- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനേഡിയൻ കമ്പനിക്ക് നൽകിയ കരാർ വഴി സർക്കാറിന് നഷ്ടം 374 കോടി; കേസിൽ പിണറായിക്ക് വിടുതൽ നൽകിയത് ഹൈക്കോടതി; സുപ്രീംകോടതിയിലെ ഹർജികൾ നാല് വർഷത്തിനിടെ മാറ്റിവെച്ചത് മുപ്പതിലേറെ തവണ; രമണക്ക് പകരം യു യു ലളിത് ചീഫ് ജസ്റ്റിസ് ആകുമ്പോൾ ലാവലിൻ കേസിന്റെ കഥ മാറുമോ? സെപ്റ്റംബർ 13 ന് കേസ് പരിഗണിക്കുമ്പോൾ എന്തു സംഭവിക്കും?
ന്യൂഡൽഹി: കേരള രാഷ്ട്രീയത്തിലെ ഏറ്റവും വിവാദമായ രാഷ്ട്രീയ കേസാണ് പിണറായി വിജയൻ ആരോപണ വിധേയനായ എസ്എൻസി ലാവലിൻ കേസ്. ഇന്ന് മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായി മുമ്പ് വൈദ്യുതി മന്ത്രിയായിരിക്കേ നടത്തിയ അഴിമതിയെന്ന നിലയിൽ സിപിഎമ്മിനുള്ളിൽ വി എസ് ഉയർത്തികൊണ്ടു വന്ന കേസ് ഇനി നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. നാല് വർഷം മുമ്പ് എസ്.എൻ.സി ലാവലിൻ കേസുമായി ബന്ധപ്പെട്ട സുപ്രീംകോടതി മുമ്പാകെ വന്ന ഹർജികൾ ഇത്രയും കാലം തുടർച്ചയായി മാറ്റിവെക്കുകയായിരുന്നു. എന്നാൽ, ഈ കേസ് ഇനി മാറ്റിവെക്കാതെ പരിഗണിക്കപ്പെടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
എസ്.എൻ.സി ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ സെപ്റ്റംബർ 13-ന് സുപ്രീം കോടതി പരിഗണിക്കും. അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ നിന്ന് ഈ ഹർജികൾ നീക്കം ചെയ്യരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദ്ദേശം. ഹർജി നിരന്തരം മാറി പോകുന്നെന്ന് അഭിഭാഷക എം.കെ അശ്വതി ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കോടതി നിർദ്ദേശം നൽകിയത്. ടി.പി നന്ദകുമാറിന്റെ അഭിഭാഷകയാണ് എം കെ അശ്വതി.
പിണാറായി വിജയൻ, മുൻ ഊർജ്ജവകുപ്പ് സെക്രട്ടറി കെ.മോഹനചന്ദ്രൻ, ഊർജ്ജ വകുപ്പ് മുൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയിൽ 2018 ജനുവരി 11-നാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. നാല് വർഷത്തിനിടെ മുപ്പതിലധികം തവണ ഹർജികൾ പരിഗണിക്കുന്നത് മാറ്റിവെച്ചിരുന്നു.
കെ.എസ് .ഇ.ബി മുൻ അക്കൗണ്ട്സ് മെംബർ കെ.ജി. രാജശേഖരൻ നായർ, മുൻ ബോർഡ് ചെയർമാൻ ആർ. ശിവദാസൻ, ജനറേഷൻ വിഭാഗം മുൻ ചീഫ് എൻജിനീയർ എം. കസ്തൂരിരംഗ അയ്യർ എന്നിവർ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജികളിലും അന്ന് കോടതി നോട്ടീസ് അയച്ചു. അന്ന് കേസ് പരിഗണിച്ചിരുന്ന ബെഞ്ചിന് നേതൃത്വം നൽകിയ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് കേസിലെ വിചാരണ നടപടികൾ സ്റ്റേ ചെയ്തിരുന്നു.
ഇതിനുശേഷം ഹർജികൾ ജസ്റ്റിസ് യു.യു ലളിത് ആണ് പരിഗണിച്ചിരുന്നത്ത്. ഇനി കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സെപ്റ്റബർ 13-ന് ജസ്റ്റിസ് ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും. നിരവധി കേസുകൾ തിങ്കളാഴ്‌ച്ച മുതൽ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിന് നേതൃത്വം നൽകി കേസുകൾ കേൾക്കുകയാണെങ്കിൽ ലാവലിൻ ഹർജികളിൽ വിശദമായ വാദം കേൾക്കൽ നടക്കുമോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുകയാണ്.
ഇതിനിടെ കസ്തൂരിരംഗ അയ്യർ അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന വിധി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കേസ് ഇങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും കോടതിയുടെ ഉത്തരവുണ്ടാകണമെന്നും അഭിഭാഷകർ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. കേസ് ലിസ്റ്റ് ചെയ്തിരിക്കുന്ന സെപ്റ്റബർ 13ന് ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കും.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയൻ കമ്പനിയായ എസ് എൻ സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിന്റെ അടിസ്ഥാനം. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.