കൊച്ചി: സംസ്ഥാനത്തെ കോടതി ഫീസുകള്‍ കുത്തനെ വര്‍ധിപ്പിച്ചതിനെതിരേ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാനും ഫീസ് വര്‍ധനയ്ക്ക് ആധാരമാക്കിയ ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.

റിപ്പോര്‍ട്ടുകള്‍ മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ അനുവദിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം അനുവദിച്ചില്ല. 400 മുതല്‍ 900 ശതമാനത്തിലധികം ശതമാനത്തിലധികം വര്‍ധനയാണ് ഫീസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അഡ്വ യശ്വന്തു ഷെനോയ് വാദിച്ചത്. കോടതി ഫീസുകള്‍ ഉയര്‍ത്തുന്നതിനുള്ള കാരണങ്ങള്‍ ഇത് സംബന്ധിച്ചു സര്‍ക്കാര്‍ പാസ്സാക്കിയ ബില്ലില്‍ വ്യക്തം ആകിയിട്ടില്ലെന്നും വര്‍ധന യുക്തി സഹമല്ലെന്നും ഹര്‍ജി ഭാഗം ചൂണ്ടികാട്ടി. അതിനാല്‍ നിലവിലെ വര്‍ധന നടപ്പാകുന്നത് തടയാണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു.

എന്നാല്‍ നിയമസഭ പാസാക്കിയ നിയമപ്രകാരമാണ് ഫീസ് വര്‍ധനയെന്ന് ഡിവിഷന്‍ബെഞ്ച് പറഞ്ഞു. അതിനാല്‍ സര്‍ക്കാരിന്റെയടക്കം വിശദവാദം കേള്‍ക്കേണ്ടതുണ്ട്. വര്‍ധന മുന്‍നിരക്കുമായി താരതമ്യം ചെയ്ത് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം ഫീസ് വര്‍ധനവിനെതിരെ ഹൈക്കോടതി അഭിഭാഷകന്‍ കോടതി ബഹിഷ്‌ക്കരണ സമരത്തിലേക്ക് നീങ്ങാന്‍ ഒരുങ്ങുകയാണ്. ഇന്ന് കോടതി കോടതി നടപടികളില്‍ നിന്നും വിട്ടുനില്ക്കുമെന്ന് കേരള ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച പ്രമേയവും പാസാക്കി.