ന്യൂഡൽഹി: അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യ നടത്തുന്ന യോഗ്യതാ പരീക്ഷയും പാസാകണം. യോഗ്യത ഉറപ്പാക്കുന്നതിനായി അഖിലേന്ത്യാ ബാർ പരീക്ഷ നടത്താൻ, ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് അധികാരം ഉണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

യോഗ്യത പരീക്ഷ എന്റോൾമെന്റിന് മുമ്പ് നടത്തണോ, ശേഷം നടത്തത്തണോ എന്ന കാര്യത്തിൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യക്ക് തീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.നിയമബിരുദം പൂർത്തിയാക്കിയവർക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ അഖിലേന്ത്യാ ബാർ പരീക്ഷയും എഴുതണമെന്ന വ്യവസ്ഥയ്‌ക്കെതിരായ ഹർജികളിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ചിന്റെ സുപ്രധാന വിധി.

അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അഭിഭാഷക നിയമത്തിലെ 24-ാം അനുച്ഛേദത്തിൽ നിഷ്‌കർഷിച്ചിരിക്കുന്നതിന്റെ അപ്പുറം മറ്റ് നിബന്ധനകൾ ഒന്നും പാടില്ലെന്ന മുൻ ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ യോഗ്യത പരീക്ഷ ശരിവച്ചത്.

നിയമബിരുദധാരികൾക്ക് വിഷയത്തിൽ അടിസ്ഥാനവിവരമെങ്കിലുമുണ്ടോയെന്ന് പരിശോധിക്കാനാണ് പരീക്ഷയെന്നാണ് ബാർ കൗൺസിലിന്റെ വാദം. എന്നാൽ, ബിരുദമെടുത്താലും ജോലിചെയ്യുന്നതിന് വീണ്ടും പരീക്ഷ പാസാവണമെന്നത് മറ്റുപ്രൊഫഷനുകളിൽ ഇല്ലാത്ത രീതിയാണെനന്നായിരുന്നു ഹർജിക്കാരുടെ വാദം.

അവസാന വർഷ നിയമ വിദ്യാർത്ഥികൾക്ക് കൂടി പരീക്ഷ എഴുതാൻ അനുമതി നൽകണമെന്ന അമിക്കസ് ക്യുറിയുടെ ശുപാർശ സുപ്രീം കോടതി അംഗീകരിച്ചു. അഭിഭാഷകരായി ദീർഘകാലം പ്രാക്ടീസ് ചെയ്യാത്ത നിയമ ബിരുദധാരികൾ പ്രാക്ടീസ് ചെയ്യാൻ തുടങ്ങുമ്പോൾ യോഗ്യത പരീക്ഷ പാസായിരിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചു.