തിരുവനന്തപുരം: വർക്കലയിൽ മാതൃ സഹോദരന്റെ വെട്ടേറ്റ് യുവതി മരിച്ച വർക്കല അയിരൂർ ഷാലു കൊലക്കേസിന്റെ കേസ് ഡയറി ഫയൽ ഹാജരാക്കാൻ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. സി ഡി ഫയലും സർക്കാർ നിലപാടും പൊലീസ് റിപ്പോർട്ടും ഓഗസ്റ്റ് 25 ന് ഹാജരാക്കാൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി പി.വി. ബാല കൃഷ്ണനാണ് ഉത്തരവിട്ടത്. ഏപ്രിൽ 28 മുതൽ റിമാന്റിൽ കഴിയുന്ന പ്രതിയും കൊല്ലപ്പെട്ട ഷാലുവിന്റെ മാതൃസഹോദരനുമായ ചെമ്മരുതി ചാവടിമുക്ക് വിളയിൽ വീട്ടിൽ ഇങ്കി അനിൽ എന്ന അനിലിന്റെ ജാമ്യ ഹർജിയിലാണ് കോടതി ഉത്തരവ്.

ജാമ്യ ഹർജി തള്ളിയ വർക്കല മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്.വർക്കല ചാവടിമുക്ക് തൈപ്പൂയം വീട്ടിൽ ഷാലു (36) ആണ് വെട്ടേറ്റ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.2022 ഏപ്രിൽ 28 ന് ഉച്ചക്കാണ് സംഭവം നടന്നത്. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലി ചെയ്യുന്ന ഷാലു ഉച്ചയോടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ചു തിരികെ മടങ്ങവെ ഷാലുവിന്റെ അമ്മയുടെ സഹോദരൻ ഇങ്കി അനിൽ എന്നറിയപ്പെടുന്ന അനിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയുമായി നിന്ന് മരത്തിൽ വെട്ടിക്കൊണ്ടു നിൽക്കുകയായിരുന്നു അനിൽ. ഉച്ചഭക്ഷണം കഴിച്ചു തിരികെ പ്രസ്സിലേക്ക് പോകാൻ സ്‌കൂട്ടിയിൽ എത്തിയ ഷാലുവിന്റെ സ്‌കൂട്ടി തടഞ്ഞു നിർത്തി കഴുത്തിലും ശരീരത്തിലും വെട്ടി പരിക്കേൽപിക്കുകയായിരുന്നു.ഷലുവിനെ വെട്ടിയ ശേഷം അനിൽ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

തുടർന്ന് ബന്ധുക്കൾ പൊലീസിൽ അറിയിക്കുകയും അയിരൂർ പൊലീസ് എത്തി അനിലിനെ കീഴടക്കുകയായിരുന്നു.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഷാലു മെയ് 3 ന് ഉച്ചയോടെ മരണപ്പെട്ടു. ഷാലുവിന്റെ ഭർത്താവ് വിദേശത്ത് ആണ്. ഒമ്ബതും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.