എറണാകുളം: പ്രമുഖ ചലച്ചിത്ര നടി ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടു പോയി തടങ്കലിലാക്കാൻ ശ്രമിച്ച കേസിൽ ഹെയർ സ്‌റ്റൈലിസ്റ്റ് ഹാരിസും ഷംനയുടെ വിവാഹാലോചനയുമായി എത്തിയ റഫീഖും അടക്കം 10 പ്രതികൾ ഹാജരാകാൻ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു.

ഒന്നാം പ്രതി റഫീഖ് എന്നും റാഫി എന്നുമറിയപ്പെടുന്ന അൻവർ, രണ്ടാം പ്രതി മുഹമ്മദ് ഷെരീഫ് , മൂന്നാം പ്രതി രമേശ് , നാലാം പ്രതി അഷ്‌റഫ് , 5. അബ്ദുൾ സലാം , 6. മുഹമ്മദ് ഹാരീസ് , 7. റഹീം , 8. കെ.കെ.അബൂബക്കർ , 9. നജീബ് രാജ , 10. ജാഫർ സാദിഖ് എന്നിവരാണ് ഹാജരാകേണ്ടത്. പ്രതികൾ ഡിസംബർ 12 ന് ഹാജരാകാൻ ജില്ലാ ജഡ്ജി ഹണി. എം.വർഗീസ് ഉത്തരവിട്ടു.

പ്രണയം നടിച്ച് രാത്രി കാലങ്ങളിൽ ദീർഘ നേരം ചാറ്റു ചെയ്ത് വിവാഹ ആലോചനയുടെ മറവിലാണ് കൊച്ചി മരട് വീട്ടിലെത്തി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. ഇതിനിടെ പണം ആവശ്യപ്പെട്ടെങ്കിലും നൽകിയില്ലെന്നാണ് നടിയുടെ മൊഴി. നടിയെ കാറിൽ കറങ്ങി വരാമെന്ന് വിശ്വസിപ്പിച്ച് കടത്തിക്കൊണ്ടു പോയി തടവിലാക്കി മോചനദ്രവ്യം ആവശ്യപ്പെടാൻ പ്രതികൾ പദ്ധതിയിട്ടു. എന്നാൽ ഷംന പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

എല്ലാത്തിന്റെയും ആസൂത്രണം അറസ്റ്റിലായ ഹെയർ സ്‌റ്റൈലിസ്റ്റ് ഹാരിസും ഷംനയുടെ വിവാഹാലോചനയുമായി എത്തിയ റഫീഖും ചേർന്നാണ് എന്നാണ് കളമശ്ശേരി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. സിനിമാ പ്രവർത്തകനായ ഷാജി പട്ടിക്കരയാണ് നടിയുടെ നമ്പർ പ്രതികൾക്ക് കൈമാറിയത്. ഇത്തരത്തിൽ സിനിമാ മേഖലയിലെ പല പ്രമുഖരുടെയും നമ്പർ പ്രതികൾ സംഘടിപ്പിച്ചു.

അതേ സമയം അറസ്റ്റ് ചെയ്ത് 60 ദിവസത്തിനകം പൊലീസ് കുറ്റപത്രം സമർപ്പിക്കാത്തതിനാൽ ഷംന കേസിൽ ഒന്നാം പ്രതി ഉൾപ്പെടെ 4 പ്രതികളെ കൂടി കോടതി 2020 ഓഗസ്റ്റ് 27 ന് ജാമ്യത്തിൽ വിട്ടയച്ചു. എറണാകുളം കളമശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.

തട്ടിപ്പിന്റെ ആസൂത്രണം ഹാരിസും റഫീഖും ചേർന്നാണ്. സ്വർണക്കടത്ത് കെട്ടുകഥ മാത്രമാണെന്നാണ് പൊലീസ് ഭാഷ്യം. കേസന്വേഷണ ഘട്ടത്തിൽ ഹൈദരബാദിൽ നിന്നും എത്തി കൊച്ചി മരടിലെ വീട്ടിൽ ഹോം ക്വാറന്റീനിൽ പ്രവേശിച്ചതിനാൽ ഷംന കാസിമിന്റെ മൊഴിയെടുപ്പ് വിഡിയോ കോൺഫറൻസിങ് വഴിയായിരുന്നു.

ഷംനയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലും പെൺകുട്ടികളെ ചതിയിൽ വീഴ്‌ത്തിയ കേസിലും 8 പ്രതികളാണ് 2020 ഓഗസ്റ്റ് വരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ആഗസ്റ്റിൽ അറസ്റ്റിലായ ഹെയർ സ്‌റ്റൈലിസ്റ്റ് ഹാരിസും ഷംനയുടെ വിവാഹാലോചനയുമായി എത്തിയ റഫീഖും ചേർന്നാണ്.

നടി പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾക്കെതിരേ മറ്റു ചില യുവതികളും സമാന പരാതിയുമായി രംഗത്തെത്തിയിരുന്നു.2021 ലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.2022 ജനുവരി 10 നാണ് കേസ് വിചാരണക്കായി എറണാകുളം ജില്ലാ കോടതിയിലേക്ക് കളമശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കമ്മിറ്റ് ചെയ്തയച്ചത്.