഥാനത്തിലുമല്ല ഫണ്ട് പ്രവർത്തിക്കുന്നത്. വ്യക്തികളോ കമ്പനികളോ സ്വമേധയാ നൽകുന്ന സംഭാവനകളാണ് ഫണ്ടിലുള്ളത്. സർക്കാരിന്റെയോ, പൊതുമേഖലാ സ്ഥാപനങ്ങളുടെയോ നയാപൈസ ഇതിലില്ല. മറ്റു ചാരിറ്റബിൾ ട്രസ്റ്റുകളെ പോലെ തന്നെ ഈ ഫണ്ടിനും ആദായ നികുതി ഇളവ് കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ പിഎം കെയേഴ്‌സ് ഫണ്ട് വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ല.
ഫണ്ടിലേക്കു വരുന്ന സംഭാവനകൾ ഏതു വിധത്തിൽ വിനിയോഗിക്കണമെന്ന് മാർഗരേഖ തയാറാക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ഫണ്ടിലേക്കു വരുന്ന സംഭാവനകളുടെയും ഫണ്ടിൽ നിന്ന് നൽകുന്ന സഹായങ്ങളുടെയും വിവരങ്ങൾ പിഎം കെയേഴ്‌സ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ടുകളും യഥാസമയം പ്രസിദ്ധീകരിക്കാറുണ്ടെന്നും പിഎംഒ കോടതിയെ അറിയിച്ചു.
ഭരണഘടനയുടെ പന്ത്രണ്ടാം അനുച്ഛേദമനുസരിച്ച് പിഎം കെയേഴ്‌സ് ഫണ്ടിനെ 'സ്റ്റേറ്റ്' അഥവാ സർക്കാരിന്റെ ഭാഗമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ സാമ്യക് ഗാങ്‌വാളാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സംഭാവനകൾ, വിനിയോഗം എന്നിവ കൃത്യമായി വെളിപ്പെടുത്തുകയും നിയമാനുസൃതം ഓഡിറ്റിങ് നടത്തുകയും ചെയ്യണം. സർക്കാരിന്റെ ഭാഗമല്ലെന്നാണ് നിലപാടെങ്കിൽ അക്കാര്യം പൊതുജനങ്ങളെ കൃത്യമായി അറിയിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
സർക്കാരിന്റെ തലപ്പത്തുള്ള ഉപരാഷ്ട്രപതിയെ പോലുള്ളവർ രാജ്യസഭാംഗങ്ങളോട് പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് സംഭാവന ചെയ്യാൻ അഭ്യർത്ഥിച്ചെന്നും, സർക്കാർ ഫണ്ട് പോലെയാണ് പുറമേ കാണുന്നതെന്നും ഹർജിക്കാരന്റെ അഭിഭാഷകൻ ശ്യാം ദിവാൻ വാദിച്ചു. ഇതിന് മറുപടിയായാണ് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസനിധിയുടെ മാതൃകയിലാണ് പിഎം കെയേഴ്‌സ് ഫണ്ട് പ്രവർത്തിക്കുന്നതെന്ന് വാദിച്ചത്. അതുകൊണ്ടാണ് ദേശീയചിഹ്നവും 'gov.in' എന്ന സർക്കാർ ഡൊമെയ്‌നും ഉപയോഗിക്കുന്നതെന്നും പിഎംഒ സത്യവാങ്മൂലത്തിൽ പറഞ്ഞു.