- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോണിൽ സമ്പൂർണവിലക്ക് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി; ലക്ഷ്യമിട്ടത് ഖനനംപോലുള്ള പ്രവർത്തനങ്ങളുടെ നിരോധനം; സമ്പൂർണ നിയന്ത്രണം പ്രായോഗികമല്ലെന്ന് നിരീക്ഷിച്ച് സുപ്രീംകോടതി; മുൻ ഉത്തരവിൽ ഭേദഗതി വരുത്തിയേക്കും; കേരളത്തിന്റെ വാദം നാളെ
ന്യൂഡൽഹി: ബഫർസോണിൽ സമ്പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്താനാകില്ലെന്ന് സുപ്രീംകോടതി. വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും സമീപത്തെ ബഫർസോണിൽ ഖനനംപോലുള്ള പ്രവർത്തനങ്ങളുടെ നിരോധനമാണ് ലക്ഷ്യമിട്ടത്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിർമ്മാണങ്ങൾക്ക് ഉൾപ്പെടെ സമ്പൂർണ നിയന്ത്രണമേർപ്പെടുത്തുന്നത് പ്രായോഗികമല്ലെന്നുമാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ബഫർസോണിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിയ മുൻ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന സൂചനയും സുപ്രീംകോടതി ബുധനാഴ്ച നൽകി.
ബഫർസോൺ വിഷയത്തിൽ ഇളവ് തേടി കേരളം അടക്കം സംസ്ഥാനങ്ങൾ നൽകിയ ഹർജയിൽ സുപ്രീം കോടതിയിൽ വാദം നാളെയും തുടരും. കേരളത്തിന്റെ വാദം കോടതി നാളെ കേൾക്കും. ഇന്ന് അമിക്കസ് ക്യൂറിയുടേയും കേന്ദ്രസർക്കാരിന്റെയും വാദമാണ് സുപ്രീം കോടതി കേട്ടത്. നിരോധിക്കേണ്ടത് നിരോധിക്കണം, നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണം. സമ്പൂർണവിലക്ക് ഏർപെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങൾ വന്ന മേഖലയെ വിലക്കിൽ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടു.
തുടർന്നാണ് സമ്പൂർണനിയന്ത്രണം പ്രായോഗികമല്ലെന്ന നിരീക്ഷണം കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിച്ചതെന്ന് കോടതി വാക്കാൽ നിരീക്ഷിച്ചു. മുൻ ഉത്തരവിൽ ഭേദഗതി വരുത്തുമെന്ന സൂചനയാണ് ഇന്ന് കോടതിയിൽ ഉണ്ടായത്. കേസിൽ വാദം നാളെയും തുടരും. മറ്റ് കക്ഷികളുടെയും വാദം കൂടി കേട്ട ശേഷമായിരിക്കും അന്തിമതീരുമാനം ഉണ്ടാകുക.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ഒരു കിലോമീറ്റർ ചുറ്റളവിൽ ബഫർസോൺ നിർബന്ധമാക്കിയ 2022 ജൂൺ മൂന്നിലെ ഉത്തരവ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നതാണെന്ന് അമിക്കസ് ക്യൂറി കെ. പരമേശ്വറും, കേന്ദ്ര സർക്കാരിനുവേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയും കോടതിയിൽ ചൂണ്ടിക്കാട്ടി.
തുടർന്നാണ് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള സമ്പൂർണ നിയന്ത്രണമായിരുന്നില്ല തങ്ങളുടെ ലക്ഷ്യമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്. ബഫർസോൺ നിശ്ചയിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയ പഠനം നടന്നിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു.
തദ്ദേശവാസികളുടെ പങ്കാളിത്തത്തിലൂടെ മാത്രമേ വനസംരക്ഷണം നടക്കുകയുള്ളൂവെന്ന് കേന്ദ്രസർക്കാർ. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്താൻ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടി സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടിയത് ഓസ്കർ അവാർഡ് നേടിയ 'ദി എലിഫന്റ് വിസ്പറേഴ്സി'ന്റെ കഥയും.
കടുവാസങ്കേതം കൂടിയായ തമിഴ്നാട് മുതുമല ദേശീയോദ്യാനത്തിനകത്തുള്ള തെപ്പക്കാട് ആന പുനരധിവാസ കേന്ദ്രത്തിൽ മൃതപ്രായനായ രഘുവെന്ന കുട്ടിയാനയുടെ സംരക്ഷണച്ചുമതലയേറ്റ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരാണ് വനസംരക്ഷണത്തിന്റെ മികച്ച ഉദാഹരണങ്ങളെന്ന് ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി.
ബഫർസോണിൽ സമ്പൂർണ നിയന്ത്രണമേർപ്പെടുത്തിയാൽ ബൊമ്മനെയും ബെല്ലിയെയും പോലുള്ളവരുടെ ജീവിതം പ്രതിസന്ധിയിലാകുമെന്നും ഐശ്വര്യ ഭട്ടി ചൂണ്ടിക്കാട്ടി. ഈ അഭിപ്രായത്തോട് കോടതിയും യോജിച്ചു.
കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകൾക്ക് പുറമേ, സർക്കാരിന്റെ പരിഗണനയിലിരിക്കുന്ന വിജ്ഞാപനങ്ങൾ ഉൾപ്പെടുന്ന മേഖലകൾക്കുകൂടി ഇളവനുവദിക്കണമെന്നാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്.
കരട്, അന്തിമ വിജ്ഞാപനങ്ങൾ ഇറങ്ങിയ മേഖലകളിൽ ബഫർസോൺ വിധി നടപ്പാക്കുന്നതിൽനിന്ന് ഇളവനുവദിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യത്തെ പിന്തുണച്ചുകൊണ്ടാകും കേരളത്തിന്റെ വാദം. കേരളത്തിലെ 17 വന്യജീവി സങ്കേതങ്ങളുടെയും ആറ് ദേശീയ സംരക്ഷിത ഉദ്യാനങ്ങളുടെയും ബഫർസോൺ സംബന്ധിച്ച ശുപാർശ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കേരളം കൈമാറിയിട്ടുണ്ട്. സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാന്റിങ് കോൺസൽ നിഷേ രാജൻ ഷൊങ്കർ എന്നിവരാണ് കേരളത്തിനുവേണ്ടി ഹാജരാകുന്നത്.
കഴിഞ്ഞ വർഷം ജൂണിലാണ് ബഫർസോൺ വിധി പ്രഖ്യാപിച്ചത്. വിധിയിൽ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ അപേക്ഷയും അതിൽ ഇളവു തേടികൊണ്ടുള്ള കേരളത്തിന്റെ അപേക്ഷയുമാണ് കോടതി പരിഗണിച്ചത്. സമ്പൂർണ വിലക്ക് എന്നതു ശരിയായ തീരുമാനമല്ലെന്നും ജനങ്ങളുടെ ദൈന്യംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി തന്നെ ഭേദഗതി വരുത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. വ്യാഴാഴ്ച ഹർജികളിൽ വാദം തുടരും.
മറുനാടന് മലയാളി ബ്യൂറോ