ന്യൂഡൽഹി: കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ അദ്ധ്യാപക തസ്തികകളിൽ നിയമനം നൽകാൻ മാനേജ്‌മെന്റുകൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു. ഈ എതിർപ്പിനിടെയാണ് ഭിന്നശേഷിക്കാർ കോടതിയിൽ നിയമ പോരാട്ടത്തിലേക്ക് കടന്നത്. ഈ നിയമ പോരാട്ടത്തിന് ഒടുവിൽ ഫലമുണ്ടായിരിക്കയാണ്. കേരളത്തിലെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിരിക്കുന്ന തസ്തികളിൽ നിയമനം നടത്തുന്നതിന് സംസ്ഥാനതല സെലക്ഷൻ സമിതി രൂപവത്കരിക്കാൻ സുപ്രീം കോടതി നിർദേശിച്ചു.

സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ സമയബന്ധിതമായി നിയമനം പൂർത്തിയാക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി. ഇതോടെ സംസ്ഥാനത്തെ 4925 എയ്ഡഡ് സ്‌കൂളിലും ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികളിലെ നിയമനം സർക്കാരിന്റെ നിയന്ത്രണത്തിലേക്ക് മാറുകയാണ്. ഇതിൽ എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് എതിർപ്പുയരും എന്നത് ഉറപ്പാണ്. എന്നാൽ, സുപ്രീംകോടതി വിധി ആയതിനാൽ സർക്കാറിന് മുന്നിലും മറ്റ് മാർഗ്ഗങ്ങലില്ല.

കേരള വിദ്യാഭ്യാസചട്ടപ്രകാരം എയ്ഡഡ് സ്‌കൂളുകളിലെ നിയമനം നടത്താനുള്ള അധികാരം മാനേജ്മെന്റുകൾക്കാണെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഭിന്നശേഷിക്കാരുടെ സംവരണത്തിന് ചട്ടങ്ങളിലെ വ്യവസ്ഥകൾ നോക്കേണ്ടതില്ലെന്നും അക്കാര്യം തങ്ങൾ നോക്കിക്കൊള്ളാമെന്നും ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് ജസ്റ്റിസുമാരായ സൂര്യ കാന്ത്, ദിപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

സംസ്ഥാനത്തെ 4925 എയ്ഡഡ് മാനേജ്മെന്റ് സ്‌കൂളുകളിൽ 2845 മാനേജ്മെന്റുകൾ മാത്രമാണ് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ വിശദാംശങ്ങൾ സർക്കാരിനും എംപ്ലോയ്‌മെന്റ് എക്ചേഞ്ചിനും കൈമാറിയിട്ടുള്ളതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 2845 സ്‌കൂളുകളിലായി 3023 തസ്തികകൾ ആണ് ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളത്. ഇതിൽ 580 തസ്തികകളിൽ മാത്രമാണ് ഭിന്നശേഷിക്കാരെ നിയമിച്ചിട്ടുള്ളത്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് നിയമ പോരാട്ടവും ഉയർന്നത്. പണം വാങ്ങി അദ്ധ്യാപകരെ നിയമിക്കുന്നതാണ് പൊതുവേ എയ്ഡഡ് മേഖലയിൽ നടക്കുന്നത്. ഇത് നിർത്തലാക്കാൻ നടപടി വേണമെന്ന ആവശ്യം കാലങ്ങളായി ഉയരുമ്പോഴും ഒരു സർക്കാറിനും അതിൽ തൊടാൻ ധൈര്യമില്ലാത്ത അവസ്ഥയാണുള്ളത്.

അതേസമയം അദ്ധ്യാപക ജോലിക്കായി സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്ചേഞ്ചുകളിൽ 1040 പേർ മാത്രമാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് വിദ്യാഭ്യാസവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വിശദീകരണം തൃപ്തികരമല്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർന്നാണ് സംസ്ഥാനതല സെലക്ഷൻ കമ്മിറ്റി രൂപീകരിക്കാൻ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകിയത്.

സംവരണം ചെയ്തിട്ടുള്ളവയിൽ 1501 തസ്തികകളിൽ ഭിന്നശേഷിക്കാർ അല്ലാത്തവരെ മാനേജ്മെന്റുകൾ നിയമിച്ചു. ബാക്കിയുള്ള തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. സംവരണ ചെയ്യപ്പെട്ട തസ്തികളിൽ നിയമനം ലഭിച്ച ഭിന്നശേഷിക്കാർ അല്ലാത്തവരെ തത്കാലം പിരിച്ചുവിടേണ്ടെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഹർജിയിലെ അന്തിമതീർപ്പിന് അനുസരിച്ചാകും ഇവരുടെ നിയമനത്തിന്റെ സാധുത എന്നും സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാന സർക്കാരിന് വേണ്ടി സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയും ഹാജരായി. കേസിലെ വിവിധ കക്ഷികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ വി. ചിദംബരേഷ്, അഭിഭാഷകരായ കെ. രാജീവ്, പി.എസ്. സുധീർ, റോയ് എബ്രഹാം, ഹാരിസ് ബീരാൻ, പി.എസ്. സുൽഫിക്കർ അലി, പി.എ. നൂർ മുഹമ്മദ്, ദീപക് പ്രകാശ്, സനന്ദ് രാമകൃഷ്ണൻ എന്നിവർ ഹാജരായി.