- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാം; യു.പി മദ്രസ വിദ്യാഭ്യാസ നിയമം സുപ്രീംകോടതി ശരിവെച്ചു; നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി റദ്ദാക്കി പരമോന്നത കോടതി
മദ്രസകള്‍ക്ക് പ്രവര്‍ത്തിക്കാം
ന്യൂഡല്‍ഹി: 2004ലെ ഉത്തര്‍പ്രദേശ് മദ്രസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമം സുപ്രീംകോടതി ശരിവെച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി പരമോന്നത കോടതി റദ്ദാക്കിയിട്ടുണ്ട്. ഹൈകോടതി വിധിക്കെതിരെ വിവിധ മദ്രസാ മാനേജര്‍മാരുടെയും അധ്യാപകരുടെയും സംഘടനകളും മറ്റും നല്കിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.
ഹൈകോടതി വിധി നടപ്പാക്കുന്നത് ഏപ്രില്‍ അഞ്ചിന് സുപ്രീംകോടതി സ്റ്റേചെയ്തിരുന്നു. നിയമനിര്‍മാണത്തില്‍ മതപരമായ കാര്യങ്ങള്‍ ഉണ്ടായാല്‍ അത് ഭരണഘടന വിരുദ്ധമാകില്ലെന്ന് കോടതി വ്യക്തമാക്കി. മദ്രസകള്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവര്‍ത്തനം തുടരാമെന്നും കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ, ജസ്റ്റിസുമാരായ ജെ.ബി. പാര്‍ദീവാല, മനോജ് മിശ്ര എന്നിവരാണ് വിധി പ്രസ്താവിച്ച ബെഞ്ചിലുള്ളത്.
സംസ്ഥാന സര്‍ക്കാറിന് മദ്റസകളുടെ വിദ്യാഭ്യാസ നിലവാരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാമെന്നും എന്നാല്‍ ഭരണകാര്യങ്ങളില്‍ ഇടപെടരുതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കുട്ടികള്‍ക്ക് മതിയായ വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള സംസ്ഥാനത്തിന്റെ ക്രിയാത്മകമായ ബാധ്യതയുമായി നിയമം പൊരുത്തപ്പെടുന്നതാണെന്ന് ബെഞ്ച് ഉത്തരവില്‍ പറയുന്നു.
മദ്രസകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടംവഹിക്കാന്‍ ബോര്‍ഡുകളെ ശക്തിപ്പെടുത്താനാണ് 2004ല്‍ ഉത്തര്‍പ്രദേശ് മദ്റസാ വിദ്യാഭ്യാസ ബോര്‍ഡ് നിയമംകൊണ്ടുവന്നത്. അറബി, ഉറുദു, പേര്‍ഷ്യന്‍, ഇസ്ലാമികപഠനം, തത്ത്വശാസ്ത്രം, ബോര്‍ഡ് പറയുന്ന മറ്റുവിഷയങ്ങള്‍ എന്നിവയെ മദ്രസാ വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
എന്നാല്‍, നിയമം ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് ഹൈകോടതി റദ്ദാക്കിയത്. മദ്രസ വിദ്യാര്‍ഥികളെ ഔപചാരിക സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന സര്‍ക്കാറിനോട് ഹൈകോടതി ആവശ്യപ്പെട്ടിരുന്നു.