ന്യൂഡൽഹി: വിദേശ അധിനിവേശത്തിൽ പേര് മാറ്റിയ രാജ്യത്തെ ചരിത്രസ്ഥലങ്ങളുടെ പേരുകൾ പുനർനാമകരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി തള്ളി രൂക്ഷവിമർശനവുമായി സുപ്രീം കോടതി. 'കടന്നുകയറ്റക്കാരുടെ' പേരുള്ള എല്ലാ നഗരങ്ങളുടെയും ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളുടെയും പേരുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തള്ളിയത്.

ചരിത്രപരമായും മതപരമായും സാസ്‌കാരികമായും പ്രാധാന്യമുള്ള സ്ഥലങ്ങളുടെ യഥാർഥ പേരുകൾ എന്തായിരുന്നുവെന്ന് കണ്ടെത്താൻ കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഉപാധ്യായ ഹർജിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, പൊതുതാത്പര്യ ഹർജിയുടെ ഉദ്ദേശശുദ്ധിയിൽ ജസ്റ്റിസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്ന എന്നിവർ ഉൾപ്പെട്ട ബഞ്ച് സംശയമുന്നയിച്ചു. ഇത്തരം ഹർജികൾ രാജ്യത്തെ തിളപ്പിച്ചുനിർത്താൻ ഇടയാക്കുംവിധം പ്രശ്നങ്ങൾ കുത്തിപ്പൊക്കുമെന്ന് ബഞ്ച് വിലയിരുത്തി.

'രാജ്യത്തിന്റെ ചരിത്രം ജനങ്ങളെയും വരും തലമുറയേയും വേട്ടയാടാൻ പാടില്ല. ഹിന്ദുമതം ഒരു ജീവിതരീതിയാണ്. മതാന്ധതയ്ക്ക് അതിൽ സ്ഥാനമില്ല. സൗഹാർദ അന്തരീക്ഷം തകർക്കുന്ന വസ്തുതകൾ ചരിത്രം ചികഞ്ഞ് കണ്ടെത്തേണ്ടതില്ല. രാജ്യം തിളയ്ക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല' - സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ഇന്ത്യ മതേതര രാജ്യമെന്ന് ഓർക്കണമെന്ന് ഹർജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഹർജി വിരൽ ചൂണ്ടുന്നത് ഒരു സമൂഹത്തിന് നേരെയാണ്. ഇത് ക്രൂരമാണ്. രാജ്യം വീണ്ടും തിളച്ച് മറിയണമെന്ന് ആഗ്രഹിക്കുന്നുണ്ടോയെന്നും ഹർജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് ചോദിച്ചു.

ഹർജി വഴി പുതിയ തലമുറയുടെ നേരെ ഭാരം ചുമത്താനാണ് ശ്രമമെന്ന് ഡിവിഷൻ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്‌ന ചോദിച്ചു. ഹിന്ദു സംസ്‌കാരം ഏല്ലാത്തിനെയും സ്വീകരിക്കുന്ന ജീവിത രീതിയാണ്. ഹർജിക്കാരൻ ബ്രിട്ടീഷുകാരുടെ ഭിന്നിച്ച് ഭരിക്കുകയെന്ന രീതിയാണോ ഉദ്ദേശിക്കുന്നത്? ഭൂതകാലത്തിന്റെ ജയിലിൽ കഴിയാനാകില്ല. സമൂഹത്തിൽ നാശം സൃഷ്ടിക്കാനുള്ള ഉപകരണമായി കോടതിയെ മാറ്റാൻ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

വേദങ്ങളിൽ പരാമർശിച്ചിട്ടുള്ള നഗരങ്ങൾ, ഇന്ന് നിലവിലില്ലെന്ന് ഉപാധ്യായ കോടതിയിൽ വ്യക്തമാക്കി. നമുക്കും മതത്തിന് അവകാശമുണ്ട്. പല ചരിത്ര സ്ഥലങ്ങളിൽ നിന്നും ഹിന്ദുക്കൾ തുടച്ചുനീക്കപ്പെട്ടു. അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ. ഇന്ത്യയിൽ പോലും ഏഴ് സംസ്ഥാനങ്ങളിൽ 200 ജില്ലകളിൽ ഹിന്ദുക്കൾ ന്യൂനപക്ഷമാണ്. എന്തുകൊണ്ടാണ് ചരിത്രം ഗസ്‌നി-ഘോരിയിൽ നിന്ന് തുടങ്ങേണ്ടത്? പതിനഞ്ചാം നൂറ്റാണ്ടിൽ നിന്ന് മാത്രമാണോ? എന്നും അശ്വിനി ഉപാധ്യായ ചോദിച്ചു.

വിദേശ ആക്രമണകാരികൾക്ക് ഇന്ത്യയിൽ അവകാശമില്ല.. ഇന്ത്യക്കാർക്ക് മാത്രമാണ് അവകാശം. ഔറംഗസേബിനും തുഗ്ലക്കിനും ഘോരിക്കും ഇന്ത്യയുമായി എന്താണ് ബന്ധം?. ഉപാധ്യായ കോടതിയിൽ അഭിപ്രായപ്പെട്ടു. മുമ്പ് നടന്ന കാര്യങ്ങളേക്കാൾ, നാട്ടിൽ ഇപ്പോൾ വേറെ പ്രശ്നങ്ങളൊന്നുമില്ലേയെന്ന് കോടതി ചോദിച്ചു. ഹിന്ദു മതത്തിൽ മതാന്ധതയില്ലെന്നും ജസ്റ്റിസ് ജോസഫ് പറഞ്ഞു.

ആധ്യാത്മികതയുടെ കാര്യത്തിൽ ഹിന്ദുമതമാണ് ഏറ്റവും ഉന്നതമായിട്ടുള്ളത്. ഉപനിഷത്തുകളിലും വേദങ്ങളിലും ഭഗവദ് ഗീതയിലും ഹിന്ദുമതം പുലർത്തുന്ന ഔന്നത്യം ഒരു വ്യവസ്ഥിതിയിലും തുല്യമല്ല. അതിൽ നാം അഭിമാനിക്കണം. ദയവു ചെയ്ത് അതിനെ ചെറുതാക്കരുത്. നമ്മുടെ മഹത്വം നാം തന്നെ മനസ്സിലാക്കണം. നമ്മുടെ മഹത്വം നമ്മെ മഹത്വമുള്ളവരായി നയിക്കണമെന്നും ജസ്റ്റിസ് കെ എം ജോസഫ് വ്യക്തമാക്കി.

കേരളത്തിൽ ഹിന്ദു രാജാക്കന്മാർ മറ്റു മതങ്ങൾക്ക് ആരാധനയലങ്ങൾ പണിയാൻ ഭൂമി കൊടുത്ത ചരിത്രമുണ്ടെന്ന് ജസ്റ്റിസ് കെഎം ജോസഫ് ഹർജിക്കാരനോട് പറഞ്ഞു. ഹിന്ദുത്വത്തിന്റെ മഹത്വം മനസിലാക്കാൻ ശ്രമിക്കണം. കോടതി തീരുമാനം ശരിയാണെന്ന് ഹർജിക്കാരന് പിന്നീട് മനസിലാകുമെന്നും കോടതി പറഞ്ഞു.

അതിനിടെ, രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡന്റെ പേര് അടുത്തിടെ അമൃത് ഉദ്യാൻ എന്നാക്കിമാറ്റിയ കേന്ദ്ര സർക്കാർ രാജ്യത്തെ റോഡുകൾ അടക്കമുള്ളവയുടെ പേരുമാറ്റാൻ ഒരു നടപടിയും സ്വീകരിച്ചില്ല എന്നതടക്കമുള്ള ആരോപണങ്ങൾ ബിജെപി നേതാവ് ഹർജിയിൽ ഉന്നയിച്ചിരുന്നു.